രോഹിത്തിന് സെഞ്ചുറി

Wednesday 14 February 2018 2:44 am IST

പോര്‍ട്ട് എലിസബത്ത്: ഫോമിലേക്ക് മടങ്ങിയെത്തിയ രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ സെഞ്ചുറി കരുത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സെടുത്തു. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 17 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 85 റണ്‍സെടുത്തിട്ടുണ്ട്. 26 റണ്‍സുമായി ഹാഷിം ആംലയും 16 റണ്‍സുമായി ഡേവിഡ് മില്ലറും ക്രീസില്‍. ക്യാപ്റ്റന്‍ മാര്‍ക്‌റാം (32), ഡുമ്‌നി (1), ഡിവില്ലിയേഴ്‌സ് (6) എന്നിവരാണ് പുറത്തായത്. 

സെഞ്ചുറി നേടിയ രോഹിത്ത് ശര്‍മ്മ 126 പന്തില്‍ നിന്ന് 11 ഫോറും രണ്ട് സിക്‌സറുമടക്കം 115 റണ്‍സെടുത്താണ് മടങ്ങിയത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 13ന് ശ്രീലങ്കയ്‌ക്കെതിരെ 208 റണ്‍സ് നേടിയ ശേഷം ആദ്യമായാണ് രോഹിത് ശര്‍മ്മ അര്‍ദ്ധസെഞ്ചുറിയോ സെഞ്ചുറിയോ നേടുന്നത്. ഇതിനിടയില്‍  അഞ്ച് ഇന്നിങ്‌സുകളില്‍ രോഹിത്തിന്റെ പ്രകടനം തീര്‍ത്തും മോശമായിരുന്നു.

എന്നാല്‍ ഇന്നലെ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് രോഹിത്ത് ബാറ്റ് ചെയ്തത്.  51 പന്തില്‍ അര്‍ദ്ധസെഞ്ചുറി നേടിയ ഹിറ്റ്മാന്‍ 107 പന്തില്‍ സെഞ്ചുറിയിലെത്തി. എട്ട് ഫോറും നാല് സിക്‌സും അടക്കമാണ് രോഹിത് തകര്‍പ്പന്‍ സെഞ്ചുറി അടിച്ചെടുത്തത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ  രണ്ടാമത്തെ സെഞ്ചുറിയും ഏകദിനത്തില്‍ രോഹിതിന്റെ 17-ാം സെഞ്ചുറിയുമാണിത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനയക്കപ്പെട്ട ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാരായ രോഹിത്തും ധവാനും ചേര്‍ന്ന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 48 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് കൂട്ടുകെട്ട് പിരഞ്ഞത്. 23 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത ധവാനെ റബാദയുടെ പന്തില്‍ ഫെലുക്വായോയ്ക്ക് ക്യാച്ച് നല്‍കി മടങ്ങി. പിന്നീട് രോഹിത്തും കോഹ്‌ലിയും ചേര്‍ന്ന് സ്‌കോര്‍ 115-ല്‍ എത്തിച്ചു. എന്നാല്‍ രോഹിത്തുമായുള്ള ആശയക്കുഴപ്പത്തിനിടെ 36 റണ്‍സെടുത്ത കോഹ്‌ലി റണ്ണൗട്ടായി. തുടര്‍ന്നെത്തിയ രഹാനെ (6) രോഹിത്തുമായുള്ള ആശയക്കുഴപ്പത്തിനിടെ റണ്ണൗട്ടായി. ഇതോടെ ഒന്നിന് 153 എന്ന നിലയില്‍ നിന്ന് 3ന് 176 എന്ന നിലയിലായി. തുടര്‍ന്നെത്തിയ ശ്രേയസ്സ് അയ്യരുമായി ചേര്‍ന്ന് രോഹിത് സ്‌കോര്‍ 236-ല്‍ എത്തിച്ചു. എന്നാല്‍ എന്‍ഗിഡിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്ലാസ്സന് പിടികൊടുത്ത് രോഹിത്ത് മടങ്ങിയതോടെ കൂറ്റന്‍ സ്‌കോറെന്ന സ്വപ്‌നം തകര്‍ന്നു. തുടര്‍ന്നെത്തിയ ഹാര്‍ദിക് പാണ്ഡ്യ ആദ്യ പന്തില്‍ തന്നെ മടങ്ങി. പിന്നീടെത്തിയവര്‍ക്കൊന്നും കാര്യമായ സംഭാവന നല്‍കാനായില്ല. 30 റണ്‍സ് നേടി ശ്രേയസ് അയ്യരും 17 പന്തില്‍ 13 റണ്‍സ് നേടി ധോണിയും മടങ്ങിയതോടെ 300 എന്ന സ്‌കോര്‍ ഇന്ത്യയുടെ സ്വപ്‌നമായി അവശേഷിച്ചു. ഭുവനേശ്വര്‍ 19 റണ്‍സെടുത്തും കുല്‍ദീപ് യാദവ് രണ്ട് റണ്‍സെടുത്തും പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി എന്‍ഗിഡി 51 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ പിഴുതു.

സ്‌കോര്‍ബോര്‍ഡ്

ഇന്ത്യ

ശിഖര്‍ ധവാന്‍ സി ഫെലുക്വായോ ബി റബാദ 34, രോഹിത്ത് ശര്‍മ്മ സി ക്ലാസ്സന്‍ ബി എന്‍ഗിഡി 115, വിരാട് കോഹ്‌ലി റണ്ണൗട്ട് (ഡുമ്‌നി) 36, രഹാനെ റണ്ണൗട്ട് 8, ശ്രേയസ്സ് അയ്യര്‍ സി ക്ലാസ്സന്‍ ബി എന്‍ഗിഡി 30, ഹാര്‍ദിക് പാണ്ഡ്യ സി ക്ലാസ്സന്‍ ബി എന്‍ഗിഡി 0, എം.എസ്. ധോണി സി മാര്‍ക്‌റാം ബി എന്‍ഗിഡി 13, ഭുവനേശ്വര്‍ നോട്ടൗട്ട് 19, കുല്‍ദീപ് യാദവ് നോട്ടൗട്ട് 2, എക്‌സ്ട്രാസ് 17, ആകെ 50 ഓവറില്‍ 7ന് 274. 

വിക്കറ്റ് വീഴ്ച: 1-48, 2-153, 3-176, 4-236, 5-236, 6-238, 7-265.

ബൗളിങ്: മോര്‍ക്കല്‍ 10-2-44-0, റബാദ 9-0-58-1, എന്‍ഗിഡി 9-1-51-4, ഫെലുക്വായോ 8-0-34-0, ഡുമ്‌നി 4-0-29-0, ഷംസി 10-0-48-0.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.