മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം

Thursday 15 February 2018 8:36 am IST

ബേസല്‍: പ്രമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന മാഞ്ചസ്റ്റര്‍ സിറ്റി തകര്‍പ്പന്‍ വിജയത്തോടെ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലിനടുത്തെത്തി. ആദ്യ പാദ പ്രീക്വാര്‍ട്ടിറില്‍ അവര്‍ മടക്കമില്ലാത്ത നാലു ഗോളുകള്‍ക്ക് എഫ് സി ബേസലിനെ കീഴടക്കി. രണ്ടാം പാദത്തില്‍ വന്‍ മാര്‍ജിനില്‍ തോല്‍ക്കാതിരുന്നാല്‍ സിറ്റിക്ക് ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാകും.

കളം നിറഞ്ഞുകളിച്ച ഗുണ്‍ഡോഗന്‍ ഇരു പകുതികളിലുമായി സ്‌കോര്‍ ചെയ്ത രണ്ട് ഗോളുകളാണ് സിറ്റിക്ക് ഉജ്ജ്വല വിജയമൊരുക്കിയത്.തകര്‍ത്തുകളിച്ച സിറ്റി 23-ാം മിനിറ്റില്‍ 3-0 ന് മുന്നിലെത്തി. ഒമ്പത് മിനിറ്റുകള്‍ക്കിടയിലാണ് മൂന്ന് ഗോളുകള്‍ പിറന്നത്.

പതിനാലാം മിനിറ്റില്‍ ഗുണ്‍ഡോഗന്‍ ഹെഡറിലുടെ സിറ്റിയുടെ സ്‌കോറിങ്ങിന് തുടക്കമിട്ടു. നാലുമിനിറ്റുകള്‍ക്ക് ശേഷം ബെര്‍നാര്‍ഡോ സില്‍വി ഒന്നാന്തം ഷോട്ടിലൂടെ രണ്ടാം ഗോളും കുറിച്ചു. 23-ാം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോയുടെ ലോങ്ങ് റേഞ്ചര്‍ കണ്ണടച്ചുതുറക്കും മുമ്പേ ബേസല്‍ എഫ്‌സിയുടെ വലകുലുക്കി.

ഇടവേളയ്ക്ക് ശേഷവും ബേസലിന്റെ ദുരിതം തുടര്‍ന്നു. പ്രതിരോധ തകര്‍ച്ച മുതലാക്കി ഗുണ്‍ഡോഗന്‍ സിറ്റിയുടെ നാലാം ഗോളും കുറിച്ചു. സിറ്റിക്ക് പിന്നേയും ഏറെ അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ പിറന്നില്ല. എവേ മത്സരത്തിലെ നാലു ഗോള്‍ വിജയം മികച്ചതുതന്നെ. ഞങ്ങള്‍ ക്വാര്‍ട്ടറിലെത്തിയെന്ന പ്രതീതിയാണെന്ന് മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് പെപ്പ് ഗാര്‍ഡിയോള പറഞ്ഞു.

ഈ വമ്പന്‍ തോല്‍വി ബേസിലിന്റെ ക്വാര്‍ട്ടര്‍ മോഹത്തിന് തിരിച്ചടിയായി. മാര്‍ച്ച് ഏഴിന് എത്തിഹാദ് സ്‌റ്റേഡിയത്തിലാണ് മാഞ്ച്‌സ്റ്റര്‍ സിറ്റി - ബേസല്‍ ര്ണ്ടാം പാദ മത്സരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.