ആയുധം താഴെ വെയ്ക്കാതെ സിപിഎം : അധികാര തണലില്‍ കണ്ണൂരില്‍ വീണ്ടും കൊലപാതകം

Wednesday 14 February 2018 2:22 am IST

 

കണ്ണൂര്‍: കണ്ണൂരില്‍ ആയുധം താഴെ വെക്കാതെ സിപിഎം. അധികാരത്തണലില്‍ ജില്ലയില്‍ വീണ്ടും സിപിഎമ്മിന്റെ നേതൃത്വത്തില്‍ കൊലപാതകം. അധികാരത്തിലെത്തി രണ്ട് വര്‍ഷം തികയും മുമ്പ് അഞ്ച് സംഘപരിവാര്‍ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സിപിഎം കൊലപാതക സംഘം തിങ്കളാഴ്ച രാത്രി യൂത്ത് കോണ്‍ഗ്രസ് കീഴല്ലൂര്‍ മണ്ഡലം പ്രസിഡന്റായിരുന്ന എടയന്നൂര്‍ സ്‌കൂള്‍ പറമ്പത്ത് ഹൗസില്‍ ഷുഹൈബാ(30)നെ വെട്ടിക്കൊലപ്പെടുത്തിക്കൊണ്ട് അര നൂറ്റാണ്ടിലധികമായി കണ്ണൂരില്‍ പിന്തുടര്‍ന്നു വരുന്ന കൊലപാതക രീതി സിപിഎം അവസാനിപ്പിക്കാന്‍ തയ്യാറല്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്. 

കമ്മ്യൂണിസ്റ്റ് ഇതര പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വസിക്കുകയും ഇതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രസ്ഥാനങ്ങളേയും വ്യക്തികളേയും ഇല്ലായ്മ ചെയ്യുകയെന്ന ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകവും കാണിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇയാള്‍ക്കെതിരെ കൊലവിളി നടത്തിയ ശേഷമാണ് കൊലപാതകം നടത്തിയിരിക്കുന്നത് എന്നത് ജില്ലയില്‍ സിപിഎം നടത്തിയ എല്ലാ കൊലപാതകങ്ങളും പോലെ വളരെ ആസൂത്രിതമായി ഉന്നതനേതൃത്വത്തിന്റെ അറിവോടെ കൊലപാതകം നടത്തിയതെന്ന് വ്യക്തമാണ്.

പുതിയ വര്‍ഷം പിറന്ന് ഒന്നരമാസം തികയും മുമ്പേ രണ്ട് കൊലപാതകങ്ങളാണ് സിപിഎം ഭരണത്തില്‍ ജില്ലയിലുണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസം 19 ന് കണ്ണവത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനായ ശ്യാംപ്രസാദിനെ പോപ്പ്ഫ്രണ്ട്-എസ്ഡിപിഐ സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ കൊലപാതകക്കേസിലെ പ്രതികളുമായും സിപിഎമ്മിന് രഹസ്യമായ ബന്ധമുണ്ടെന്ന ആരോപണം നിലനില്‍ക്കുകയാണ്. ഇതിനു പിന്നാലെയാണ് എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയിക്കുന്നത്. എന്നെല്ലാം സിപിഎം സംസ്ഥാനത്ത് അധികാരത്തിലെത്തിയിട്ടുണ്ടോ അന്നെല്ലാം കണ്ണൂരില്‍ കമ്മ്യൂണിസ്റ്റ് ഇതര രാഷ്ട്രീയക്കാരെ കൊലപ്പെടുത്തിയും അക്രമിച്ചും ഭീഷണിപ്പെടുത്തിയും പോലീസിനെ സ്വന്തം ചോല്‍പ്പടിക്ക് നിര്‍ത്തിയ ചരിത്രമാണ് സിപിഎമ്മിനുളളത്. 86 ഓളം സംഘപ്രവര്‍ത്തകരേയും സിപിഐക്കാരനെ ഉള്‍പ്പെടെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ നാല്‍പ്പതിലധികം പ്രവര്‍ത്തകരേയും സിപിഎം ജില്ലയില്‍ മാത്രം കഴിഞ്ഞ കാലങ്ങളില്‍ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തുകയുണ്ടായി. 

പുറമേ ന്യൂനപക്ഷപ്രേമം പ്രസംഗിക്കുകയും ന്യനപക്ഷ വിഭാഗങ്ങളെ കൂടെനിര്‍ത്താന്‍ കുതന്ത്രങ്ങള്‍ പയറ്റുകയും ചെയ്യുന്ന സിപിഎം വിവിധ പാര്‍ട്ടികളിലെ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട പത്തോളം പ്രവര്‍ത്തകരെയും കഴിഞ്ഞ കാലങ്ങളില്‍ കൊലപ്പെടുത്തുകയുണ്ടായി. സംഘപരിവാര്‍ സംഘടനകളാണ് ജില്ലയിലെ അക്രമങ്ങള്‍ക്ക് ഉത്തരവാദിയെന്ന് ആവര്‍ത്തിച്ച് ആരോപിക്കുമ്പോഴും ജില്ലയില്‍ നടക്കുന്ന എല്ലാ അക്രമങ്ങളിലും സിപിഎം ഒരുവശത്തും ഇതര സംഘടനകള്‍ മറുവശത്തും എന്നതാണ് യാഥാര്‍ത്ഥ്യം. ജില്ലയിലെ അക്രമങ്ങളുടെ യഥാര്‍ത്ഥ കാരണക്കാര്‍ ആരാണെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകത്തോടെ വ്യക്തമായിരിക്കുകയാണ്. യോഗങ്ങളില്‍ സമാധാനത്തിന് വേണ്ടി വാതോരാതെ പ്രസംഗിക്കുകയും ഇതിനുശേഷം നാടുനീളെ അക്രമങ്ങളും കൊലപാതകങ്ങളും നടത്തുകയെന്നതും സിപിഎമ്മിന്റെ പതിവ് ശൈലിയാണ്. ഏറ്റവുമൊടുവില്‍ നടന്ന സര്‍വ്വകക്ഷി സമാധാന ആഹ്വാനത്തിന് യാതൊരു വിലയുമില്ലെന്നും പാര്‍ട്ടി കണ്ണൂരില്‍ സമാധാനം ആഗ്രഹിക്കുന്നില്ലെന്നും ഇന്നലെ നടന്ന കൊലപാതകത്തിലൂടെ സിപിഎം നേതൃത്വം ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണ്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.