ദളിതരെ കോളനി വല്‍ക്കരിച്ചത് ഇഎംഎസ്: കെ.സി. വിനയരാജന്‍

Thursday 15 February 2018 2:00 am IST
ഭൂപരിഷ്‌കരണത്തിന്റെ പേരില്‍ ദളിതരെ കോളനിവല്‍ക്കരിച്ചത് കമ്മ്യൂണിസ്റ്റ് നേതാവ് ഇഎംഎസ് ആണെന്ന് പ്രമുഖ ചിന്തകന്‍ കെ.സി.വിനയരാജന്‍.

 

കോട്ടയം: ഭൂപരിഷ്‌കരണത്തിന്റെ പേരില്‍ ദളിതരെ കോളനിവല്‍ക്കരിച്ചത് കമ്മ്യൂണിസ്റ്റ് നേതാവ് ഇഎംഎസ് ആണെന്ന് പ്രമുഖ ചിന്തകന്‍ കെ.സി.വിനയരാജന്‍. 

ഭാരതീയ വിചാര കേന്ദ്രവും തപസ്യ കലാസാഹിത്യ വേദിയും സംയുക്തമായി കോട്ടയത്ത് പഴയ പോലീസ് മൈതാനിയില്‍ സംഘടിപ്പിച്ച സദ്ഗമയ പ്രഭാഷണ പരമ്പരയില്‍ രണ്ടാം ദിവസമായ ഇന്നലെ കേരളത്തിലെ ഭൂസമരങ്ങളും ദളിതു വഞ്ചനയും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചവിട്ടി നില്‍ക്കാനുള്ള ഒരുതുണ്ട് ഭൂമിക്കുവേണ്ടി സമരം നടത്തിയ ദളിതരെയും ആദിവാസികളെയും ആദര്‍ശധീരന്‍ എന്നു വിളിക്കുന്ന വി.എസ്. അച്യുതാനന്ദന്‍ അവഹേളിക്കുകയായിരുന്നു. 

1919ല്‍ ഭൂമിക്ക് വേണ്ടി സമരം നയിച്ച മഹാനായ അയ്യന്‍കാളിയെ ഇഎംഎസ് എഴുതിയ മാര്‍ക്‌സിസ്റ്റ് വീക്ഷണത്തില്‍ കേരള ചരിത്രം എന്ന 400 പേജുള്ള പുസ്തകത്തില്‍ ഒരിടത്തു പോലും പരാമര്‍ശിക്കുന്നില്ല. ആറോളം ഭൂസമരം നയിച്ച് ജയില്‍പോയ പോരാളിയാണ് സി.കെ.ജാനു. 

ദളിതര്‍ക്ക് നല്‍കാന്‍ മിച്ച ഭൂമി തപ്പി നടക്കുകയാണ് കേരളത്തിലെ ഭരണകൂടങ്ങള്‍. മൂന്ന് ലക്ഷം ദളിതര്‍ക്ക് സ്വന്തമായി ഭൂമിയില്ലെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ സ്വകാര്യ വ്യക്തികള്‍ക്ക് പാട്ടത്തിന് കൊടുത്തത് 3,34000 ഏക്കര്‍ ഭൂമിയാണ്. ഇതുവരെ ദളിതര്‍ക്ക് നല്‍കിയ ഭൂമി എത്രയെന്ന് വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

കവനമന്ദിരം പങ്കജാക്ഷന്‍ അദ്ധ്യക്ഷനായി. എന്റ്റിയു സംസ്ഥാന സെക്രട്ടറി ആര്‍. ജിഗി,  പി. പ്രദീപ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. 

ജീവിതശൈലി രോഗപരിഹാരം യോഗയിലൂടെ എന്ന വിഷയത്തില്‍ യോഗാസാധക് കെ. ശങ്കരന്റെ നേതൃത്വത്തില്‍ ചര്‍ച്ചയും നടന്നു. 

ഇന്ന് ഉച്ചയ്ക്ക്് രണ്ടിന് കവിയരങ്ങ്, വൈകിട്ട് 5.45ന് ചുവപ്പ് ജിഹാദി എന്ന വിഷയത്തില്‍ ആര്‍എസ്എസ് പ്രാന്തീയ ബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്ണന്‍ പ്രഭാഷണം നടത്തും. ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സി. ഐ. ഐസക് അദ്ധ്യക്ഷമാകും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.