മട്ടന്നൂരില്‍ വീണ്ടും പകര്‍ച്ചവ്യാധിക്ക് സാധ്യതയെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

Thursday 15 February 2018 12:13 pm IST

 

മട്ടന്നൂര്‍: മട്ടന്നൂരില്‍ വീണ്ടും പകര്‍ച്ചവ്യാധിക്ക് സാധ്യതയെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. ഹോട്ടലുകള്‍, കൂള്‍ബാള്‍, ആശുപത്രി തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന് മലിനജലം നഗരസഭയുടെ ഓടകളില്‍ ഒഴുക്കിവിടുന്നതാണ് കാരണമായി പറയുന്നത്. കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നഗരത്തില്‍ നടത്തിയ പരിശോധനയിലാണ് വ്യാപകമായ തോതില്‍ മലിനജലം ഒഴുക്കിവിടുന്നതായി കണ്ടെത്തിയത്. 

ഒഴുക്കിവിടുന്ന മലിനജലം കെട്ടിക്കിടന്ന് കൊതുകുകളുടെ ആവാസ കേന്ദ്രമായി മാറിക്കഴിഞ്ഞു. പലരും രാത്രി കാലങ്ങളിലാണ് മലിനജലം ഓടകളില്‍ ഒഴുക്കുന്നത്. ഹോട്ടല്‍, കൂള്‍ബാര്‍ തുടങ്ങിയവയ്ക്ക് ലൈസന്‍സ് ലഭിക്കണമെങ്കില്‍ നിര്‍ബന്ധമായും മലിനജലം ഒഴുക്കിവിടാന്‍ ടാങ്കുകള്‍ നിര്‍മ്മിക്കണമെന്ന വ്യവസ്ഥ നിലവിലുണ്ട്. എന്നാല്‍ പലരും ഈ നിയമം പേരിന് പോലും പാലിക്കുന്നില്ല. ടാക് നിര്‍മ്മിച്ചവര്‍ തന്നെ പിന്നീട് രാത്രി കാലങ്ങളില്‍ മാലിന്യം നഗരസഭ ഓടകളിലേക്കാണ് ഒഴുക്കിവിടുന്നത്. 

ചില ആശുപത്രികളില്‍ നിന്നും മലിനജലം ഓടകളിലേക്ക് ഒഴുക്കിവിടുന്നതും പതിവായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി റിപ്പോര്ട്ട് ചെയ്തത് മട്ടന്നൂരിലാണ്. ടൗണിലെ രണ്ട് വ്യാപാരികളടക്കം നിരവധി പേര്‍ മരണപ്പെടുകയും ചെയ്തിരുന്നു.സംസ്ഥാന ആരോഗ്യ മന്ത്രിയുടെ നാട്ടില്‍ എറെ നാണക്കേടുണ്ടാക്കിയ സംഭവമായിട്ടും ആരോഗ്യ മന്ത്രിയുടെ പാര്‍ട്ടി തന്നെ ഭരിക്കുന്ന മട്ടന്നൂര്‍ നഗരസഭ നിയമം കര്‍ശ്ശനമാക്കാതെ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്.നഗരസഭ ഉടന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ മട്ടന്നൂര്‍ വീണ്ടും പകര്‍ച്ചവ്യാധിയുടെ പിടിയിലാവുമെന്ന ഭീതിയിലാണ് ജനങ്ങള്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.