ചെലവു ചുരുക്കല്‍ പ്രഖ്യാപനത്തില്‍ മാത്രം; മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വിമാന യാത്രാ ചെലവിന്റെ പരിധി നീക്കി

Thursday 15 February 2018 2:45 am IST

കൊല്ലം: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്ത് ചെലവ് ചുരുക്കണമെന്നത് പ്രഖ്യാപനത്തില്‍ മാത്രം. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വിമാന യാത്രയ്ക്ക് ചെലവഴിക്കാവുന്ന തുകയുടെ പരിധി നീക്കി ധനമന്ത്രാലയം  പുതിയ ഉത്തരവ് ഇറക്കി.  

2016ല്‍ പരിഷ്‌കരിച്ച ഉത്തരവാണ് സര്‍ക്കാര്‍ വീണ്ടും പുതുക്കിയത്. എയര്‍ ഇന്ത്യ വിമാനത്തിലെ ഇക്കോണമി ക്ലാസ് യാത്രാകൂലിക്ക് തുല്യമായ തുകയ്ക്ക് സ്വകാര്യ കമ്പനികളുടെ വിമാനത്തില്‍ ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് 2016ല്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നു. 

ഈ ഉത്തരവാണ് വീണ്ടും പരിഷ്‌കരിച്ചത്. ഇതു പ്രകാരം സ്വകാര്യ കമ്പനികളുടെ വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ടിക്കറ്റ് നിരക്ക് കൂടാതെ ഭക്ഷണ പാനീയങ്ങള്‍, സീറ്റ് മുന്‍ഗണന, അധിക ലഗേജ് ചാര്‍ജ് എന്നിവയ്ക്കായി ചെലവഴിക്കുന്ന തുക കൂടി യാത്രാ ചെലവില്‍ ഉള്‍പ്പെടുത്താം.

ചില വിമാനക്കമ്പനികള്‍ ബില്‍ നല്‍കുമ്പോള്‍ ടിക്കറ്റ് നിരക്ക് മാത്രമാണ് നല്‍കുന്നത്. അധിക ചെലവുകള്‍ക്ക് വേറെ ബില്‍ നല്‍കുന്നു. ഇത് അനുവദിക്കുന്നതിന് തടസ്സമുള്ളതിനാലാണ് പരിഷ്‌കരണമെന്നും ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി മനോജ് ജോഷി  ഉത്തരവില്‍ വിശദീകരിക്കുന്നു. 

എന്നാല്‍ പല ഉദ്യോഗസ്ഥരും സമര്‍പ്പിക്കുന്ന ബില്‍ എയര്‍ ഇന്ത്യാ വിമാന യാത്രാനിരക്കിനേക്കാള്‍ അധികമാണ്. പരിഷ്‌കരിച്ച ഉത്തരവോടെ ഉദ്യോഗസ്ഥന്മാര്‍ എയര്‍ ഇന്ത്യ യാത്ര ഉപേക്ഷിച്ച് കൂടുതല്‍ സൗകര്യമുള്ള സ്വകാര്യ വിമാനകമ്പനികളെ ആശ്രയിക്കും. ഇത് സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യതയാകും വരുത്തുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.