സിപിഎം അസഹിഷ്ണുത: ജില്ലയിലെ സമാധാന യോഗങ്ങള്‍ വഴിപാടാകുന്നു

Wednesday 14 February 2018 2:14 am IST

 

കണ്ണൂര്‍: ജില്ലയില്‍ ശാശ്വത സമാധാനം നിലനിര്‍ത്താനായി നടക്കുന്ന സമാധാന യോഗങ്ങള്‍ വഴിപാടാകുന്നു. ചിറ്റാരിപ്പറമ്പ് കണ്ണവത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്യാംപ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ എടയന്നൂരില്‍ ഭരണകക്ഷിയായ സിപിഎമ്മുകാര്‍ തന്നെ എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയതിലൂടെ ഇതാണ് തെളിയുന്നത്.

 ഭരണകക്ഷിയായ സിപിഎം ജില്ലയില്‍ സമാധാനം ആഗ്രഹിക്കുന്നില്ലെന്നത് ഇന്നലത്തെ കൊലപാതകത്തോടെ സിപിഎം ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ഭരണത്തിലെത്തിയ ശേഷം ജില്ലയില്‍ സംഘപ്രസ്ഥാനങ്ങള്‍ക്ക് മാത്രം നഷ്ടപ്പെട്ടത് 6 പ്രവര്‍ത്തകരെയാണ്. തില്ലങ്കേരിയില്‍ ബിനീഷ്, പിണറായിയില്‍ രമിത്, അണ്ടല്ലൂര്‍ സന്തോഷ്, പയ്യന്നൂരിലെ കെ.സി.രാമചന്ദ്രന്‍, രാമന്തളിയിലെ ബിജു, കണ്ണവത്തെ ശ്യാപ്രസാദ് എന്നിവരേയാണ് സംഘപ്രസ്ഥാനങ്ങള്‍ക്ക് നഷ്ടപ്പെട്ടത്. 

കൂടാതെ നിരവധി പ്രവര്‍ത്തകരെ കൊല്ലാക്കൊല ചെയ്ത് ഒരിക്കലും ജീവിതത്തിലേക്ക് തിരിച്ചുവരാത്ത നിലയില്‍ മൃതപ്രായരാക്കി. സംഘപ്രവര്‍ത്തകരുടെ നൂറുകണക്കിന് വീടുകള്‍, നിരവധി കാര്യാലയങ്ങള്‍ തുടങ്ങിയവ അഗ്നിക്കിരയാക്കുകയും അടിച്ചു തകര്‍ക്കുകയും ചെയ്തു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സിപിഎം അക്രമങ്ങളില്‍ സംഘപ്രസ്ഥാനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കുമുണ്ടായത്. ജീവിതകാലം മുഴുവന്‍ ചോരനീരാക്കി ഉണ്ടാക്കിയ വീടുകള്‍ നിര്‍ദ്ദാക്ഷിണ്യം സിപിഎം സംഘം നശിപ്പിക്കുകയുണ്ടായി. സംഘപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനം ഇല്ലായ്മചെയ്യാന്‍ നിരവധി പേരെ കളളക്കേസുകള്‍ ചുമത്തി ജയിലിലടച്ചു. ഇത് ഇപ്പോഴും നിര്‍ബാധം തുടരുകയാണ്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.