ഛത്തീസ്ഗഡ് സര്‍ക്കാരിന് സുപ്രീം കോടതിയുടെ ക്‌ളീന്‍ ചിറ്റ്

Wednesday 14 February 2018 2:30 am IST

റായ്പ്പൂര്‍:  അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഹെലിക്കോപ്ടര്‍ ഇടപാടു കേസില്‍ രമണ്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള ഛത്തീസ്ഗഡ് സര്‍ക്കാരിന് സുപ്രീം കോടതിയുടെ ക്‌ളീന്‍ ചിറ്റ്. സര്‍ക്കാരിനെ പൂര്‍ണ്ണമായും  കുറ്റവിമുക്തരാക്കിയ സുപ്രീം കോടതി ഇടപാടില്‍ മുഖ്യമന്ത്രിയുടെ മകന്‍  അഭിഷേക് സിങ്ങ് എന്തെങ്കിലും നേട്ടമുണ്ടാക്കിയെന്നു പറയുന്നതില്‍ ഒരു കഴമ്പുമില്ലെന്ന് വ്യക്തമാക്കി. 

2007ല്‍ സര്‍ക്കാരിനു വേണ്ടി അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കോപ്ടര്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്നായിരുന്നു ആരോപണം. അഡ്വ, പ്രശാന്ത് ഭൂഷണിന്റെ നേതൃത്വത്തിലുള്ള സ്വരാജ് അഭിയാനും  ഛത്തീസ്ഗഡിലെ പ്രതിപക്ഷ നേതാവ് ടിഎസ് സിങ്ങ്‌ദേവും ചേര്‍ന്നാണ് പൊതുതാല്പ്പര്യ ഹര്‍ജി നല്‍കിയത്. രമണ്‍ സിങ്ങിന്റെ മകന് കോപ്ടര്‍ ഇടപാടിലെ ഇടനിലക്കാരുമായി ബന്ധമുണ്ടെന്നും  ഇടപാടില്‍ നിന്ന് അഭിഷേക് സിങ്ങ് കോഴ വാങ്ങിയെന്നുമായിരുന്നു ആരോപണം. ഇടപാടില്‍ 65 ലക്ഷം നഷ്മുണ്ടായെന്ന സിഎജി റിപ്പോര്‍ട്ടും ഉള്‍പ്പെടുത്തിയാണ് കേസ് നല്‍കിയത്. തീരുമാനമെടുക്കുന്ന നടപടിയില്‍ വന്ന പിഴവിന്റെ  പേരില്‍, രാഷ്ട്രീയ എതിരാളിക്കെതിരെ വെറും ആരോപണം ചുമത്തുകയാണ്.ഹര്‍ജിയില്‍ ഒരു പൊതുതാല്പ്പര്യവുമില്ല. ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയല്‍,  ജസ്റ്റിസ് യുയു ലളിത് എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.

5246000  ഡോളറിന് കോപ്ടര്‍ നല്‍കാമെന്നാണ്  അഗസ്റ്റയുടെ ഇടനിലക്കാരായ കമ്പനി വ്യക്തമാക്കിയിരുന്നത്. എന്നാല്‍ കോപ്ടര്‍ പെട്ടെന്ന് വേണമെന്ന്ു പറഞ്ഞപ്പോള്‍ സ്വാഭാവികമായും നിരക്ക് കൂടി. ഇതല്ലാതെ മറ്റൊന്നും ഇടപാടില്‍ നടന്നിട്ടില്ല. കോടതി വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.