ചെങ്ങന്നൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി മത്സരിക്കും

Thursday 15 February 2018 2:45 am IST

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി മത്സരിക്കണമെന്ന് എന്‍ഡിഎ നേതൃയോഗത്തില്‍ തീരുമാനം. ബിജെപി സ്ഥാനാര്‍ത്ഥിയെ ഉടന്‍ തീരുമാനിക്കുമെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച എന്‍ഡിഎ കണ്‍വീനര്‍ കുമ്മനം രാജശേഖരന്‍ അറിയിച്ചു.  തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി ഒരു കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കിയതായും അദ്ദേഹം അറിയിച്ചു.

തിങ്കളാഴ്ച ആലപ്പുഴയില്‍ എന്‍ഡിഎ ജില്ലാ നേതൃയോഗം ചേരും. തുടര്‍ന്ന് എല്ലാ ഘടകക്ഷികളും ചെങ്ങന്നൂര്‍ നിയോജകമണ്ഡലം നേതൃയോഗം വിളിച്ചു ചേര്‍ക്കും. മാര്‍ച്ച് 4ന് എന്‍ഡിഎയുടെ നിയോജക മണ്ഡലം യോഗം ചെങ്ങന്നൂരില്‍ നടത്താനും യോഗം തീരുമാനിച്ചു. അക്രമികളേയും അഴിമതിക്കാരേയും മാഫിയകളേയും സംരക്ഷിക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കാന്‍ സര്‍ക്കാരിനാകുന്നില്ല. സിപിഎം അക്രമത്തിന് ഇരയാകാത്ത ഒരു പാര്‍ട്ടിയും കേരളത്തില്‍ ഇല്ല. രാഷ്ട്രീയ കൊലപാതകങ്ങള്‍ നിത്യസംഭവമായി മാറിയെന്നും യോഗം കുറ്റപ്പെടുത്തി. കൂട്ടുത്തരവാദിത്തം നഷ്ടമായ സര്‍ക്കാരാണ് കേരളത്തിലേത്. മുന്‍പെങ്ങുമില്ലാത്ത വിധത്തിലുള്ള ഭരണസ്തംഭനമാണ് സംസ്ഥാനത്തുള്ളത്. അഴിമതികേസുകളില്‍ പെട്ടവരെ രക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇക്കാര്യങ്ങളെല്ലാം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും കുമ്മനം പറഞ്ഞു.

ബിജെപി ദേശീയ സഹസംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, ഒ. രാജഗോപാല്‍ എംഎല്‍എ, ദേശീയ നിര്‍വാഹക സമിതിയംഗങ്ങളായ വി. മുരളീധരന്‍, പി.കെ. കൃഷ്ണദാസ്, സംസ്ഥാന സംഘടനാ സെക്രട്ടറി എം. ഗണേശന്‍,  ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി, സംസ്ഥാന ജനറല്‍ സെക്രട്ടറി വി. ഗോപകുമാര്‍, ബി. സുരേഷ് ബാബു, കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസ്, സംസ്ഥാന സെക്രട്ടറി ജനറല്‍  രാജന്‍ കണ്ണാട്ട്,  ജെആര്‍എസ് സംസ്ഥാന അദ്ധ്യക്ഷ സി.കെ. ജാനു, ജെഎസ്എസ് ജനറല്‍ സെക്രട്ടറി അഡ്വ. എ.എന്‍. രാജന്‍ ബാബു, ആര്‍. പൊന്നപ്പന്‍,  എല്‍ജെപി സംസ്ഥാന പ്രസിഡന്റ് എം. മെഹബൂബ്, പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍പേഴ്‌സന്‍ രമാജോര്‍ജജ്, ,പിഎസ്പി അധ്യക്ഷന്‍ കെ.കെ. പൊന്നപ്പന്‍, നാഷണലിസ്റ്റ് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കുരുവിള മാത്യൂസ്, എം.എന്‍. ഗിരി എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.