നഴ്‌സുമാരുടെ സമരത്തിന് പിന്തുണ ഏറുന്നു

Friday 16 February 2018 1:35 am IST

 

ചേര്‍ത്തല: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെവിഎം ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള നഴ്‌സുമാര്‍ എത്തിയതോടെ ആശുപത്രി പരിസരവും ദേശീയപാതയും ജനസാഗരമായി.

  സംസ്ഥാന സെക്രട്ടറി സുജനപാല്‍ അച്യുതന്‍ ആശുപത്രി പടിക്കല്‍ നിരാഹാര സമരം ആരംഭിച്ചിട്ട് ഏഴ് ദിവസം പിന്നിട്ടു. സമരത്തിന് ഐക്യദാര്‍ഢ്യവുമായി 15000 ത്തോളം നഴ്‌സുമാരാണ് ഇന്നലെ എത്തിയത്. ഇവര്‍ക്ക് പിന്തുണയുമായി രക്ഷിതാക്കളും എത്തിയതോടെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പോലീസിന് ഏറെ ബുദ്ധിമുട്ടി. 

  ഞായറാഴ്ച നടന്ന റോഡ് ഉപരോധത്തില്‍ സമരക്കാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കാന്‍ ശ്രമിച്ചത് ലാത്തിചാര്‍ജ്ജിലാണ് കലാശിച്ചത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ആലപ്പുഴ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലെ എആര്‍ ക്യാമ്പുകളില്‍ നിന്നുള്ള പോലീസ് സേനാംഗങ്ങളെ ചേര്‍ത്തല, ആലപ്പുഴ, ആലപ്പുഴ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് ആശുപത്രിക്ക് മുന്നില്‍ വിന്യസിപ്പിച്ചിരുന്നത്. 

 സമരം ആരംഭിച്ചിട്ട് ഇന്ന് ആറുമാസം പൂര്‍ത്തിയാകും. കഴിഞ്ഞ ഓഗസ്റ്റ് 21 നാണ് അനിശ്ചിതകാല സമരം തുടങ്ങിയത്. ഇനി സമരക്കാരുമായി ചര്‍ച്ചക്കില്ലെന്നാണ് മാനേജ്‌മെന്റ് തീരുമാനം.

   ക്രമസമാധാനം ഉറപ്പാക്കുന്നതിനായി സമരം ഒത്തുതീര്‍പ്പാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തഹസില്‍ദാര്‍ മുഹമ്മദ് ഷെറീഫ്, ഡിവൈഎസ്പി എ.ജി. ലാല്‍ എന്നിവര്‍ ജില്ലാ കളക്ടര്‍ ടി.വി. അനുപമയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.