ഒരു ഭാഗത്ത് കൊലപാതകവും മറു ഭാഗത്ത് കൊലയാളികള്‍ക്കായി പരസ്യ പിരിവും: സിപിഎം നിലപാടില്‍ പാര്‍ട്ടിക്കുളളിലും പ്രതിഷേധം

Thursday 15 February 2018 7:58 pm IST

 

പാനൂര്‍: ഒരു ഭാഗത്ത് കൊലപാതകവും മറു ഭാഗത്ത് കൊലയാളികള്‍ക്കായി പരസ്യ പിരിവും നടത്തുന്ന സിപിഎം നിലപാടില്‍ പാര്‍ട്ടിക്കുളളിലും കടുത്ത പ്രതിഷേധം. യുഎപിഎ ഡിഫന്‍സ് ഫണ്ട് എന്ന പേരിലാണ് ജില്ലയില്‍ വ്യാപക പിരിവിന് സിപിഎം തീരുമാനമെടുത്തിട്ടുളളത്.

കൊലക്കേസ് പ്രതികള്‍ക്കായി പരസ്യ പിരിവിനിറങ്ങുമ്പോള്‍ തന്നെയാണ് മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് അതിദാരുണമായി സിപിഎം അക്രമികളാല്‍ കൊല ചെയ്യപ്പെട്ടത്. മുസ്ലീം നാമധാരിയായ യുവാവ് കൊല്ലപ്പെട്ടതോടെ എതിര്‍പ്പുമായി നിരവധി പേര്‍ ജില്ലാസെക്രട്ടറി പി.ജയരാജനെ ബന്ധപ്പെട്ടിരുന്നു. എപി സുന്നി പ്രവര്‍ത്തകന്‍ കൂടിയായ ഷുഹൈബിന്റെ കൊലപാതകം പാര്‍ട്ടിയിലെ കപടന്യൂനപക്ഷപ്രേമം പുറത്തു വരുന്നതായി മാറി.

ഒരു വശത്ത് കതിരൂര്‍ മനോജ് വധത്തില്‍ ഉള്‍പ്പെടുത്തിയ യുഎപിഎ നിയമത്തെ പര്‍വ്വതീകരിച്ചാണ് സിപിഎം പിരിവ് നടത്തുന്നത്. യുഎപിഎ നിയമം ന്യൂനപക്ഷങ്ങളെ ഉപദ്രവിക്കുന്നതാണെന്ന നുണപ്രചരണം നടത്തുന്ന സിപിഎം ഈ നിയമത്തെ ഉയര്‍ത്തിക്കാട്ടിയാണ് ഫണ്ട് ശേഖരിക്കുന്നത്. ന്യൂനപക്ഷങ്ങളില്‍ നിന്നും കൂടുതല്‍ ഫണ്ട് കൈക്കലാക്കാമെന്ന ധാരണയും ഇതിനു പിന്നിലുണ്ട്. ഇതിനിടയില്‍ തന്നെ മറുഭാഗത്ത് സിപിഎം ന്യൂനപക്ഷങ്ങളെ കൊന്നു തളളുകയുമാണ്. ഇതാണ് ഫണ്ട് പിരിവിനെതിരെ പാര്‍ട്ടിയില്‍ വിഭാഗീയത രൂക്ഷമാക്കാന്‍ കാരണമായത്. 

കൊലപാതകക്കേസിനായി ഫണ്ട് ശേഖരിക്കുന്നതിനോട് പി.ജയരാജന്‍ ഒഴികെ മിക്ക നേതാക്കള്‍ക്കും വിയോജിപ്പുണ്ടായിരുന്നു. സമ്മേളന കാലമായതിനാല്‍ കലഹമുണ്ടായില്ല എന്നുമാത്രം. ഇതിനിടയില്‍ കൊലപാതകവും നടന്നു. ഇതു പാര്‍ട്ടിക്കെതിരെ സമൂഹത്തില്‍ വലിയ അവമതിപ്പുണ്ടാക്കുമെന്നും ഫണ്ട് ശേഖരണം തല്‍ക്കാലം നിര്‍ത്തി വെക്കണമെന്നുമുളള ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. ഇതിനാല്‍ ഫണ്ട് പിരിവ് രഹസ്യമായി നടത്താനും വ്യാപാരസ്ഥാപനങ്ങളിലെ പിരിവ് വേണ്ടെന്നും ജില്ലാകമ്മറ്റി തീരുമാനമെടുത്തതായും അറിയുന്നു. ഓരോ ബ്രാഞ്ചിനും ഇത്ര തുക പിരിക്കണമെന്ന നിര്‍ദ്ദേശമുണ്ടായിരുന്നു. കോടികളുടെ ഫണ്ട് ശേഖരണമാണ് ഉദ്ദേശിച്ചതെങ്കിലും മട്ടന്നൂര്‍ കൊലപാതകം ജില്ലയില്‍ സിപിഎമ്മില്‍ വന്‍പൊട്ടിത്തെറിക്കാണ് കാരണമായിട്ടുളളത്. എപി വിഭാഗം നേതാക്കള്‍ കൊലയാളികളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയില്ലെങ്കില്‍ പരസ്യപ്രസ്താവന നടത്തുമെന്ന് പി.ജയരാജനെ അറിയിച്ചിട്ടുണ്ട്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.