മാവോവാദി നേതൃത്വത്തില്‍ അഴിച്ചുപണി: പോലീസ് സ്ഥിരീകരിച്ചു

Thursday 15 February 2018 2:16 am IST

 പോലീസിന്റെ പ്രത്യേക അന്വേഷണ വിഭാഗമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 

    കഴിഞ്ഞ നവംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ കര്‍ണ്ണാടകയിലെ കൂര്‍ഗില്‍ ചേര്‍ന്ന് പ്രത്യേക സോണല്‍ യോഗത്തിന് ശേഷമാണ് മാറ്റങ്ങള്‍ നിലവില്‍ വന്നത്. 

       കേരളം, തമിഴ്‌നാട്, കര്‍ണ്ണാടകം എന്നീ സംസ്ഥാനങ്ങളിലെ പ്രവര്‍ത്തകര്‍ യോഗത്തില്‍ പങ്കെടുത്തു. അംഗങ്ങള്‍ക്കിടയിലെ പ്രത്യയശാസ്ത്രപരമായ ഭിന്നത യോഗത്തില്‍ ചര്‍ച്ചയായി. ഇതിനെ തുടര്‍ന്നാണ്  അഴിച്ചുപണിയെന്നാണ് സൂചന. പഴയ സംഘത്തിന്റെ നേതാവായ രജിത അഥവാ സാവിത്രിക്ക് ഇപ്പോള്‍ നാടുകാണി ദളത്തിന്റെ ചുമതലയാണ്. അട്ടപ്പാടിയിലെ ശിരുവാണി ദളം നിലവില്‍ പ്രവര്‍ത്തനരഹിതമാണ്. ഭവാനി ദളത്തിന്റെ ചുമതല രമയ്ക്കാണ്.                

   പ്രത്യേക സോണല്‍ യോഗത്തിന് ശേഷം ഒരുമാസത്തോളം മാവോവാദികള്‍ ഉള്‍വലിഞ്ഞു നില്‍ക്കുകയായിരുന്നു. പിന്നീട് ഡിസംബര്‍ ആദ്യവാരം മുതലാണ് ഇവരുടെ സാന്നിധ്യം പല ഭാഗത്തും കണ്ടുതുടങ്ങിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് ആയുധ ധാരികളായ ഏഴംഗ സംഘം പുതൂര്‍ പഞ്ചായത്തിലെ അബ്ബണ്ണൂര്‍  ഊരിന് സമീപമെത്തിയത്. പോലീസും ഇക്കാര്യം സ്ഥിരീകരിച്ചു. ഭക്ഷണം ശേഖരിക്കാന്‍ ഊരിലേക്ക് വരികയായിരുന്ന ഇവര്‍ ഊരിന് സമീപം ജീപ്പ് കണ്ട് കാട്ടിലേക്ക് ഉള്‍വലിഞ്ഞെന്നാണ് സൂചന.

    ഭവാനി ദളത്തിന്റെ കമാന്‍ഡര്‍ രമ, പ്രവര്‍ത്തകരായ കാര്‍ത്തിക്, ഡാനിഷ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നുവെന്നാണ് സൂചന. ഇതിന് മുന്‍പ് കഴിഞ്ഞ ജനുവരി 26നാണ് മാവോവാദികള്‍ ഊരിലെത്തിയത്. ആനവായ് ഊരിലെത്തിയ ഇവര്‍ ഭക്ഷണം ശേഖരിച്ച് മടങ്ങി പോയി. അട്ടപ്പാടിയിലെ പുതൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.