സംസ്ഥാന ഡ്രാഗണ്‍ ബോട്ട് ചാമ്പ്യന്‍ഷിപ്പ് പയ്യന്നൂര്‍ കുന്നരുവില്‍

Thursday 15 February 2018 7:58 pm IST

 

പയ്യന്നൂര്‍: കണ്ണൂര്‍ ജില്ലാ കനോയിംങ് ആന്റ് കയാക്കിംങ്ങ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന സംസ്ഥാന ഡ്രാഗണ്‍ ബോട്ട് ചാമ്പ്യന്‍ഷിപ്പ് പയ്യന്നൂര്‍ കുന്നരുവില്‍ 24, 25 തിയതികളില്‍ നടക്കും. കുന്നരു കുറുങ്കടവ് പുഴയിലാണ് മത്സരങ്ങള്‍ നടത്തുന്നത്.

പതിനാല് ജില്ലകളില്‍നിന്നായി ഇരുന്നൂറോളം പുരുഷ-വനിതാ താരങ്ങള്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കും. പത്ത് പേര്‍ തുഴയാനും ഡ്രമ്മില്‍ താളമടിക്കാനും ഗതിനിയന്ത്രിക്കാനുമായുള്ള രണ്ടുപേരുള്‍പെടെ പന്ത്രണ്ട് പേരടങ്ങുന്ന ടീമുകളാണ് ഓളപ്പരപ്പില്‍ വിസ്മയം തീര്‍ക്കുന്ന മത്സരത്തിനായി എത്തുന്നത്. 1000 മീറ്റര്‍ 500 മീറ്റര്‍ 200 മീറ്റര്‍ വിഭാഗങ്ങളില്‍ വനിതകളും പുരുഷന്മാരും തനിച്ചുള്ളതും ഒന്നിച്ചുള്ളതുമായ മത്സരങ്ങളാണ് നടക്കുക. കൂടാതെ ഒരാള്‍, രണ്ടാള്‍, നാലാള്‍ വീതം തുഴയുന്ന കയാക്കിംങ് വിഭാഗത്തിലെ പ്രദര്‍ശന തുഴച്ചിലും ഇതോടൊപ്പം നടക്കും. 24ന് രാവിലെ എട്ടിന് ആരംഭിക്കുന്ന മത്സരം 25ന് വൈകുന്നേരം സമാപിക്കും. 

ജലകായികമേള മത്സരങ്ങള്‍ സാധാരണ ഗതിയില്‍ ആലപ്പുഴയിലാണ് നടക്കാറുള്ളതെങ്കിലും വാട്ടര്‍ സ്‌പോര്‍ട്‌സ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ആദ്യമായാണ് കണ്ണൂര്‍ ജില്ലയില്‍ മത്സരം നടക്കുന്നത്. താല്‍പര്യമുള്ള മുപ്പതോളം പേരെ കണ്ടെത്തി അവര്‍ക്ക് ജലകായിക മേളയില്‍ പരിശീലനം നല്‍കാന്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും മുന്നോട്ടു വന്നിട്ടുണ്ട്.ഇ വര്‍ക്കുള്ള പരിശീലനങ്ങള്‍ ഇരുപതിന് ആരംഭിക്കും.

ഡിടിപിസിയുടെ സഹകരണത്തോടെ ടൂറിസം വികസനത്തിന്റെ അനന്തമായ സാധ്യതകള്‍ ഉപയോഗപ്പെടുത്തി കുറുങ്കടവില്‍ പ്രത്യേക പരിശീലന പരിപാടികളും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നടപ്പാക്കുന്നുണ്ട്. മലബാര്‍ മേഖലയില്‍ സുപരിചിതമല്ലാത്ത വാട്ടര്‍ സ്‌പോര്‍ട്‌സ് പരിചയപ്പെടുത്താനും ഇവിടെ നിന്നുള്ള താരങ്ങളെ വളര്‍ത്തിക്കൊണ്ടുവരികയുമാണ് പദ്ധതിയുടെ ലക്ഷ്യം. ചാമ്പ്യന്‍ഷിപ്പിന്റെ നടത്തിപ്പിനായി ഇന്നലെ കുറുങ്കടവിലെ ശ്രീറാം റിവര്‍വ്യൂവില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.കെ.വിനീഷിന്റെ അദ്ധ്യക്ഷതയില്‍ സംഘാടകസമിതി യോഗം ചേര്‍ന്നു.

കനോയിംങ് ആന്റ് കയാക്കിംങ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡി.വിജയകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഈശ്വരി ബാലകൃഷ്ണന്‍, വില്ലേജ് ഓഫീസര്‍ പി.സുധീര്‍ കുമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയസാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് എം.വി.ഗോവിന്ദന്‍ ചെയര്‍മാനായും കെ.വിജീഷ് ജനറല്‍ കണ്‍വീനറായും വിപുലമായ സംഘാടകസമിതിയും രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.