കെ.പി. ശര്‍മ്മ ഒലി നേപ്പാള്‍ പ്രധാനമന്ത്രി

Friday 16 February 2018 2:46 am IST

കാഠ്മണ്ഡു: സിപിഎന്‍-യുഎംഎല്‍ നേതാവ് കെ.പി. ശര്‍മ്മ ഒലി പുതിയ നേപ്പാള്‍ പ്രധാനമന്ത്രി. ഇത് രണ്ടാം തവണയാണ് ഒലി പ്രധാനമന്ത്രിയാകുന്നത്. രാഷ്ട്രപതി ബിദ്യാ ദേവി ബന്ധാരി 65 കാരനായ ഒലിയെ 41-ാമത് പ്രധാനമന്ത്രിയായി നിയമിച്ചു.

ഒലിയുടെ ഇടത് സഖ്യം കഴിഞ്ഞ നേപ്പാള്‍ പാര്‍ലമെന്ററി, പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ ഭരണത്തിലുണ്ടായിരുന്ന നേപ്പാളി കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയിരുന്നു. ചൈന ആനുകൂലിയായ ഒലി 2015 ഒക്ടോബര്‍ 11 മുതല്‍ 2016 ആഗസ്റ്റ് മൂന്നു വരെ നേപ്പാള്‍ പ്രധാന മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. യുസിപിഎന്‍ മാവോയിസ്റ്റ്‌സ്, രാഷ്ട്രീയ പ്രജാതന്ത്ര പാര്‍ട്ടി നേപ്പാള്‍, മാദേശി റൈറ്റ്‌സ് ഫോറം ഡെമോക്രാറ്റിക് എന്നിവയുള്‍പ്പടെ 13 ചെറു പാര്‍ട്ടികളും ഒലിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണച്ചിരുന്നു. 

മുന്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദുര്‍ ദൂബെ രാഷ്ട്രപതിക്ക് രാജി സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് ഒലി അധികാരമേറ്റത്. നിലവില്‍ ഇടത് സഖ്യത്തില്‍ ചേര്‍ന്ന സിപിഎന്നിന്റെ പിന്തുണയോടെയായിരുന്നു കഴിഞ്ഞ ജൂണ്‍ ആറിന് ദുബെ അധികാരത്തിലേറിയത്. എന്നാല്‍ സിപിഎന്‍ പിന്നീട് യുഎംഎല്ലില്‍ ലയിച്ച് ഇടത് സഖ്യത്തിന്റെ ഭാഗമായി. ഒലി നയിക്കുന്ന സിപിഎന്‍-യുഎംഎല്‍, പ്രചണ്ഡ നയിക്കുന്ന സിപിഎന്‍ മാവോയിസ്റ്റ് സെന്റര്‍ എന്നീ പാര്‍ട്ടികള്‍ ചേര്‍ന്ന ഇടത് സഖ്യം ഡിസംബറില്‍ 275 അംഗ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 174 സീറ്റുകള്‍ സ്വന്തമാക്കി ചരിത്ര വിജയം നേടിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.