മിനിമം ബസ് ചാര്‍ജ് ഇനി 8 രൂപ; അപര്യാപ്തമെന്ന് ബസുടമകള്‍

Wednesday 14 February 2018 10:35 am IST

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂട്ടി.  മിനിമം ചാര്‍ജ് ഏഴ് രൂപയില്‍ നിന്ന് എട്ട് രൂപയായാണ് കൂട്ടിയത്. രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗം ബസ് ചാര്‍ജ് വര്‍ധനവ് അംഗീകരിച്ചു. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ 25 ശതമാനമായി തുടരും.

ബസ് ചാര്‍ജ് കൂട്ടാന്‍ ഇടതുമുന്നണി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. ഇത് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. ഓര്‍ഡിനറി, സ്വകാര്യ ബസുകളിലെ മിനിമം നിരക്ക് 7 രൂപയില്‍ നിന്ന് 8 രൂപയാക്കും. ഫാസറ്റ് പാസഞ്ചറിന്റെ മിനിമം നിരക്ക് 10 രൂപയില്‍ നിന്ന് 11 ആകും. എക്സിക്യൂട്ടീവ് സൂപ്പര്‍ എക്സ്പ്രസിന്റെ നിരക്ക് 13 നിന്ന് 15 ഉം, സൂപ്പര്‍ ഡീലക്സ് സെമി സ്ലീപ്പര്‍ നിരക്ക് 20 നിന്ന് 22 ഉം, ലക്ഷ്വറി എസി ബസ് നിരക്ക് 40 നിന്ന് 44 ആകും. വോള്‍വോയുടെ മിനിമം നിരക്ക് 40 നിന്ന് അഞ്ച് രൂപ വര്‍ധിച്ച്‌ 45രൂപയാക്കാനും തീരുമാനമായി.

ഈ മാസം പതിനാറാം തീയതി മുതല്‍ ബസ്സുടമകള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തിലാണ് ഇടതുമുന്നണി യോഗം ചേര്‍ന്ന് ബസ് ചാര്‍ജ് വര്‍ധനവിന് അംഗീകാരം നല്‍കിയത്. എന്നാല്‍ വര്‍ധനവ് അപര്യാപ്തമാണെന്നും സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നും ബസുടമകള്‍ അറിയിച്ചു.  

നിലവിലെ ചെലവുകള്‍ക്ക് അനുസൃതമായുള്ള നിരക്ക് വര്‍ദ്ധനയല്ല നടപ്പിലാക്കിയതെന്നും, വിദ്യാര്‍ത്ഥികളുടെ നിരക്ക് വര്‍ദ്ധിപ്പിച്ചില്ലെന്നും ബസുടമകളുടെ പ്രതിനിധികള്‍ കുറ്റപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.