സപ്തര്‍ഷികള്‍ക്കിടയിലും തര്‍ക്കവിഷയങ്ങളോ?

Friday 16 February 2018 2:30 am IST

വിവാഹച്ചടങ്ങിനായി ശിവനും വിഷ്ണുവും പരാശക്തിയുമെല്ലാം നേരിട്ടെത്തുന്നുണ്ട്. അപ്പോള്‍പിന്നെ അവരെ നേരിട്ടുതന്നെ പൂജിച്ചാല്‍പോരെ. അഗ്നിദേവനെ മധ്യസ്ഥനാക്കി നിര്‍ത്തേണ്ട ആവശ്യമുണ്ടോ? സപ്തര്‍ഷികള്‍ക്കിടയില്‍ ചിലരുടെ അഭിപ്രായമതാണ്.

എന്നാല്‍ ആചാരത്തിനാണ് പ്രാധാന്യമെന്ന് വേറെ ചിലര്‍. ഭക്തിക്കാണ് പ്രാധാന്യമെന്ന് ചിലര്‍ക്കഭിപ്രായമുണ്ട്. ഏതായാലും സമര്‍പ്പണമെത്തണമെന്ന് ചിലര്‍.

നമ്മള്‍ പൊതുക്കാര്യത്തിനുവേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത്. അതുകൊണ്ട് ഇതൊന്നും വിഷയമില്ല. സങ്കുചിതമായ വ്യക്തിതാല്‍പ്പര്യമുണ്ടാകരുതെന്നേയുള്ളൂ എന്ന് ചില മഹര്‍ഷിമാര്‍ പറഞ്ഞപ്പോള്‍ അറിഞ്ഞും അറിയാതെയും എല്ലാവര്‍ക്കും ചില വ്യക്തിതാല്‍പ്പര്യങ്ങളും സ്വാര്‍ത്ഥമോഹങ്ങളുമൊക്കെ വരുമെന്ന് പ്രമുഖ ഋഷിമാര്‍ തീര്‍ത്തും വ്യക്തമാക്കി.

മഹര്‍ഷിമാരായ നമുക്ക് വ്യക്തിതാല്‍പര്യമോ എന്നു ചിലര്‍ക്ക് സംശയം. ദക്ഷിണയ്ക്കുവേണ്ടിയാണ് നമ്മളൊക്കെ വന്നതെന്നല്ലേ അതിനര്‍ത്ഥം. ഇത് ആക്ഷേപമല്ലേ? ഈ ആക്ഷേപത്തിനു കൂട്ടുനില്‍ക്കാന്‍ ഞാനില്ലായെന്ന് ഒരു മഹര്‍ഷി പറഞ്ഞപ്പോള്‍ അവിടെ സംഘര്‍ഷത്തിന്റെ സ്വരം.

ഒരു ഹോമവും പ്രത്യേകമായി ഒഴിവാക്കേണ്ടെന്ന് ഒടുവില്‍ തീരുമാനമെടുത്തപ്പോള്‍ സമാശ്വാസത്തിലൂടെ രംഗം തണുത്തു.

എന്താണ് തര്‍ക്കമെന്നറിയാതെ പര്‍വത രാജന്‍ സപ്തര്‍ഷികളുടെ അടുത്തെത്തി. അവര്‍ സമാധാനപൂര്‍വം തര്‍ക്കവിഷയം അവതരിപ്പിച്ചു.

ആദ്യം ഗണപതിഹോമം നടക്കട്ടെ എന്നായി പര്‍വതരാജന്‍. ഒന്നിനും ഒരു കുറവും വരുത്തരുതെന്ന് ആദ്യമേ വ്യക്തമാക്കിയതാണല്ലോ എന്ന സൂചനയായിരുന്നു പര്‍വത രാജന്റേത്.

ഗണപതിഹോമമാണല്ലോ. നടക്കട്ടെ എന്നായി ചിലര്‍.

ഗണപതിഹോമത്തിനുള്ള നടപടികള്‍ തുടങ്ങി. അപ്പോഴും വിഘ്‌നസൂചനകള്‍ നിമിത്തങ്ങളായി വന്നു. എന്തായിരിക്കും കാരണം.

ഗണപതി ഹോമമാണെങ്കിലും ആദ്യം ഒരു ഗണേശപൂജ വേറെ നടത്തണം. ഇല്ലെങ്കില്‍ വിഘ്‌നവിനായകന്റെ അപ്രീതിയുണ്ടാകുമെന്ന് മഹര്‍ഷിമുഖ്യര്‍ പറഞ്ഞു. അതാണ് ആചാരം. അതങ്ങനെ തന്നെ വേണം എന്ന് നിയോഗം കൂടിവന്നതോടെ ഗണേശ പൂജ നടത്തി. അതോടെയാണ് വിഘ്‌നങ്ങള്‍ മാറി ശുഭസൂചനാ നിമിത്തങ്ങള്‍ പ്രകടമായത്.

വിഷ്ണു നിയോഗിച്ച ലക്ഷ്മീസമാനകളായ സേവികമാര്‍ പലരും അപ്പോഴേക്കും എത്തി. പാര്‍വതീദേവിയെ അണിയിച്ചൊരുക്കാന്‍ തുടങ്ങി. എന്നാല്‍ ചില സേവികമാര്‍ ഭയപ്പെട്ട് ദ്രാവിഡ ദേശത്തുതന്നെ തങ്ങി. മറ്റുള്ള സേവികമാര്‍ വന്ന് പാര്‍വതീ ദേവിയെ ഒരുക്കിയതുകൊണ്ട് അവിടെ വിഘ്‌നങ്ങളെല്ലാം ഒഴിഞ്ഞുമാറി.

ദ്രാവിഡദേശത്തുനിന്നും വരാന്‍ മടിച്ച സേവികമാരുടെ അവസ്ഥയോ? അതും പ്രത്യേകം ചിന്തിക്കേണ്ടതല്ലേ?

9447213643

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.