കൊലപാതകത്തിന് രണ്ട് ലക്ഷ്യം

Thursday 15 February 2018 2:45 am IST

കണ്ണൂര്‍: കണ്ണൂരില്‍ തുടരുന്ന കൊലക്കത്തി രാഷ്ട്രീയം സിപിഎമ്മിലും ഭിന്നത രൂക്ഷമാക്കി. ജില്ലാ നേതൃത്വത്തിന്റെ മൗനാനുവാദത്തോടെയുള്ള കൊലപാതകങ്ങളിലും അക്രമങ്ങളിലും തെക്കന്‍ ജില്ലകളില്‍ നിന്നുളള ഉന്നത നേതാക്കളിലും ഒരു വിഭാഗം അണികളിലും കടുത്ത അതൃപ്തിയാണ്. 

കണ്ണൂരിലെ പാര്‍ട്ടി നടപടി സര്‍ക്കാരിന്റെയും പാര്‍ട്ടിയുടേയും പ്രതിച്ഛായയ്ക്ക് കടുത്ത പോറലാണ് എല്‍പിച്ചിരിക്കുന്നതെന്നും പാര്‍ട്ടിക്കുള്ളില്‍ത്തന്നെ അഭിപ്രായമുണ്ട്. തൃശൂരില്‍ നടക്കാനിരിക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ കണ്ണൂര്‍ നേതൃത്വത്തിനെതിരെ ശക്തമായ വിമര്‍ശനം തന്നെ ഉയരും.എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ  വെട്ടിക്കൊന്നതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. കാലങ്ങളായി സിപിഎം കണ്ണൂരില്‍ നടപ്പാക്കുന്ന അസഹിഷ്ണുതയുടേയും ഏകാധിപത്യത്തിന്റെയും നേര്‍ചിത്രമാണിതും.  

സംസ്ഥാന സമ്മേളനം നടക്കാനിരിക്കെ പാര്‍ട്ടിക്കുള്ളില്‍ രൂപപ്പെട്ട വിഭാഗീയതയ്ക്ക് മറയിടുക, പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മക്കളുടെ  വിദേശ പണമിടപാടുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടുക എന്നീ ലക്ഷ്യങ്ങളും ഇപ്പോഴത്തെ കൊലപാകത്തിന് പിന്നിലുണ്ട്. മുന്‍പും പാര്‍ട്ടിക്കുളളില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തപ്പോഴും പാര്‍ട്ടിയും നേതൃത്വവും വിവാദങ്ങളില്‍പ്പെട്ടപ്പോഴും ആസൂത്രിതമായി കൊലപാതകങ്ങള്‍ നടത്തി ജനശ്രദ്ധ തിരിക്കുകയാണ് ചെയ്തിരുന്നത്. 

86 ഓളം ആര്‍എസ്എസ് പ്രവര്‍ത്തകരേയും സിപിഐക്കാരന്‍ അടക്കം  മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ നാല്‍പ്പതിലധികം പ്രവര്‍ത്തകരേയും സിപിഎം ജില്ലയില്‍ മാത്രം  ബോംബെറിഞ്ഞും വെട്ടിയും കൊന്നിട്ടുണ്ട്. ഇടത് സര്‍ക്കാര്‍ വന്നശേഷം കണ്ണൂരില്‍ നടന്ന 11 രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഏഴെണ്ണത്തിലും സിപിഎമ്മാണ് പ്രതിസ്ഥാനത്ത്. 

മിക്ക കൊലപാതകങ്ങളും സമാന രീതിയിലാണ്. കൊലയ്ക്കിരയായവരെ പരസ്യമായി ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും വെല്ലുവിളിക്കുകയും ചെയ്ത ശേഷം കൊലപ്പെടുത്തുകയാണ് സിപിഎമ്മിന്റെ പതിവ്. ഷുഹൈബിനു നേരെയും വധ ഭീഷണി മുഴക്കിയിരുന്നു. ടിപി ഉള്‍പ്പെടെയുള്ളവരെ കൊലപ്പെടുത്തിയ അതേ രീതിയിലാണ് ഷുഹൈബിനേയും കൊന്നത്. ടിപിയെ 51 വെട്ടിലാണ് ഇല്ലാതാക്കിയതെങ്കില്‍ 37 ഓളം വെട്ടുകളാണ് ഷുഹൈബിന്റെ ശരീരത്തിലുണ്ടായിരുന്നത്.

പാര്‍ട്ടിക്ക് പങ്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പ്രഖ്യാപിച്ചെങ്കിലും പാര്‍ട്ടിക്കാരായ ചിലരെ  കസ്റ്റഡിയിലെടുത്തതോടെ വാദം പൊളിഞ്ഞു. സിപിഎമ്മിന്റെ രാഷ്ട്രീയ വൈരമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ടിലുമുണ്ട്.  ഇതോടെ പാര്‍ട്ടി കടുത്ത പ്രതിരോധത്തിലാണ്.

തലശ്ശേരിയിലെ ഫസല്‍ ,തളിപ്പറമ്പിലെ അരിയില്‍ശുക്കൂര്‍ തുടങ്ങി ഇതര രാഷ്ട്രീയ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട പത്തോളം പേരെയാണ് കണ്ണൂരില്‍ മാത്രം  സിപിഎം കൊല ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.