വാൽപ്പാറയിൽ പുലി കുടുങ്ങി

Wednesday 14 February 2018 10:53 pm IST

ചാലക്കുടി: വാല്‍പ്പാറയില്‍ നാലു വയസുകാരനെ കൊന്ന പുള്ളിപ്പുലി കൂട്ടിലായി. കുട്ടിയെ തട്ടിയെടുത്ത ഭാഗത്ത് സ്ഥാപിച്ച കൂട്ടില്‍ ഇന്നലെ വെളുപ്പിനാണ് പുലി കുടുങ്ങിയത്. കൂട്ടില്‍ നിന്ന് ശബ്ദം കേട്ട് നാട്ടുകാര്‍ സമീപത്ത് ചെന്ന് നോക്കിയപ്പോള്‍ പുലി കുടുങ്ങിയെന്ന് വ്യക്തമായി. ഉടന്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. 

ശൗര്യം വിടാതെ കൂട്ടിനകത്തും പരക്കം പാഞ്ഞ പുലിയെ മയക്കുവെടി വച്ച് മയക്കി. നിലവില്‍ സ്ഥാപിച്ച കൂട് മാറ്റരുതെന്ന നാട്ടുകാരുടെ ആവശ്യം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അംഗീകരിച്ചു. മറ്റൊരു കൂട്ടിലേക്ക് പുലിയെ മാറ്റി ഉള്‍വനത്തിലേക്ക് കൊണ്ടു പോയി. 

കഴിഞ്ഞ ദിവസം വനം വകുപ്പിന്റെ സിസിടിവി ക്യാമറകളില്‍ പുലിയുടെ ദൃശ്യം പതിഞ്ഞിരുന്നു. ഒന്നിലധികം പുലികള്‍ ഉണ്ടെന്നാണ് നിഗമനം. ജാഗ്രത തുടരണമെന്നാണ് വനംവകുപ്പിന്റെ മുന്നറിയിപ്പ്. ഒരാഴ്ച മുമ്പാണ് നാലുവയസുകാരന്‍ സെയ്തുളിനെ പുലി കൊന്നത്. 

നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കൂട് സ്ഥാപിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കരടിയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളി മരിച്ചിരുന്നു. നൂറു കണക്കിന് തോട്ടം തൊഴിലാളികള്‍ കുടുംബസമേതം താമസിക്കുന്ന ഈ മേഖലയില്‍ പുലിയുടെ ആക്രമണം പതിവായിട്ടുണ്ട്. വന്യ ജീവികളെ പേടിച്ച് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ് തൊഴിലാളികള്‍ക്ക്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.