കോണ്‍ഗ്രസ് സഖ്യം പൂര്‍ണ്ണമായി തള്ളി സിപിഎം രാഷ്ട്രീയ പ്രമേയം

Wednesday 14 February 2018 2:30 am IST

ന്യൂദല്‍ഹി: കോണ്‍ഗ്രസുമായി സഖ്യം ചേരാനുള്ള ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നയരേഖ തള്ളിയതിന് പിന്നാലെ കോണ്‍ഗ്രസ് സഖ്യത്തെ എതിര്‍ത്ത് പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി സിപിഎം കരട് രാഷ്ട്രീയ പ്രമേയം പുറത്തിറക്കി. 

കോണ്‍ഗ്രസുമായി യാതൊരു വിധത്തിലുള്ള രാഷ്ട്രീയ സഖ്യങ്ങളും ഉണ്ടാകില്ലെന്ന് ഉറപ്പിക്കുന്ന സിപിഎം, ബിജെപിയെ അധികാരത്തില്‍ നിന്ന് ഇറക്കുന്നതിനായി വിശാല ഇടത് ഐക്യം കെട്ടിപ്പടുക്കുമെന്നും അവകാശപ്പെടുന്നു. കരട് പ്രമേയം എല്ലാ സംസ്ഥാന ഘടകങ്ങളും ചര്‍ച്ച ചെയ്ത ശേഷം അന്തിമ പ്രമേയം പ്രസിദ്ധീകരിക്കും. 

രാജ്യത്തെ രാഷ്ട്രീയ സാഹചര്യത്തെ ബിജെപി അവരിലേക്ക് കേന്ദ്രീകരിച്ചിരിക്കുകയാണ്. 29ല്‍ 19 സംസ്ഥാനങ്ങളും അവര്‍ ഭരണത്തിലെത്തിക്കഴിഞ്ഞു. മതേതര ജനാധിപത്യ ഭരണഘടനാ സംവിധാനങ്ങളെ ഹിന്ദുത്വ അജണ്ടയ്ക്ക് കീഴിലേക്ക് ആക്കിക്കൊണ്ടിരിക്കുകയാണ്. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ അമേരിക്കയുടെ സാമ്രാജ്യത്വ നയങ്ങള്‍ക്കനുസൃതമായി മുന്നോട്ടു പോകുന്നതിനെ പ്രതിരോധിക്കേണ്ടതുണ്ടെന്നും കരട് രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നു. 

ബിജെപിയുടെ അതേ രാഷ്ട്രീയ സ്വഭാവം വെച്ചുപുലര്‍ത്തുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. വന്‍കിടക്കാരുടെ മാത്രം താല്‍പ്പര്യങ്ങളാണ് കോണ്‍ഗ്രസ് സംരക്ഷിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ സ്വാധീനം അനുദിനം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. പാര്‍ലമെന്റിലടക്കം നിര്‍ണ്ണായക വിഷയങ്ങളില്‍ കോണ്‍ഗ്രസിനോടും മറ്റു പ്രാദേശിക പാര്‍ട്ടികളോടും ചേര്‍ന്ന് കേന്ദ്രസര്‍ക്കാരിനെ എതിര്‍ക്കണമെന്നും കരട് രാഷ്ട്രീയ പ്രമേയം ആവശ്യപ്പെടുന്നു. 

കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യം വേണമെന്ന ബംഗാള്‍ ഘടകത്തിന്റെയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടേയും നിലപാട് തള്ളിക്കുന്നതില്‍ കേരള ഘടകവും മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും കേന്ദ്രകമ്മറ്റിയില്‍ വിജയിച്ചിരുന്നു. പരസ്യ സഖ്യമെന്ന നിലപാട് പൂര്‍ണ്ണമായും നിരാകരിക്കുന്നതാണ് കരട് രാഷട്രീയ പ്രമേയം. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.