കോഴിക്കോട്ട് സമാധാന അന്തരീക്ഷം തകര്‍ത്ത് അക്രമങ്ങള്‍

Wednesday 14 February 2018 2:30 am IST

കോഴിക്കോട്: കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സമാധാന അന്തരീക്ഷം തകര്‍ത്ത്  സിപിഎം അക്രമങ്ങള്‍. കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലും ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ക്കും ഓര്‍ക്കാട്ടേരി, ഒഞ്ചിയം മേഖലകളില്‍ ആര്‍എംപി പ്രവര്‍ത്തകര്‍ക്കും നേരെയാണ് സിപിഎം അക്രമം. തുടര്‍ച്ചയായി രണ്ടു ദിവസങ്ങളിലായി നടന്ന അക്രമങ്ങളില്‍ നിരവധി വീടുകളും സ്ഥാപനങ്ങളും നശിപ്പിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. 

കൊയിലാണ്ടിയില്‍ യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് അഖില്‍ പന്തലായനിയുടെ വീട് ഉള്‍പ്പെടെ ആറോളം വീടുകളാണ് ഞായറാഴ്ച അര്‍ദ്ധരാത്രിയിലും തിങ്കളാഴ്ച പുലര്‍ച്ചെയുമായി തകര്‍ത്തത.് ഏഴു പേര്‍ക്ക് പരിക്കേറ്റു. കൊയിലാണ്ടി കാവുംവട്ടത്ത് തിങ്കളാഴ്ച രാത്രിയിലും സിപിഎം അക്രമമുണ്ടായി. കാവുംവട്ടത്ത് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയാണ് അക്രമമുണ്ടായത്. നടേരി കിഴക്കെ പറയച്ചാലില്‍ മീത്തല്‍ കുഞ്ഞിക്കേളപ്പന്റെ വീടാണ് അക്രമിച്ചത്. കുഞ്ഞിക്കേളപ്പന്റെ മകന്‍ സജിത്ത് ബിജെപി പ്രവര്‍ത്തകനാണ്. ആയുധങ്ങളുമായി സംഘടിച്ചെത്തിയ ഡിവൈഎഫ്‌ഐക്കാര്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ മുഴുവന്‍ അടിച്ച് തകര്‍ക്കുകയായിരുന്നു. 

കെ. ദാസന്‍ എംഎല്‍എയാണ് ഇവിടെ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്ന് അക്രമം നടന്ന വീടുകള്‍ സന്ദര്‍ശിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ആരോപിച്ചു. സിപിഎമ്മില്‍ നിന്നുള്ള കൊഴിഞ്ഞു പോക്ക് തടയുകയാണ് അക്രമങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. 

ഓര്‍ക്കാട്ടേരി, ഒഞ്ചിയം മേഖലകളിലെ സിപിഎം- ആര്‍എംപി സംഘര്‍ഷവുമായി ബന്ധപ്പെട്ട് അന്‍പതിലധികം പേര്‍ക്കെതിരെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. ഈ മേഖലയില്‍ വ്യാപക അക്രമമാണ് സിപിഎം അഴിച്ചുവിട്ടത്. മേഖലയില്‍ അക്രമം തുടരാന്‍ സാദ്ധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടുമുണ്ട്. സിപിഎം ഏകപക്ഷീയമായി അക്രമം  അഴിച്ചുവിടുകയാണെന്ന് ആര്‍എംപി ആരോപിക്കുന്നു. അക്രമം കൊണ്ട് ആര്‍എംപിയെ ഇല്ലാതാക്കാനാകില്ലെന്ന് ആര്‍എംപി കേന്ദ്രകമ്മിറ്റി അംഗം കെ.കെ. രമ പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.