തുല്യനിന്ദാസ്തുതി

Friday 16 February 2018 2:30 am IST

എന്റെ ഭക്തന്‍ എന്റെ സന്തോഷത്തിനുവേണ്ടി ഞാന്‍ നിര്‍ദ്ദേശിച്ച ഭക്തിയോഗചര്യകള്‍ മാത്രമേ അനുഷ്ഠിക്കുകയുള്ളൂ. എന്റെ കഥകളും നാമങ്ങളും ലീലകളും മാത്രമേ കേള്‍ക്കുകയോ കീര്‍ത്തിക്കുകയോ ചെയ്യുകയുള്ളൂ. എങ്കിലും അത്യന്താധുനികതാവാദികള്‍  ഭക്തനെ നിന്ദിച്ചു സംസാരിക്കുകയും ലേഖനങ്ങള്‍ എഴുതുകയും ചെയ്യും. എന്നാല്‍ ഭക്തന്‍ അവയെ അവഗണിക്കുക തന്നെ ചെയ്യും.

സാത്വികഗുണവാന്മാര്‍ ചിലപ്പോള്‍ എന്റെ ഭക്തന്റെ പ്രവൃത്തികളെയും സംഭാഷണത്തെയും സ്തുതിച്ചും ഉദ്‌ഘോഷിച്ചും പ്രസംഗിച്ചേക്കാനും ഇടയുണ്ട്. ഇത്തരം നിന്ദകളും സ്തുതികളും എന്റെ ഭക്തന്‍ തുല്യമായി കാണുന്നു; അവഗണിക്കുക തന്നെ ചെയ്യുന്നു. കാരണം നിന്ദയും സ്തുതിയും ഭക്തി വര്‍ധനത്തിന് തടസ്സം സൃഷ്ടിക്കുമെന്ന് ഭക്തന് അറിയാം.

 മൗനീ- എന്റെ ഭക്തന്‍ മൗനവ്രതം അനുഷ്ഠിക്കുന്നവനായിരിക്കും. നാവുകൊണ്ട് വാക്കുകള്‍ ഉച്ചരിക്കാതെ ഇരിക്കുക. ഒരക്ഷരംപോലും ഉച്ചരിക്കാതെ ഒരു ദിവസമോ, ഏഴുദിവസമോ മൗനവ്രതം നിഷ്ഠയോടെ അനുഷ്ഠിക്കുന്നവര്‍ പണ്ട് ഉണ്ടായിരുന്നു. ഇക്കാലത്തും ഉണ്ടായിരിക്കാം. പക്ഷേ അവര്‍, തങ്ങളുടെ ആവശ്യങ്ങള്‍ മറ്റുള്ളവരെ അറിയിക്കാന്‍ കൈകള്‍കൊണ്ടു മുദ്ര കാട്ടിയും മുഖഭാവംകൊണ്ടും പ്രയത്‌നിക്കുമത്രേ. സാധിച്ചില്ലെങ്കില്‍ കടലാസ്സില്‍ എഴുതിക്കൊടുക്കുമത്രേ.

എത്രമാത്രം ചെറിയകാര്യമായാലും വാക്കുകള്‍ ഉച്ചരിക്കുന്നതിനു മുന്‍പേ, മനസ്സില്‍ ആ കാര്യം ചിന്തിച്ചിരിക്കും. കൈമുദ്ര കാട്ടുമ്പോഴും എഴുതുമ്പോഴും ആ ചിന്ത മനസ്സില്‍ തീവ്രമായി തന്നെ ഉയരും. മൗനവ്രതത്തിന്റെ ഉദ്ദേശ്യം ഭഗവാനെപ്പറ്റിയോ പരമാര്‍ത്ഥ ഭാവത്തെപ്പറ്റിയോ അല്ലാതെ, വേറെ ഒരു ഭൗതികകാര്യവും മനസ്സില്‍ പൊങ്ങിവരരുത് എന്നാണ്.

''വര്‍ജയേദസദാലാപാന്‍''

(=ഭൗതികമായ ഒരു ആലാപനവും-സംസാരവും ചെയ്യരുത് എന്നാണ് പ്രമാണം) അത്, ഭക്തന് നന്നായറിയാം. അതുകൊണ്ട് എന്നെപ്പറ്റി മാത്രം എന്റെ നാമങ്ങള്‍, ഗീത, ഭാഗവതം മുതലായ ഗ്രന്ഥങ്ങള്‍ മാത്രം, പാരായണം ചെയ്യും, സംസാരിക്കും, മറ്റുകാര്യങ്ങള്‍ മനസ്സില്‍ ചിന്തിക്കുപോലും ചെയ്യില്ല.

അവശ്യ കാര്യങ്ങള്‍ എങ്ങനെ നടക്കുമെന്ന് നോക്കാം

 യേന കേനചിത് സന്തുഷ്ടഃ

ഭക്തന്റെ അവശ്യകാര്യങ്ങള്‍, അവശ്യവസ്തുക്കള്‍ മറ്റുള്ളവര്‍ ഊഹിച്ച് കൊണ്ടുകൊടുക്കും. അതുകൊണ്ട് തൃപ്തനാകും; കൂടുതല്‍ ഒന്നും വേണമെന്നും തോന്നുകയേ ഇല്ല.

 അനികേതഃ

ഭക്തന്മാര്‍ സ്വന്തം ഭവനത്തിലോ, ബന്ധുവീടുകളിലോ താമസിച്ചോ ദിവസങ്ങള്‍ വ്യര്‍ത്ഥമായി തള്ളിനീക്കുകയില്ല. അവര്‍ സഞ്ചാരശീലരാണ്; അവര്‍ നികേതം-ഭവനം-ഉപേക്ഷിച്ചവരാണ്. പക്ഷേ, അവര്‍ ക്ഷേത്രങ്ങളില്‍ രാത്രി കഴിച്ചുകൂട്ടും. അവിടെനിന്ന് കിട്ടുന്ന നിവേദ്യ പ്രസാദം മാത്രം കഴിക്കും. ഗൃഹസ്ഥാശ്രമം സ്വീകരിച്ചവരും എന്റെ ഭക്തന്മാരാണെന്ന് ഉറച്ച ബോധ്യപ്പെട്ടവരുടെയും ഗൃഹങ്ങളിലും താമസിക്കും. അവരുമായും എന്റെ തത്ത്വവും കഥകളും പരസ്പരം ചര്‍ച്ച ചെയ്യും. അങ്ങനെ രാത്രി വ്യര്‍ത്ഥമാക്കാതെ ആനന്ദഭരിതമാക്കും.

''മച്ചിത്താ മദ്ഗതപ്രാണാഃ

ബോധയന്തഃ പരസ്പരം

കഥയന്തശ്ചമാം നിത്യം

തുഷ്യന്തി ച രമന്തി ച'' (10-9)

എന്നിങ്ങനെ അവരുടെ സ്വഭാവത്തെപ്പറ്റി മുന്‍പ് പറഞ്ഞല്ലോ! ആ ഉത്തമഭക്തന്മാരുടെ സഞ്ചാരത്തിന് മറ്റൊരു ഉദ്ദേശ്യം കൂടിയുണ്ട്. എന്റെ പ്രാരംഭ ഭക്തന്മാര്‍ക്ക് വല്ല തടസ്സങ്ങളോ വിഷമങ്ങളോ സംഭവിക്കുകയാണെങ്കില്‍,വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുത്തു അവരെ സഹായിക്കുക. ഉദാഹരണത്തിന്, തപസ്സുചെയ്യാന്‍ വേണ്ടി കാട്ടിലേക്കു പുറപ്പെട്ട ധ്രുവകുമാരന് വേണ്ട ഉപദേശങ്ങള്‍ കൊടുത്തത് സഞ്ചാരശീലനും എന്റെ പ്രിയതമനുമായ ശ്രീനാരദമഹര്‍ഷിയാണെന്ന് ഓര്‍ക്കുക.

സ്ഥിരമതിഃ

 ഉത്തമഭക്തി നേടിയ നരന്‍ ഏതു ദേശത്തായാലും ഏതു സമയത്തും ഏതവസ്ഥയിലും തന്റെ മതി-വ്യവസായാത്മികയായ ബുദ്ധി എന്നില്‍ മാത്രം എന്റെ രൂപ-ഗുണ, സ്വഭാവ ലീലാവതാരാദികളില്‍ ഉറപ്പിച്ചുനിര്‍ത്തും. ഏതു കുതാര്‍ക്കികന്മാര്‍ക്കും പണ്ഡിതന്മാര്‍ക്കും യുക്തിവാദികള്‍ക്കും അവരുടെ ബുദ്ധിക്ക് ഒരു ചലനംപോലും ഉണ്ടാക്കാന്‍ കഴിയില്ല.

മേല്‍പ്പറഞ്ഞ 'അദ്വേഷാ, സര്‍ഭൂതാനാം എന്നു തുടങ്ങി ഈ പത്തൊമ്പതാം ശ്ലോകം ഉള്‍പ്പെടെയുള്ള ശ്ലോകങ്ങളില്‍ പറഞ്ഞ ചര്യകള്‍ പരിശീലിക്കുകയും സ്വന്തം സ്വഭാവമാക്കുകയും ചെയ്ത മനുഷ്യന്‍ ഭക്തിമാനാണ്, എനിക്ക് പ്രിയപ്പെട്ടവനുമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.