ആ 20 ലക്ഷം നല്‍കരുത്

Friday 16 February 2018 2:30 am IST

കോഴിക്കോട് ഡിസി ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ നടന്ന സാഹിത്യോത്സവത്തിന്റെ അറിയിപ്പുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തില്‍ കവി സച്ചിദാനന്ദന്‍ പറഞ്ഞതിന്റെ പൊരുള്‍ ഇതായിരുന്നു. ''ബിജെപി-ആര്‍എസ്എസ് പക്ഷത്തിന് ഈ സാഹിത്യോത്സവത്തില്‍ ഒരു വേദിയും നല്‍കില്ല. കേരളത്തില്‍ അവര്‍ പരിഗണിക്കപ്പെടേണ്ട ശക്തിയേയല്ല.''

ഈ വാര്‍ത്ത ചാനലില്‍ കണ്ടപ്പൊഴേ  പ്രതികരിക്കണമെന്നു തോന്നിയതാണ്. എന്നാല്‍ ഡിസി ബുക്‌സ് നടത്തുന്ന പരിപാടിയില്‍ ആരെയെല്ലാം പങ്കടുപ്പിക്കണമെന്ന് തീരുമാനിക്കുന്നത് അവര്‍തന്നെയാണല്ലൊ എന്നതിനാല്‍ മൗനംപാലിച്ചു.

എന്നാല്‍ പിന്നീട് മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞപ്പോഴാണ് 20 ലക്ഷം രൂപ ഈ പരിപാടിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട് എന്ന യാഥാര്‍ത്ഥ്യമറിഞ്ഞത്. മാനദണ്ഡങ്ങള്‍ പ്രകാരം അര്‍ഹതപ്പെട്ടതെങ്കിലും മന്ത്രി പ്രത്യേക താല്‍പ്പര്യമെടുത്ത് ആവശ്യപ്പെട്ടതിനാലാണത്രെ ഇത്രയും വലിയൊരു തുക ഈ സംരംഭത്തിന് അനുവദിച്ചത്.

ബിജെപി നേതാവായ മന്ത്രി, പ്രത്യേക താല്‍പ്പര്യമെടുത്ത്, ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരില്‍നിന്ന് ഫണ്ടനുവദിക്കുന്നു. അങ്ങനെ നടക്കുന്ന പരിപാടിയില്‍ ബിജെപി പക്ഷത്തിന് വേദി നല്‍കില്ലെന്ന് പരസ്യമായി സംഘാടകര്‍ കളിയാക്കുന്നു. മാത്രമല്ല, ക്ഷണിക്കപ്പെട്ട പ്രസംഗകരെല്ലാം ബിജെപി പക്ഷത്തെ അപഹസിക്കാനുംവേദി ഉപയോഗിക്കുന്നു. അസഹിഷ്ണുത എന്ന വാക്കിന് മറ്റൊരു പര്യായപദം ആവശ്യമില്ല തന്നെ.

എന്തായാലും ഈ പദ്ധതിക്കായി പ്രഖ്യാപിച്ച 20 ലക്ഷം രൂപ കേന്ദ്രസര്‍ക്കാര്‍ നല്‍കാന്‍ പാടില്ല. അത് തടഞ്ഞേ പറ്റൂ. അതിന് സത്വര നടപടികള്‍ കൈക്കൊള്ളണമെന്ന് മന്ത്രി അല്‍ഫോന്‍സിനോടും ബിജെപി സംസ്ഥാന നേതൃത്വത്തോടും അപേക്ഷിക്കുന്നു.

രാമചന്ദ്രന്‍ പാണ്ടിക്കാട്,

മഞ്ചേരി

മുത്തലാഖും ഇരട്ടത്താപ്പും

കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച മുസ്ലിം വനിതാ വിവാഹസംരക്ഷണ ബില്ലില്‍ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന വ്യവസ്ഥയുള്ളതുകൊണ്ടാണ്  എതിര്‍ക്കുന്നതെന്ന പ്രതിപക്ഷത്തിന്റെയും ചില സംഘടനകളുടെയും വാദം തീര്‍ത്തും അപഹാസ്യമാണ്. മുത്തലാഖ് ചെയ്യുന്ന പുരുഷനെ ജയിലില്‍ അടയ്ക്കുന്നത് മുസ്ലിം വനിതകളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതല്ലെന്നും മൂന്നുവര്‍ഷം പുരുഷന്‍ ജയിലില്‍ അടക്കപ്പെട്ടാല്‍ ഭാര്യയ്ക്കും കുട്ടികള്‍ക്കും ജീവനാംശം നല്‍കുന്നത് അപ്രായോഗികമാകും എന്നുമാണ് അവരുടെ പക്ഷം. 

മുസ്ലിം പുരുഷന്മാരുടെ നാലുവിവാഹം കഴിക്കാനുള്ള അവകാശത്തില്‍ കൈകടത്താനുള്ള ദുഷ്ടലാക്ക് ഈ ബില്ലിനു പിന്നിലുള്ളതായി ചില മുസ്ലിം സംഘടനകളും ആരോപിക്കുന്നു. 1860-ല്‍ ബ്രിട്ടീഷുകാര്‍ നടപ്പാക്കിയ ഇന്ത്യന്‍  ശിക്ഷാനിയമത്തിലെ 494-ാം വകുപ്പിലേക്ക് ഈ വാദങ്ങള്‍ ഉയര്‍ത്തുന്നവരുടെ ശ്രദ്ധ ക്ഷണിക്കുന്നു. ഭാര്യയോ ഭര്‍ത്താവോ ജീവിച്ചിരിക്കെ വീണ്ടും വിവാഹം കഴിക്കുന്ന ആള്‍ക്ക് ഏഴുവര്‍ഷംവരെ തടവുശിക്ഷ നല്‍കുന്നതിനുള്ള വകുപ്പാണിത്. ഈ വകുപ്പനുസരിച്ച് രണ്ടാമതു വിവാഹം കഴിക്കുന്ന പുരുഷന്‍ തടവിലാകുന്നതോടെ ആദ്യ ഭാര്യയ്ക്കും കുട്ടികള്‍ക്കും എങ്ങനെ ജീവനാംശം നല്‍കും എന്ന ചോദ്യം നാളിതുവരെ ആരും ഉയര്‍ത്തിയിട്ടില്ല. 

ബ്രിട്ടീഷുകാരന്‍ കൊണ്ടുവന്നതും രാജ്യത്ത് നിലനില്‍ക്കുന്നതുമായ ഒരു നിയമവ്യവസ്ഥ മോദി സര്‍ക്കാര്‍ സമാനമായ ഒരു ബില്ലില്‍ ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ക്കുന്നത് ഇരട്ടത്താപ്പും രാഷ്ട്രീയപാപ്പരത്തവുമാണ്. കര്‍ശമായ നിയമവ്യവസ്ഥകള്‍ ഉള്‍പ്പെടുത്തുന്നത് നിയമം ലംഘിക്കുന്നില്ല എന്ന് ഉറപ്പുവരുത്താനാണ്.

അഡ്വ. തോമസ് മാത്യു(റോയി),

തിരുവല്ല

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.