ഇന്ന് മുതല്‍ സ്വകാര്യബസ്സുകള്‍ പണിമുടക്കും

Friday 16 February 2018 2:51 am IST

കൊച്ചി: സംസ്ഥാനത്ത് ഇന്ന് മുതല്‍ സ്വകാര്യബസ്സുകള്‍ പണിമുടക്കും. മിനിമം യാത്രാനിരക്ക് 10 രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ നിരക്ക് 50 ശതമാനം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ബസ് ഉടമകളുടെ സംയുക്ത സമരസമിതിയുടേതാണ് തീരുമാനം. സര്‍ക്കാരുമായി ഇനിയും ചര്‍ച്ചക്ക് തയ്യാറാണെന്ന് സമരസമിതി വ്യക്തമാക്കി. സ്വകാര്യ ബസ് ഉടമകളുടെ സംഘടനകളുടെ കീഴിലുള്ള 14,800 ബസ്സുകള്‍ പണിമുടക്കില്‍ പങ്കെടുക്കും. 

ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ 19 മുതല്‍ സെക്രട്ടറിയേറ്റിനു മുമ്പില്‍ സ്വകാര്യ ബസ് മേഖലയിലുള്ള 12 സംഘടനകളുടെ സംസ്ഥാന നേതാക്കള്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. 

സര്‍ക്കാര്‍ നിശ്ചയിച്ച പുതിയ നിരക്കു വര്‍ധന സ്വീകാര്യമല്ലെന്നും കെഎസ്ആര്‍ടിസിക്കു വേണ്ടിയുള്ള നിരക്കു വര്‍ധനയാണ് നടപ്പിലാക്കുന്നതെന്നും കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ലോറന്‍സ് ബാബു വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

മിനിമം നിരക്കില്‍ ഒരു രൂപ വര്‍ധിപ്പിച്ച സര്‍ക്കാര്‍ വിദ്യാര്‍ഥികളുടെ നിരക്ക് കൂട്ടണമെന്ന ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയിട്ടില്ല. ബസ് യാത്രക്കാരില്‍ 60 ശതമാനം യാത്രക്കാരും വിദ്യാര്‍ത്ഥികളാണ്. വര്‍ധിപ്പിച്ച റോഡ് നികുതി പിന്‍വലിക്കുക, ഇന്ധന വില ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടു വരിക തുടങ്ങിയ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.