ആശുപത്രി ബില്‍ അടച്ചില്ല; നവജാതശിശുവിനെ മാസങ്ങളോളം തടഞ്ഞുവച്ചു

Wednesday 14 February 2018 9:23 am IST

ലൈബ്രെവില്‍: ആശുപത്രി ബില്‍ അടയ്ക്കാത്തതിന്റെ പേരില്‍ നവജാതശിശുവിനെ മാസങ്ങളോളം സ്വകാര്യ ആശുപത്രിയില്‍ തടഞ്ഞുവച്ചു. ആഫ്രിക്കന്‍ രാജ്യമായ ഗാബോണിലാണ് മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. കുഞ്ഞിന്റെ മാതാപിതാക്കളുടെ ദുരനുഭവം കണ്ടു രാജ്യം കൈകോര്‍ത്തതോടെ കുഞ്ഞിനെ വിട്ടുകിട്ടാനുള്ള വഴി തെളിയുകയായിരുന്നു.

മാസം തികയാതെ ജനിച്ച എയ്ഞ്ചല്‍ എന്ന പെണ്‍കുഞ്ഞിനെയാണ് അഞ്ച് മാസത്തോളം ആശുപത്രിയില്‍ തടഞ്ഞുവച്ചത്. പിറന്നു ശേഷം 35 ദിവസത്തോളം കുഞ്ഞ് ഇന്‍ക്യൂബേറ്ററിലായിരുന്നു. ചികിത്സയ്‌ക്കൊടുവില്‍ ക്ലിനിക് അധികൃതര്‍ 3,630 ഡോളര്‍ (2.33 ലക്ഷം രൂപ) ബില്‍ അടയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ആശുപത്രി ബില്‍ അടയ്ക്കാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കാതിരുന്നതോടെ കുഞ്ഞിനെ വിട്ടുനല്‍കാന്‍ ആശുപത്രി അധികൃതര്‍ വിസമ്മതിക്കുകയായിരുന്നു. 

മാതാപിതാക്കളുടെ ദുരനുഭവം മാധ്യമശ്രദ്ധ നേടിയതോടെ രാജ്യം ഒന്നോടെ ബില്ലിനുള്ള പണം സമാഹരിക്കാന്‍ കൈകോര്‍ത്തു. ഗാബോണ്‍ പ്രസിഡന്റ് അലി ബോംഗോ അടക്കമുള്ളവര്‍ ഇതിനായി സംഭവന നല്‍കി. ഒടുവില്‍ ബില്‍ അടച്ചതോടെ കുഞ്ഞുമായി വീട്ടില്‍ പോകാന്‍ ക്ലിനിക് അധികൃതര്‍ അനുവാദം നല്‍കുകയായിരുന്നുവെന്ന് അമ്മ സോണിയ പറഞ്ഞു. 

ക്ലിനിക്കിന്റെ ഡയറക്ടറെ തട്ടിക്കൊണ്ടുപോകല്‍ കുറ്റം ചുമത്തി അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് വിട്ടയച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.