എന്‍എച്ച് ബൈപ്പാസ് റോഡ് നിര്‍മ്മാണം ഉടന്‍ ആരംഭിക്കണം: ചേമ്പര്‍

Wednesday 14 February 2018 2:08 am IST

 

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാകാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ കണ്ണൂരിലെയും പരിസരങ്ങളിലെയും ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് റോഡ് വികസനം ത്വരിതപ്പെടുത്തണമെന്ന് നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ കോമേഴ്‌സ് റോഡ്‌സ് കമ്മറ്റി സര്‍ക്കാറിനോടാവശ്യപ്പെട്ടു. വിമാനത്താവളം സെപ്തംബറില്‍ യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കുന്നതോടെ ജില്ലയിലെ എല്ലാ പ്രധാന റോഡുകളും വാഹനനിബിഡമാകുമെന്നതിന് സംശയമില്ല. നഗരറോഡുകളെല്ലാം ഗതാഗതക്കുരുക്കില്‍ അകപ്പെടും. ഇത് മുന്‍കൂട്ടിക്കണ്ട് അടിയന്തിര പരിഹാരമെന്ന നിലയില്‍ നിലവിലുള്ള റോഡുകളെല്ലാം ടാറിങ്ങ് ഏരിയ പരമാവധി വീതികൂട്ടി റോഡ് വികസിപ്പിക്കണം. ദേശീയ പാതയില്‍ കല്യാശ്ശേരിയില്‍ നിന്നാരംഭിച്ച് ചാലക്കുന്നില്‍ അവസാനിക്കുന്ന 17 കിലോമീറ്റര്‍ ബൈപ്പാസ് റോഡിന്റെ പ്രവര്‍ത്തനം യുദ്ധകാലാടിസ്ഥാനത്തില്‍ ആരംഭിക്കണം. കണ്ണൂര്‍ നഗരത്തിലെയും മേലേ ചൊവ്വയിലെയും ഗതാഗതക്കുരുക്കിന് ബൈപ്പാസ് വരുന്നതോടെ പരിഹാരമാകും.

ഉത്തരമലബാറില്‍ നാഷണല്‍ ഹൈവേയില്‍ നാല് ബൈപ്പാസുകളാണ് പ്രവൃത്തി തുടങ്ങേണ്ട ഘട്ടത്തില്‍ എത്തിനില്‍ക്കുന്നത്. പയ്യന്നൂരില്‍ പെരുമ്പ-വെള്ളൂര്‍ അഞ്ച് കിമീ, തളിപ്പറമ്പില്‍ കുറ്റിക്കോല്‍-കുപ്പം 6 കിമീ, കണ്ണൂരില്‍ കല്യാശ്ശേരി-കിഴുത്തള്ളി 17 കിമീ, തലശ്ശേരിയില്‍ മുഴപ്പിലങ്ങാട്-അഴിയൂര്‍ 17 കിമീ എന്നിവയാണിവ. ഇവിടങ്ങളിലെ ഭൂമി ഏറ്റെടുക്കാനുള്ള ചെറിയ പ്രശ്‌നങ്ങള്‍ ഏറെക്കുറെ പരിഹരിച്ചതായാണ് അറിയുന്നത്. കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ഈ ബൈപ്പാസുകളുടെ നിര്‍മ്മാണ മേല്‍നോട്ടം വഹിക്കേണ്ടുന്ന ദേശീയപാതാ അതോറിറ്റിയുടെ പ്രൊജക്ട് ഇംപ്ലിമെന്റേഷന്‍ ഓഫീസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് കോഴിക്കോടാണ്. ഇത് അടിയന്തിരമായി കണ്ണൂരിലേക്ക് മാറ്റി സ്ഥാപിക്കുകയും പ്രത്യേകം പ്രൊജക്ട് ഡയരക്ടറെ നിയമിക്കുകയും ചെയ്യണമെന്ന് ചേമ്പര്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡണ്ട് കെ.ത്രിവിക്രമന്‍ അധ്യക്ഷത വഹിച്ചു. റോഡ്‌സ് കമ്മറ്റി ചെയര്‍മാന്‍ കെ.ഹരീന്ദ്രന്‍ പ്രൊജക്ട് നിര്‍ദ്ദേശങ്ങള്‍ വിശദീകരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.