കിരിയാത്ത്

Friday 16 February 2018 2:30 am IST

ശാസ്ത്രീയ നാമം :  andrographis paniculata

സംസ്‌കൃതം : ഹൈമ, ഭൂനിംബ, കടുതിക്ത, മഹാതിക്ത

തമിഴ്: നിലവേപ്പ്

എവിടെകാണാം : ഹിമാലയ സാനുക്കളിലും കര്‍ണ്ണാടക, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലെ വരണ്ടപ്രദേശങ്ങളിലും കാണാം. കേരളത്തില്‍ പാലക്കാട്, ചിന്നാര്‍ എന്നിവിടങ്ങളില്‍ ധാരാളമായി കണ്ടുവരുന്നു. 

പുനരുത്പാദനം : വിത്തില്‍ നിന്നും; തണ്ട് നട്ടും ഉത്പാദിപ്പിക്കാം. 

ഔഷധപ്രയോഗങ്ങള്‍:  കിരിയാത്തിന്റെ ഇല അഞ്ചെണ്ണം, തഴുതാമയുടെ തളിരില അഞ്ചെണ്ണം, പച്ചമഞ്ഞള്‍ ഒരു കഷണം എന്നിവ നന്നായി അരച്ച് ഉരുട്ടി രാവിലെയും അത്താഴശേഷവും കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയും. പ്രമേഹരോഗികള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കാതെ ഈ ഔഷധം തുടര്‍ച്ചയായി ഉപയോഗിക്കരുത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമാം വിധം കുറയും. 

ആടലോടക വേര്, കിരിയാത്ത്, തിപ്പലി ഇവ ഓരോന്നും 20 ഗ്രാം വീതം ഒന്നരലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയാക്കി വറ്റിച്ച് 100 മില്ലി വീതം തേന്‍, കല്‍ക്കണ്ടം ഇവ മേമ്പൊടി ചേര്‍ത്ത് സേവിച്ചാല്‍ വിഷമജ്വരം (ഇടവിട്ടുള്ള പനി, കടുത്ത ശരീരക്ഷീണം, വിശപ്പില്ലായ്മ, രക്തത്തിലെ ഇഎസ്ആര്‍ വളരെ ഉയര്‍ന്നിരിക്കുക) ഇവ ശമിക്കും. കിരിയാത്തും പാടക്കിഴങ്ങും 30 ഗ്രാം വീതം ഒന്നരലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയാക്കി വറ്റിച്ച് 100 മില്ലി വീതം തേന്‍ മേമ്പോടി ചേര്‍ത്ത് ദിവസം രണ്ട് നേരം തുടര്‍ച്ചയായി ഏഴ് ദിവസം സേവിക്കുക. മുലപ്പാലും രക്തവും ശുദ്ധിയാകും. ഇതിലൂടെ മുലപ്പാല്‍ കുടിക്കുന്ന കുട്ടികള്‍ക്കുണ്ടാകുന്ന കരപ്പനും ത്വക് രോഗവും ശമിക്കും. രക്താര്‍ബുദ രോഗികള്‍ക്കുണ്ടാകുന്ന പനി മാറുന്നതിന് കടുക് രോഹിണി, കിരിയാത്ത്, കാട്ടുപടവലം, വേപ്പിന്‍തൊലി, ചിറ്റമൃത്, നെല്ലിക്കത്തൊണ്ട് ഇവ 15 ഗ്രാം വീതം  ഒന്നരലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയാക്കി വറ്റിക്കുക. 100 മില്ലി വീതം തേന്‍ മേമ്പൊടി ചേര്‍ത്ത് രാവിലെ വെറുംവയറ്റിലും രാത്രി അത്താഴശേഷവും സേവിക്കുക. 

വാതത്തിനുള്ള തൈലങ്ങളില്‍ കിരിയാത്ത് ചേര്‍ക്കാറുണ്ട്. 

മൂക്കില്‍ ദശവളരുക, പീനസം ഇവ മാറുന്നതിന് വെളുത്തകീഴാര്‍നെല്ലി വേര്, കൊടകന്‍ സമൂലം, കിരിയാത്ത്, കടുക്‌രോഹിണി, കടുക്കാത്തൊണ്ട്, കാട്ടുതിപ്പലി വേര്, കാട്ടുകൊടിവേര്, വേപ്പിന്‍തൊലി, ചുക്ക്, കുരുമുളക്, തിപ്പലി, ഇരുവേലി ഇവ 10 ഗ്രാം വീതം ഒന്നരലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയാക്കി വറ്റിച്ച് 100 മില്ലി തേന്‍, കല്‍ക്കണ്ടം ഇവ മേമ്പൊടി ചേര്‍ത്ത് സേവിക്കുക.  

9446492774

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.