തട്ടിപ്പ് കണ്ടെത്തിയത് ബാങ്ക് തന്നെ; സംഭവത്തില്‍ ആര്‍‌ബി‌ഐ ഇടപെടുന്നു

Thursday 15 February 2018 3:24 pm IST

മുംബൈ: സാമ്പത്തിക തട്ടിപ്പ് കണ്ടെത്തിയത് ബാങ്ക് തന്നെയെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് എം.‌ഡി സുനില്‍ മേത്ത. ഈ ഇടപാടില്‍ ഇതുവരെ ബാങ്കില്‍ 286 കോടി രൂപയുടെ നഷ്ടമുണ്ടായി. തട്ടിപ്പില്‍ പങ്കാളികളായ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കുമെന്നും സുനില്‍ മേത്ത അറിയിച്ചു. 

ജനുവരി മൂന്നിന് തന്നെ തട്ടിപ്പ് കണ്ടെത്തി. ഉടന്‍ തന്നെ ഏജന്‍സിക്ക് വിവരം കൈമാറുകയും ചെയ്തു. സംഭവിക്കാന്‍ പാടില്ലാത്തതും യാദൃശ്ചികവുമായ സംഭവമാണിതെന്നും മേത്ത വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയിട്ടുണ്ട്. പണം തിരിച്ചു പിടിക്കുന്നതിനുള്ള കാര്യപ്രാപ്തി ബാങ്കിനുണ്ട്. തിരിമറിയുമായി ബന്ധമുള്ള സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ രേഖകളും റെക്കോര്‍ഡുകളും പിടിച്ചെടുത്തിരുന്നു. ബാങ്കുകളുടെ സാമ്പത്തിക താല്‍പര്യം സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും പി.എന്‍.ബി എം.ഡി വ്യക്തമാക്കി.

തട്ടിപ്പില്‍ പങ്കാളികളായ ബംഗളൂരു സ്വദേശി പി.എസ് സുബ്രഹ്മണ്യന്‍, മൈസൂരു സ്വദേശി ഹംസത്ത് നഹ, എം.സി പൊന്നപ്പ, ചെന്നൈ സ്വദേശി ആര്‍. ഭുവനേശ്വരന്‍ എന്നിവരുടെ ആറു കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിട്ടുണ്ട്. സ്ഥിതിഗതികള്‍ കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തുന്നതായും മേത്ത ചൂണ്ടിക്കാട്ടി.

അതേസമയം പ്രശ്നത്തില്‍ ആര്‍ബിഐയും ഇടപെട്ടു. പി‌എന്‍‌ബിയുടെ ഈടില്‍ വായ്പ നല്‍കിയ ബാങ്കുകള്‍ക്ക് പണം തിരികെ നല്‍കണമെന്ന് ആര്‍ബിഐ ആവശ്യപ്പെട്ടു. 11,300 കോടി രൂപയും പി‌എന്‍‌ബി തന്നെ നല്‍കണമെന്നും റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.