കൊച്ചിയെ നടുക്കിയ ദുരന്തങ്ങള്‍

Wednesday 14 February 2018 2:30 am IST

കൊച്ചി: കൊച്ചിന്‍ ഷിപ്പ് യാര്‍ഡും, റിഫൈനറിയും, ഫാക്ടും എല്ലാം ചേരുമ്പോഴാണ് കൊച്ചി കേരളത്തിന്റെ വ്യവസായ തലസ്ഥാനമാകുന്നത്. എന്നാല്‍  കൊച്ചിയിലെ വ്യവസായ കേന്ദ്രങ്ങള്‍ നേരിടുന്ന ഭീഷണികളിലൊന്നാണ് ഇന്നലെ ഷിപ്പ്‌യാര്‍ഡില്‍ ഉണ്ടായതുപോലുള്ള അഗ്നി ബാധകളും അപകടങ്ങളും.

 1984 മാര്‍ച്ച് എട്ടാം തീയതി അമ്പലമുകളിലെ കൊച്ചിന്‍ റിഫൈനറിയില്‍ 4 പേരുടെ ജീവനെടുത്ത സ്‌ഫോടനമായിരുന്നു കൊച്ചിയുടെ വ്യവസായ മേഖലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അപകടം. പുലര്‍ച്ചെ 5.30ന് കൊച്ചിയിലെ മുഴുവന്‍ ജനങ്ങളെയും ഉണര്‍ത്തുന്ന ശബ്ദത്തോടെയായിരുന്നു എണ്ണ ശുദ്ധീകരണ ശാലയിലെ  വിമാന ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചത്. ഇന്ത്യയുടെ എണ്ണ വ്യവസായ മേഖലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഗ്നിബാധകളിലൊന്നായിരുന്നു ഇത്. 14 പേര്‍ക്ക് അന്ന് സ്‌ഫോടനത്തില്‍ പരിക്കേറ്റിരുന്നു. വിമാന ഇന്ധന ടാങ്കില്‍ നിന്ന് നാഫ്താ ടാങ്കിലേക്ക്  തീ പടര്‍ന്നപ്പോള്‍   കേരളത്തിലെ മുഴുവന്‍ അഗ്നിശമന സേനാംഗങ്ങളുടെയും രണ്ട് ദിവസത്തെ പ്രയത്‌നം വേണ്ടി വന്നു തീ പൂര്‍ണ്ണമായുമണയ്ക്കാന്‍ . തൊട്ടടുത്തുള്ള എല്‍പിജി യൂണിറ്റിലേക്കു കൂടി അഗ്നിബാധയുണ്ടായിരുന്നെങ്കില്‍  ഒരു പ്രദേശത്തെ മുഴുവന്‍ അഗ്നിക്കിരയാക്കിയേക്കാമായിരുന്ന ദുരന്തത്തിന് കൊച്ചി സാക്ഷ്യം വഹിക്കേണ്ടി വന്നേനെ. എന്നാല്‍ അന്ന്  100 മീറ്റര്‍ ഉയരത്തില്‍ നേരെ ആകാശത്തിലേക്ക് തീ ജ്വാലകള്‍ ഉയര്‍ന്നപ്പോള്‍ ഒഴിവായത് വന്‍ ദുരന്തമാണ്. റിഫൈനറിയുടെ മുകളിലായി ഉയര്‍ന്ന് പൊങ്ങിയ കട്ടിയുള്ള കറുത്ത പുക 15 കിലോമീറ്റര്‍ അകലെയുള്ള കൊച്ചിയിലെ കെട്ടിടങ്ങള്‍ക്ക് മുകളില്‍ നിന്നാല്‍ പോലും ദൃശ്യമാകുമായിരുന്നു. സ്‌ഫോടനത്തില്‍ പ്രദേശത്തെ വീടുകള്‍ക്കും ദേവാലയങ്ങള്‍ക്കുമടക്കം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് അന്ന് ഉണ്ടായത്. 

200 ഓളം പേരെ ബാധിച്ച 1985 ലെ ഫാക്ട് വാതക ചോര്‍ച്ചയും,  കഴിഞ്ഞ വര്‍ഷം ജനുവരി 11 ാം തിയതി ബിപിസിഎല്‍ എല്‍പിജി  പ്ലാന്റില്‍ രണ്ട് പേരുടെ ജീവന്‍ എടുത്ത അഗ്നിബാധയുമെല്ലാം കൊച്ചിയിലെ വ്യവസായ കേന്ദ്രങ്ങള്‍ കണ്ട ദുരന്തങ്ങളില്‍ ചിലതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.