മകന്റെ മുഖം ഒരു നോക്ക് കാണാനാവാതെ അവര്‍

Wednesday 14 February 2018 2:52 am IST

തൃപ്പൂണിത്തുറ: കുളിച്ചൊരുങ്ങി  വീട്ടില്‍ നിന്നിറങ്ങിയ മകന്‍ തിരിച്ചെത്തുന്നതും കാത്തിരിക്കുകയായിരുന്നു അച്ഛന്‍ വേലുവും അമ്മ അമ്മിണിയും. പക്ഷേ, അവന്‍ തിരിച്ചുവന്നത് പൊള്ളിക്കരിഞ്ഞ മുഖവുമായി. മകന് അവസാനമായി ഒരു സ്‌നേഹ ചുംബനം നല്‍കാന്‍ പോലും അവര്‍ക്കായില്ല. കൊച്ചി കപ്പല്‍ശാലയിലെ ദുരന്തത്തില്‍ മരിച്ച എരൂര്‍ കോഴിവെട്ടുംവെളി കണ്ണന്റെ (44) അച്ഛനും അമ്മയ്ക്കുമുണ്ടായ ദുരിതം ഇനിയാര്‍ക്കുമുണ്ടാകരുതേ എന്ന പ്രാര്‍ത്ഥനയിലാണ് നാട്. 

വളര്‍ത്തി വലുതാക്കിയ മകന്റെ മുഖം അവസാനമായി ഒരു നോക്ക് കാണാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. വാതകച്ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ പൊട്ടിത്തെറിയില്‍ കണ്ണന്റെ ശരീരവും മുഖവുമാകെ പൊള്ളിക്കരിഞ്ഞു. മൃതദേഹം വീട്ടിലെത്തിക്കുമ്പോള്‍ കണ്ണന്റെ മുഖത്ത് മാസ്‌ക്കുണ്ടായിരുന്നു. മകന്റെ ചേതനയറ്റ ശരീരം കണ്ടതോടെ അവര്‍ വാവിട്ടു കരഞ്ഞു. കണ്ണന്റെ ഭാര്യ മായ, മക്കളായ സഞ്ജന, സംജിത്ത് എന്നിവരും പൊട്ടിക്കരഞ്ഞതോടെ നാടാകെ കണ്ണീരിലായി. 

കണ്ണന്റെ മരണവിവരമറിഞ്ഞ് എത്തുന്ന കൂട്ടുകാര്‍ക്ക് മുന്നിലും അച്ഛനും അമ്മയും വിങ്ങിപ്പൊട്ടി. ഒരു അച്ഛനും അമ്മയ്ക്കും ഇനി ഈ ഗതിവരരുതേ എന്നായിരുന്നു അവരുടെ പ്രാര്‍ത്ഥന. 

ഇത് കണ്ണന്റെ കുടുംബത്തിന്റെ മാത്രം കാര്യമല്ല. കപ്പല്‍ശാലാ ദുരന്തത്തില്‍ മരിച്ച എല്ലാവരുടെയും കുടുംബത്തിന്റെയും അവസ്ഥ ഇതുതന്നെ. മരിച്ച എല്ലാവരുടെയും ശരീരമാകെ പൊള്ളിക്കരിഞ്ഞിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.