സിപിഎം മുക്ത കേരളം അക്രമ മുക്ത കേരളം

Thursday 15 February 2018 2:45 am IST

സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം കേരളത്തില്‍ തുടരുകതന്നെയാണ്. മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ടി.എച്ച്. ഷുഹൈബ്  ഇതിന്റെ ഒടുവിലത്തെ ഇരയാണ്. കൊന്നുതള്ളുമെന്ന് കൊലവിളി നടത്തുക, കേസില്‍ പ്രതിയാക്കുക, പ്രതിസ്ഥാനത്തുള്ളവര്‍ക്ക് പാര്‍ട്ടി ശിക്ഷ നടപ്പാക്കുക എന്ന പതിവ് സിപിഎം രീതി തന്നെയാണ് ഇവിടെയും അനുവര്‍ത്തിക്കപ്പെട്ടത്. സിപിഎമ്മിന്റെ എതിര്‍പക്ഷത്തുള്ളവരെ ഉന്മൂലനം ചെയ്യുകയെന്നത് ആ പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടാണ്. പാര്‍ട്ടി ദുര്‍ബലമായ പ്രദേശങ്ങളില്‍ പാര്‍ട്ടി വളര്‍ത്തുന്നതിന് ഊന്നല്‍ നല്‍കണമെന്നായിരുന്നു സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ സെക്രട്ടറി പി. ജയരാജന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട്. സിപിഎം മൂന്നാം സ്ഥാനത്തായ വാര്‍ഡിലാണ് കൊല്ലപ്പെട്ട ഷുഹൈബിന്റെ രാഷ്ട്രീയപ്രവര്‍ത്തന മേഖല.  പാര്‍ട്ടി വളര്‍ത്താന്‍ സിപിഎമ്മിന് അറിയാവുന്നത് എതിരാളികളെ ഉന്മൂലനം ചെയ്തുകൊണ്ടുള്ള കിരാത ശൈലി മാത്രമാണ്. അവര്‍ അത് ഫലപ്രദമായി പ്രയോഗിച്ചുകൊണ്ടിരിക്കുന്നു. കണ്ണൂരില്‍ മാത്രമല്ല, കേരളത്തിലെ മിക്ക ജില്ലകളിലും അധികാരവും പോലീസ് പിന്തുണയും ഉറപ്പാക്കി സിപിഎം തങ്ങളുടെ ഈ രാഷ്ട്രീയ ശൈലി നടപ്പാക്കിക്കൊണ്ടിരിക്കുന്നു. 

സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിന് മാന്യത നല്‍കുകയായിരുന്നു എന്നും കോണ്‍ഗ്രസ്. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ കേരളത്തില്‍ സിപിഎം അക്രമികള്‍ വേട്ടയാടുമ്പോള്‍ കോണ്‍ഗ്രസ്  മൗനം പാലിച്ചു. സിപിഎമ്മും ആര്‍എസ്എസ്-ബിജെപി സംഘടനകളും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് ചിത്രീകരിച്ച് ചോരക്കൊതിയന്മാരായ കമ്മ്യൂണിസ്റ്റുകളെ സംരക്ഷിക്കുകയായിരുന്നു കോണ്‍ഗ്രസ്. 37 വെട്ടുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാവായ ഷുഹൈബ് മരിച്ചുവീണത് കോണ്‍ഗ്രസിന്റെ ഈ നപുംസകനയത്തിന്റെ ഫലംകൊണ്ടുകൂടിയാണ്. 

സിപിഎമ്മുമായി ദേശീയതലത്തില്‍ രാഷ്ട്രീയ സഹകരണവും തെരഞ്ഞെടുപ്പ് സഖ്യവും വേണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുമ്പോഴാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവില്‍ വെട്ടേറ്റു വീണുകൊണ്ടിരിക്കുന്നത്. ഷുഹൈബിനെ കൊലപ്പെടുത്തിയ സംഭവം സിപിഎം ഭീകരതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്ന് മുതലക്കണ്ണീരൊഴുക്കുന്ന എ.കെ. ആന്റണി, സിപിഎം സഖ്യത്തിനുവേണ്ടി കരഞ്ഞുനടക്കുന്ന നേതാവാണ്. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തെ ശക്തമായ ഭാഷയില്‍ അപലപിക്കാന്‍ ആന്റണി ഒരുകാലത്തും തയ്യാറായിട്ടില്ല. മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ അടുക്കളയില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തെ ബലികൊടുത്ത പാരമ്പര്യമാണ് ആന്റണിയുടേത്. 

പ്രതിസന്ധിഘട്ടങ്ങളില്‍ സിപിഎമ്മിന് രാഷ്ട്രീയപരമായും ഭരണപരമായും പിന്തുണ നല്‍കിയ ചരിത്രമാണ് കോണ്‍ഗ്രസിന്റേത്. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനാവില്ല. പ്രവര്‍ത്തകരെ ബലികൊടുത്തുകൊണ്ട് തങ്ങളുടെ രാഷ്ട്രീയ- ഭരണസിംഹാസനങ്ങള്‍ അരക്കിട്ട് ഉറപ്പിക്കാനാണ് എന്നും അവര്‍ ശ്രമിച്ചത്. സിപിഎമ്മിന്റെ കിരാത രാഷ്ട്രീയത്തെ ആശയപരമായും ജനാധിപത്യപരമായും പ്രതിരോധിക്കേണ്ട ഉത്തരവാദിത്തം പ്രബുദ്ധകേരളം ഏറ്റെടുത്തേ മതിയാവൂ. അധികാരബലവും ആള്‍ബലവും ആയുധബലവും കൊണ്ട് കേരളത്തെ തങ്ങളുടെ കാല്‍ക്കീഴില്‍ അമര്‍ത്താമെന്ന മാര്‍ക്‌സിസ്റ്റ് വ്യാമോഹത്തിന് തടയിട്ടേ മതിയാവൂ. ഒളിഞ്ഞും തെളിഞ്ഞും സിപിഎമ്മിനെ പിന്തുണയ്ക്കുന്ന കപട രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് ഇതിന് കഴിയില്ല. അശാന്തിയുടെ നിണമൊഴുകുന്ന രാപ്പകലുകളില്‍ നിന്ന് കേരളത്തെ മോചിപ്പിക്കാന്‍ പുതുവഴികള്‍ തേടേണ്ടിയിരിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.