സായുധസേനയും എഫ്‌ഐആറും

Thursday 15 February 2018 2:45 am IST

അതിര്‍ത്തി പ്രദേശങ്ങളില്‍ തങ്ങളെ കല്ലെറിഞ്ഞ രാജ്യദ്രോഹികളെ സര്‍ക്കാര്‍ നിയമാനുസൃതം നല്‍കിയ ആയുധങ്ങളുപയോഗിച്ച് തിരിച്ചടിച്ച സായുധസേനാംഗങ്ങളുടെ പേരില്‍ പ്രാദേശിക പോലീസ് പ്രഥമ വിവര റിപ്പോര്‍ട്ട് ഫയല്‍ ചെയ്തതായി വായിച്ചു. ഇത് യുക്തിഹീനവും നീതിരഹിതവും നിയമവിരുദ്ധവുമായ നടപടിയാണ്.

ജീവന്‍ ബലിയര്‍പ്പിച്ചും രാഷ്ട്രത്തിന്റെ അതിര്‍ത്തിയും അഖണ്ഡതയും സംരക്ഷിക്കുമെന്ന് രാഷ്ട്രപതാകയെ സാക്ഷിനിര്‍ത്തി സ്വന്തം വിശ്വാസപ്രമാണങ്ങളടങ്ങിയ വിശുദ്ധ ഗ്രന്ഥങ്ങളെ തൊട്ട് ശപഥം ചെയ്തിട്ടുള്ള സൈനികര്‍ രാഷ്ട്രത്തിന്റെ ശത്രുക്കളെ കണ്ടാല്‍ ഒളിച്ചോടണോ?

രാജ്യത്തെ വിദേശാക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കേണ്ടവരാണ് സൈനികര്‍. അവര്‍ ആ കര്‍മ്മം പ്രാണഭയമെന്യേ, തങ്ങളുടെ ഉറ്റവരുടേയും ഉടയവരുടേയും ചിന്തയില്ലാതെ നിറവേറ്റുന്നതുകൊണ്ടാണ് ഇന്ത്യയിലെ ബഹുഭൂരിപക്ഷം പാവപ്പെട്ടവരും രാത്രിയില്‍ നിശ്ചിന്തരായി ഉറങ്ങുന്നത്.

നാളെ സായുധസേനാംഗങ്ങള്‍ക്ക് ശത്രുവിനെതിരെ നടപടിയെടുക്കാന്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെയും മനുഷ്യാവകാശ നിയമങ്ങളുടേയും അനുമതി വേണമെന്നുവന്നാല്‍ രാജ്യരക്ഷ അവതാളത്തിലാകും. അവരുടെ മനോവീര്യത്തെ അത് പ്രതികൂലമായി ബാധിക്കും.

സായുധസേനകളുടെ പ്രത്യേകാവകാശനിയമം  നിലനില്‍ക്കുന്നിടത്താണ് ഈ സംഭവം. ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ ഈ നിയമം കശ്മീര്‍ സര്‍ക്കാര്‍ ബഹുമാനിക്കാത്തത് ഭരണഘടനയിലെ 370-ാം വകുപ്പിന്റെ പിന്‍ബലത്തിലാണ്. ഈ വകുപ്പ് നിലനിര്‍ത്തണമോ വേണ്ടയോ എന്നത് ഭരണാധികാരികളുടെ വിഷയമാണ്. 

സായുധസേനാംഗങ്ങളുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച ആധികാരിക രേഖ പാര്‍ലമെന്റ് തന്നെ പാസ്സാക്കിയ ഇന്ത്യന്‍ ആര്‍മി ആക്ട് 1950 ആണ്. സായുധസേനാംഗങ്ങള്‍ ചെയ്യുന്ന ഏത് കുറ്റങ്ങവും വിചാരണ ചെയ്യാനുള്ള വകുപ്പുകള്‍ ഈ നിയമത്തിലുണ്ട്. അതേപോലെത്തന്നെ ഒരു നിയമമാണ് അഡ്ജസ്റ്റ്‌മെന്റ് ഓഫ് ജൂറിസ്ഡിക്ഷന്‍ ബിറ്റ്‌വീന്‍ സിവില്‍ കോര്‍ട്‌സ് ആന്‍ഡ് കോര്‍ട് മാര്‍ഷ്യല്‍സ്. പ്രകൃത്യാലുള്ളതല്ലാത്ത എല്ലാ മരണങ്ങളും അന്വേഷിക്കുവാനുള്ള ഉത്തരവാദിത്തം ഇന്ത്യന്‍ പീനല്‍ കോഡനുസരിച്ച് സിവില്‍ പോലീസിനാണെങ്കിലും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട സായുധസേനാ നടപടികളെ ആ നിയമങ്ങളുടെ പരിധിയില്‍ കൊണ്ടുവന്നാല്‍ സിവില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് മടുക്കും. അതിനാലത് അനാശാസ്യമാണ്, അപ്രായോഗികമാണ്.

ക്യാപ്ടന്‍ കെ. വേലായുധന്‍ 

കണ്ണഞ്ചേരി, കോഴിക്കോട്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.