ബിജെപിയുടെ പുതിയ ദേശീയ ആസ്ഥാനത്ത് ഞായറാഴ്ച പ്രവേശനം

Wednesday 14 February 2018 4:13 pm IST

ന്യൂദല്‍ഹി: ബിജെപി ദേശീയ ആസ്ഥാനത്തിന്റെ പുതിയ കെട്ടിടത്തില്‍ ഞായറാഴ്ച പ്രവേശം. ദീനദയാല്‍ ഉപാദ്ധ്യായ മാര്‍ഗ്ഗിലാണ് പുതിയ കെട്ടികം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടകന്‍. ചടങ്ങ് വലിയ ആഘോഷമാക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. ന്യൂദല്‍ഹി റെയില്‍വേ സ്‌റ്റേഷന്‍, കൊണാട്‌പ്ലേസ് മേഖലയിലാണ് പുതിയ ഓഫീസ്. 

നിലവില്‍ അശോകാ റോഡിലെ പതിനൊന്നാം നമ്പര്‍ ഓഫീസ് കുറച്ചുനാള്‍കൂടി തുടരും. സര്‍ക്കാര്‍ എല്ലാ പ്രമുഖ പാര്‍ട്ടികള്‍ക്കും പാര്‍ട്ടി ആസ്ഥാനം നിര്‍മ്മിക്കാന്‍ സ്ഥലം അനുവദിച്ചിട്ട് 11 വര്‍ഷമായി. ബിജെപി മാത്രമാണ് പാര്‍ട്ടി ആസ്ഥാന മന്ദിരം ഇതുവരെ സ്വന്തമായി നിര്‍മ്മിച്ചത്.

എംപിമാര്‍ക്കും മന്ത്രിമാര്‍ക്കും സര്‍ക്കാര്‍ സൗകര്യങ്ങള്‍ക്കുമായി നഗര ഹദയത്തിലുള്ള കെട്ടിടങ്ങളാണ് പാര്‍ട്ടി ഓഫീസുകള്‍ക്ക് വിട്ടുകൊടുത്തിട്ടുള്ളത്. തുച്ഛാമായ വാടക ഈടാക്കി പാര്‍ട്ടിള്‍ക്ക് സൗകര്യം ഒരുക്കുമ്പോള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് വന്‍ തുക വാടക നല്‍കി സ്വകാര്യ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടി വരുന്നു. ഈ പ്രശ്‌നം ഉയര്‍ത്തി പാര്‍ട്ടി ഓഫീസുകള്‍ക്ക് പ്രത്യേക സ്ഥലം അനുവദിക്കണമെന്ന് വാജ്‌പേയി സര്‍ക്കാരിന്റെ കാലത്താണ് തീരുമാനമെടുത്തത്. സ്ഥലം അനുവദിച്ചത് കൈപ്പറ്റിയെങ്കിലും മറ്റു പാര്‍ട്ടികളൊന്നും കെട്ടിട നിര്‍മ്മാണത്തെക്കുറിച്ച് ആലോചിച്ചിട്ടു പോലുമില്ല. 

ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ അധ്യക്ഷതയില്‍ നരേന്ദ്രമോദി ഞായറാഴ്ച മന്ദിരം ഉദ്ഘാടനം ചെയ്യും. രണ്ടേക്കറില്‍ അഞ്ചുനിലയിലാണ് കെട്ടിടം. രണ്ടു സമ്മേളനഹാളുണ്ട്. 70 മുറികളുണ്ട്. ഭാരവാഹികള്‍ക്ക് പ്രത്യേകം മുറികളുള്‍പ്പെടെ 45 എണ്ണം ഓഫീസ് ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കും. പത്രസമ്മേളനത്തിന് പ്രതേകഹാളുള്‍പ്പെടെ, ലൈബ്രറി, എട്ട് ചെറിയഹാളുകള്‍ കെട്ടിടത്തിലുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന നേതാക്കള്‍ക്ക് ആവശ്യമെങ്കില്‍ താമസിക്കാന്‍ 25 മുറികളുണ്ട്. 

ദേശീയാധ്യക്ഷന്റെ ഓഫീസ് ഏറ്റവും മുകളിലത്തെ നിലയിലാണ്. ആദ്യത്തെ രണ്ടുനിലകളിലാണ് സമ്മേളന ഹാളുകളും പത്രസമ്മേളന സംവിധാനവും ലൈബ്രറിയും. 450 പേര്‍ക്കിരിക്കാവുന്നതാണ് വലിയ ഹാള്‍. ചെറുതില്‍ 150 പേര്‍ക്കും. പത്ത് ഹൈസ്പീഡ് എലവേറ്ററുകള്‍, വീഡിയോ കോണ്‍ഫറന്‍സിങ്, വൈഫൈ തുടങ്ങിയ സംവിധാനങ്ങളുമുണ്ട്.

ഒന്നരവര്‍ഷം കൊണ്ടാണ് പണിപൂര്‍ത്തിയാക്കിയത്. കയറിച്ചെല്ലുമ്പോള്‍ താഴെ പൂമുഖത്ത് ദീന്‍ ദയാല്‍ ഉപാധ്യായയുടെ പ്രതിമയും പാര്‍ട്ടി മുന്‍ ദേശീയ അധ്യക്ഷന്മാരുടെ ഫോട്ടോകളും. സ്വാഭാവിക വെളിച്ചം ലഭിക്കും വിധമാണ് മുറികള്‍. മേല്‍ക്കൂരയില്‍ സൗരോര്‍ജ പാനലുകള്‍. വിശാലമായ പാര്‍ക്കിങ് സൗകര്യവും ഉണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.
TAGS:BJP AMITHSHA NARENDRAMODI NEW OFFICE