പ്രത്യേക ഫണ്ടില്ലെങ്കില്‍ ഡയാലിസിസ് കേന്ദ്രങ്ങള്‍ നശിക്കും

Thursday 15 February 2018 2:45 am IST

തിരുവനന്തപുരം: സംസ്ഥാനത്തെ 18 ജനറല്‍ ആശുപത്രികളിലും 81 താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് സൗകര്യം ഏര്‍പ്പെടുത്തിയത് സര്‍ക്കാരിന്റെ ആരോഗ്യരംഗത്തെ നേട്ടത്തിന് തെളിവായി ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി ഡോ.തോമസ് ഐസക്ക് അവകാശപ്പെട്ടിരുന്നു. ദേശീയ ഡയാലിസിസ് നയത്തിന്റെ ഭാഗമായി രാജ്യത്ത് പുതുതായി 2000 ഡയാലിസിസ് സെന്റര്‍ ആരംഭിക്കുമെന്ന കേന്ദ്ര ബജറ്റിലെ പ്രഖ്യാപനത്തെത്തുടര്‍ന്നായിരുന്നു ഇത്. പക്ഷെ ഉള്ളവ തന്നെ പ്രതിസന്ധിയിലായ സാഹചര്യത്തില്‍ പ്രത്യേക ഫണ്ട് അനുവദിച്ചില്ലെങ്കില്‍ ഇവ തുരുമ്പെടുത്ത് നശിക്കുകയേ ഉള്ളൂ.

താലൂക്ക് ആശുപത്രികളിലെല്ലാം മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ മുഖേന ഡയാലിസിസ് സെന്റര്‍ തുടങ്ങിയത് നേട്ടം തന്നെ. ഡയാലിസിസിന് വിധേയരാകുന്ന രോഗികള്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനമായി കേരളം മാറിയ സാഹചര്യത്തില്‍ പ്രതേ്യകിച്ചും. ഓരോ ഡയാലിസിസ് സെന്ററിനും രണ്ടു കോടിയിലധികം മുതല്‍മുടക്കി. 

സ്വകാര്യ സ്ഥാപനങ്ങളില്‍ മൂവായിരവും അതിലധികവും ചാര്‍ജ് ഈടാക്കിയിരുന്നു. ഇവിടെ പാവപ്പെട്ടവര്‍ക്ക് 400 രൂപയുംഅല്ലാത്തവര്‍ക്ക് 600 രൂപയാണ് ഫീസ്. എന്നാല്‍ രാഷ്ട്രീയ സ്വസ്ഥ ബീമായോജന പോലുള്ള പദ്ധതിയില്‍പ്പെടുത്തി നിരവധിപേര്‍ക്ക് സൗജന്യ ഡയാലിസിസ് ചെയ്യേണ്ടിവരും. ഇത്തരത്തില്‍ ചെയ്യുന്ന  40 ഡയാലിസിസിന്റെവരെ തുക മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ വഹിച്ചിരുന്നു. ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മറ്റികളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണ് പല സ്ഥലങ്ങളിലും ഇപ്പോള്‍ ഡയാലിസിസ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്.

സൗജന്യ ഡയാലിസിസിന് വിധേയമാകുന്നവരുടെ എണ്ണം വലിയതോതില്‍ കൂടിയതോടെ സെന്ററുകള്‍ പ്രതിസന്ധിയിലാണ്. ഹോസ്പിറ്റില്‍ മാനേജ്‌മെന്റ് കമ്മറ്റിക്ക് താങ്ങാനാവാത്ത ബാധ്യതയാണ്. പണം കണ്ടെത്തി സെന്റര്‍ പ്രവര്‍ത്തിപ്പിക്കുക എന്നത് അസാധ്യമായതോടെ പല ആശുപത്രികളിലും ഡയാലിസിസ് മുടങ്ങി. നടക്കുന്നിടത്തുപോലും പരമാവധി കുറച്ച് നടത്തുന്ന സ്ഥിതിയാണ്. 

ഡയാലിസിസിന് മാത്രമായി ആശുപത്രികള്‍ക്ക് പ്രതേ്യക ഫണ്ട് നീക്കിവയ്ക്കുകയോ എന്തെങ്കിലും പദ്ധതിയില്‍പ്പെടുത്തി കേന്ദ്രസര്‍ക്കാരില്‍നിന്ന് സഹായം ലഭ്യമാക്കുകയോ ചെയ്താല്‍മാത്രമേ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഡയാലിസിസ് സെന്ററുകള്‍ ഉദ്ദേശിച്ച ഫലം നല്‍കൂ. അല്ലെങ്കില്‍ കോടികള്‍ മുടക്കി തുടങ്ങിയ സെന്ററുകള്‍ തുരുമ്പെടുക്കും. മെഡിക്കല്‍കോളേജ് ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ കോടികള്‍ വിലയുള്ള അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിക്കാതെ നശിച്ചതിന്റെ വാര്‍ത്തകള്‍ സ്ഥിരമാണ്. അത്തരത്തില്‍ വാര്‍ത്തയായി താലൂക്ക് ആശുപത്രികളിലെ ഡയാലിസിസ് സെന്ററുകളും മാറും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.