നെല്‍കൃഷിയുമായി വിദ്യാര്‍ത്ഥികളുടെ വേറിട്ട പ്രവര്‍ത്തനം

Thursday 15 February 2018 7:57 pm IST

 

പാനൂര്‍: കൃഷിരീതികളെക്കുറിച്ച് പഠിക്കാനും കാര്‍ഷികാനുഭവങ്ങള്‍ മനസ്സിലാക്കാനുമായി നെല്‍കൃഷിയുമായി ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെ വേറിട്ട പ്രവര്‍ത്തനം.

പെരിങ്ങത്തൂര്‍ മൗണ്ട് ഗൈഡ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് പാലത്തായി വയലില്‍ നെല്‍കൃഷി നടത്തിയത്. ആവേശത്തോടെ വിദ്യാര്‍ത്ഥികള്‍ കൊയ്ത്തുല്‍സവവും നടത്തി. കൃഷി എന്തെന്നറിയാത്ത ആറാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് കൃഷിയുടെ ബാലപാഠങ്ങള്‍ തേടി പാലത്തായിലെ വിശാലമായ വയലിലിറങ്ങിയത്. ഒരു പാടത്ത് സ്വന്തം നിലക്ക് പ്രദേശത്തെ കര്‍ഷകനായ തയ്യുള്ളതില്‍ ചന്ദ്രന്റെ സഹായത്തോടെ കൃഷി ഇറക്കുകയായിരുന്നു. ഇടയിലുള്ള അവധി ദിവസങ്ങളില്‍ നെല്‍കൃഷിയെ പരിപാലിക്കാന്‍ വിദ്യാര്‍ത്ഥികള്‍ വയലിലെത്തിയിരുന്നു. കൃഷിയിലൂടെ ഒട്ടനവധി കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ആറാം ക്ലാസിലെ എഴുപതോളം കുട്ടികളാണ് കൃഷി ചെയ്തത്.

കുട്ടിക്കാലത്ത് തന്നെ ജീവിതാനുഭവങ്ങള്‍ അവരെ ബോധ്യപ്പെടുത്താനാണ് നെല്‍കൃഷി നടത്തിയതെന്ന് മൗണ്ട് ഗൈഡ് സ്‌കൂള്‍ എക്‌സിക്യുട്ടീവ് ഡയരക്ടര്‍ കെ.കെ.ഫൈസല്‍ പറഞ്ഞു. മോശമല്ലാത്ത വിളവാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചത്. കൊയ്ത്തുത്സവം പ്രദേശത്തെ ജൈവകര്‍ഷകന്‍ കൂടിയായ പാനൂര്‍ കെകെവി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ റിട്ട. പ്രിന്‍സിപ്പാള്‍ കെ.പി.ശ്രീധരന്‍ നിര്‍വ്വഹിച്ചു. പ്രൊജക്ട് ഡയറക്ടര്‍ കെ.പി.ഗിരീഷ്, പ്രിന്‍സിപ്പാള്‍ ടി.ഷംഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.