അമേരിക്കയിൽ സ്കൂളിൽ വെടിവയ്പ്; 17 മരണം

Friday 16 February 2018 2:51 am IST

ഫ്‌ളോറിഡ: സ്‌കൂളില്‍ നിന്ന് പുറത്താക്കിയതിന്റെ ദേഷ്യം തീര്‍ക്കാന്‍ പത്തൊന്‍പതുകാരന്‍ നടത്തിയത് കൂട്ടക്കൊല. കൈയില്‍ കരുതിയ തോക്കെടുത്ത് അവന്‍ തലങ്ങും വിലങ്ങും വെടിവച്ചു. 17 കുട്ടികളാണ് ജീവനറ്റു കൊഴിഞ്ഞത്. നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇവരില്‍ പലരും അപകടനില തരണം ചെയ്തിട്ടില്ല. മരണ സഖ്യ ഇനിയും ഉയര്‍ന്നേക്കാം.

അമേരിക്കയിലെ ഫ്‌ളോറിഡയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം. ഫ്‌ളോറിഡയിലെ പാര്‍ക്ക്‌ലാന്‍ഡിലുള്ള മാര്‍ജറി സ്റ്റോണ്‍മാന്‍ ഡൗഗ്ലാസ് ഹൈസ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. അച്ചടക്കം ലംഘിച്ചതിന് സ്‌കൂളില്‍ നിന്ന് പുറത്താക്കിയ നിക്കോളാസ് ക്രൂസ് എന്ന പത്തൊമ്പതുകാരനാണ് പ്രതി. ഇവനെ പോലീസ് പിടികൂടി. 

സെമി ആട്ടോമാറ്റിക് എആര്‍-15 റൈഫിളുമായി എത്തിയ ക്രൂസ് ആദ്യം സ്‌കൂളിന് പുറത്തുവെച്ചും പിന്നീട് സ്‌കൂളിനുള്ളില്‍ കയറിയും സഹപാഠികളെ വെടിവയ്ക്കുകയായിരുന്നു. കുട്ടികള്‍ വെടിയേറ്റു വീഴുന്നതും ചോര ചീറ്റുന്നതും അലറിക്കരയുന്നതും ജനങ്ങള്‍ ഓടിയെത്തുന്നതും കണ്ട് അവിടെ നിന്ന് മുങ്ങിയ ക്രൂസിനെ തൊട്ടടുത്തുള്ള നഗരത്തില്‍ നിന്നാണ് പിടികൂടിയത്.

സംഭവത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  അനുശോചിച്ചു. ഇനി ഒരിക്കലും വിദ്യാര്‍ത്ഥികള്‍ക്കോ അധ്യാപകര്‍ക്കോ അമേരിക്കന്‍ സ്‌കൂളുകളില്‍ അരക്ഷിതാവസ്ഥയുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ആത്മഹത്യാ ശ്രമങ്ങളുള്‍െപ്പടെ 2018ല്‍ അമേരിക്കന്‍ സ്‌കൂളുകളില്‍ 17 വെടിവെപ്പുകളാണ് സമീപകാലത്തുണ്ടായത്.  അതില്‍ ഏറ്റവും ഭയാനകമായ ഒന്നാണ് കഴിഞ്ഞ ദിവസത്തേത്. കഴിഞ്ഞ വര്‍ഷം ടെക്‌സാസിലെ പള്ളിയിലുണ്ടായ വെടിവെപ്പില്‍ 26 പേരും ലാസ് വേഗാസിലെ കലാപരിപാടിക്കിടെയുണ്ടായ വെടിവെപ്പില്‍ 56 പേരും കൊല്ലപ്പെട്ടിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.