കപ്പലിലെ പൊട്ടിത്തെറി: കേന്ദ്രമന്ത്രി കപ്പല്‍ശാല സന്ദര്‍ശിച്ചു; മരിച്ചവരുടെ ആശ്രിതര്‍ക്ക് ജോലി

Thursday 15 February 2018 2:45 am IST

കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണിക്ക് കയറ്റിയ കപ്പലിലുണ്ടായ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഷിപ്പ്‌യാര്‍ഡില്‍ ജോലി നല്‍കുമെന്ന് കേന്ദ്രഷിപ്പിംഗ് സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍. പരിക്കേറ്റവര്‍ക്ക് പരിക്ക് ഭേദമായി കപ്പല്‍ശാലയിലെത്തുന്നതുവരെ ശമ്പളം നല്‍കും. മരിച്ചവരുടെ മക്കളുടെ ഡിഗ്രി വരെയുള്ള വിദ്യാഭ്യാസച്ചെലവ് കപ്പല്‍ശാല വഹിക്കും. പൊട്ടിത്തെറിയുണ്ടായ സാഗര്‍ഭൂഷണ്‍ കപ്പല്‍ സന്ദര്‍ശിച്ച ശേഷം  ഉദ്യോഗസ്ഥരുമായും യൂണിയന്‍ പ്രതിനിധികളുമായും നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. 

അന്വേഷണം നടന്നുവരികയാണ്. ഇതിനുശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയൂ. കപ്പല്‍ശാലയില്‍ ഇനി ഇത്തരം ദുരന്തങ്ങളുണ്ടാകാതിരിക്കാനുള്ള എല്ലാ നടപടികളുമെടുക്കും. കപ്പല്‍ശാലാ അധികൃതര്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സും ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പും അന്വേഷണം നടത്തുന്നുണ്ട്.  അന്വേഷണങ്ങളില്‍ പോരായ്മകള്‍ ഉണ്ടെങ്കില്‍ മാത്രമേ കേന്ദ്ര ഏജന്‍സി അന്വേഷിക്കൂ. മന്ത്രി സൂചന നല്‍കി. 

ഇന്നലെ രാവിലെ 7.30ഓടെയാണ് മന്ത്രി കപ്പല്‍ശാലയിലെത്തിയത്.  ശനിയാഴ്ചയുണ്ടായ മറ്റൊരു അപകടത്തില്‍ മരിച്ച നിക്‌സണും പൊട്ടിത്തെറിയില്‍ മരിച്ചവര്‍ക്ക് നല്‍കുന്ന എല്ലാ സഹായവും നല്‍കും. കരാര്‍ തൊഴിലാളികളുടെ ആവശ്യങ്ങളും പരിഗണിക്കാന്‍ ധാരണായി. 

പരിക്കേറ്റവരെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെത്തി മന്ത്രി ആശ്വസിപ്പിച്ചു. ആരും ഒറ്റയ്ക്കല്ലെന്നും കേന്ദ്രസര്‍ക്കാറും കപ്പല്‍ശാലയും എപ്പോഴും ഒപ്പമുണ്ടാകുമെന്നും മന്ത്രി അവരോട് പറഞ്ഞു. കൊച്ചി കപ്പല്‍ശാലാ എംഡി മധു എസ്. നായര്‍, ബിജെപി എറണാകുളം നിയോജക മണ്ഡലം പ്രസിഡന്റ് സി.ജി. രാജഗോപാല്‍ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.