മജിസ്‌ട്രേറ്റിന്റെ ആത്മഹത്യയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടരാം

Thursday 15 February 2018 2:45 am IST

കൊച്ചി : കാസര്‍കോട് ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് വികെ ഉണ്ണികൃഷ്ണന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ക്രൈംബ്രാഞ്ച്  അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത  ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണം  പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് ബന്ധപ്പെട്ട  സമര്‍പ്പിക്കണം. ആവശ്യമെങ്കില്‍ ഹര്‍ജിക്കാരന് മറ്റൊരു ഘട്ടത്തില്‍ ഈ ആവശ്യവുമായി വീണ്ടും കോടതിയെ സമീപിക്കാമെന്നും വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

സിബിഐ  അന്വേഷണം തേടി പിതാവ് വിഎസ് കണ്ടക്കുട്ടി നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് സിംഗിള്‍ബെഞ്ചിന്റെ വിധി. 2016 നവംബര്‍ ഒമ്പതിനാണ് ഉണ്ണികൃഷ്ണനെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കാസര്‍കോട് സുള്ളിയില്‍ പോലീസിനെയും ഓട്ടോ ഡ്രൈവറെയും മര്‍ദിച്ചെന്നാരോപിച്ച് ഉണ്ണികൃഷ്ണനെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. സംഭവത്തെത്തുടര്‍ന്ന് ഉണ്ണികൃഷ്ണനെ ഹൈക്കോടതി ഭരണ വിഭാഗം മജിസ്‌ട്രേട്ട് പദവിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

ഇതിന് പിന്നാലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉണ്ണികൃഷ്ണന്‍ മനോവിഷമം കാരണം ആത്മഹത്യ ചെയ്‌തെന്ന തരത്തിലാണ് അന്വേഷണം നടക്കുന്നതെന്ന് പിതാവിന്റെ ഹര്‍ജിയില്‍ ആരോപിക്കുന്നു.  ഉണ്ണികൃഷ്ണന്റെ ശരീരത്തില്‍  25 മുറിവുകളുണ്ടായിരുന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രൂരമായി മര്‍ദനം ഏറ്റതിന്റെ തെളിവാണിതെന്നും മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും പിതാവിന്റെ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.