ആരോഗ്യകേരളത്തിലെ തുടരുന്ന ദുരവസ്ഥ

Friday 16 February 2018 2:45 am IST

നിതി ആയോഗിന്റെ റിപ്പോര്‍ട്ടിന്റെപേരില്‍ സംസ്ഥാന സര്‍ക്കാര്‍ ആവേശംകൊള്ളുകയാണ്. ആരോഗ്യരംഗത്ത് കേരളം മികവു പുലര്‍ത്തുന്ന സംസ്ഥാനമാണെന്നതാണ് കാരണം. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരമേറ്റശേഷം ആരോഗ്യരംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ക്കുള്ള അംഗീകാരമായിട്ടാണ് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അവകാശവാദം ഉന്നയിച്ചത്. റിപ്പോര്‍ട്ട് രണ്ടുവര്‍ഷം മുമ്പെത്തെ കണക്കുകള്‍ ആധാരമാക്കിയുള്ളതാണെന്നും, അതിനാല്‍ ബഹുമതി ഉമ്മന്‍ചാണ്ടി സര്‍ക്കാരിനാണെന്നും പ്രതിപക്ഷ നേതാവ് അവകാശപ്പെടുന്നു. ആരോഗ്യ -വിദ്യാഭ്യാസ മേഖലകളില്‍ കേരളത്തിന്റെ മികവ് ആരും കാണാതിരുന്നിട്ടില്ല. അതിനുകാരണം സംസ്ഥാനം ഭരിച്ച സര്‍ക്കാരുകള്‍ മാത്രമല്ല. ശ്രീനാരായണഗുരു ഉള്‍പ്പെടെയുള്ളവരുടെ നവോത്ഥാന പ്രസ്ഥാനങ്ങള്‍, മതം മാറ്റത്തിനായി എത്തിയ വിദേശ മിഷണറിമാരുടെ പ്രവര്‍ത്തനങ്ങള്‍, കച്ചവടക്കണ്ണോടെ സ്ഥാപനം തുടങ്ങിയ സ്വകാര്യ വ്യക്തികള്‍...  ഇവയൊക്കെ ആരോഗ്യ- വിദ്യാഭ്യാസ പുരോഗതിക്ക് കാരണമായിട്ടുണ്ട്. സംസ്ഥാനം രൂപീകൃതമാകുന്നതിനുമുന്‍പുതന്നെ ഈ രംഗങ്ങളില്‍ രാജ്യത്ത് മുന്‍പന്തിയില്‍ തന്നെയായിരുന്നു കേരളം. അതുകൊണ്ടുതന്നെ നിതി ആയോഗ് റിപ്പോര്‍ട്ടിന്റെ പേരില്‍ മുതലെടുപ്പിന് ശ്രമിക്കുന്നത് ശരിയല്ല. 

യഥാര്‍ത്ഥത്തില്‍ കേരളത്തിന്റെ ആരോഗ്യസ്ഥിതി എന്തെന്ന് മറ്റാരെക്കാളും നന്നായി മലയാളികള്‍ക്ക് അറിയാം. കഴിഞ്ഞ രണ്ടുവര്‍ഷമായി ഡെങ്കിപനി പടര്‍ന്നുപിടിച്ചപ്പോള്‍ നിസ്സംഗരായി നോക്കിനിന്ന സര്‍ക്കാരും ആരോഗ്യവകുപ്പും അവരുടെ മനസ്സിലുണ്ട്. മാത്രമല്ല സംസ്ഥാന ആസൂത്രണബോര്‍ഡ് തയ്യാറാക്കിയ റിപ്പോര്‍ട്ടും കേരളത്തിന്റെ സ്ഥിതി വെളിച്ചത്തുകൊണ്ടുവരുന്നു. ക്യാന്‍സര്‍, മാനസികാരോഗ്യം, സാംക്രമികേതര രോഗങ്ങള്‍ എന്നിവയില്‍ കേരളമാണ് രാജ്യത്ത് മുന്നില്‍. ഒരുകാലത്ത് നിയന്ത്രിക്കപ്പെട്ടിരുന്ന ഡെങ്കി, ചിക്കുന്‍ഗുനിയ, എലിപ്പനി, മലമ്പനി, എച്ച്1 എന്‍1 തുടങ്ങിയ രോഗങ്ങള്‍ കേരളത്തില്‍ തിരിച്ചെത്തിയതായി ആസൂത്രണബോര്‍ഡ് സമ്മതിക്കുന്നു. സാംക്രമികേതര രോഗങ്ങള്‍മൂലം മരിക്കുന്നവരുടെ കാര്യത്തില്‍ ദേശീയ ശരാശരിയെക്കാള്‍ (42%) ഏറെ മുന്നിലാണ് കേരളം(52%). മാനസികരോഗികളുടെ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ. മലയാളികളില്‍ 0.4 ശതമാനംപേര്‍ മനോനില തകര്‍ന്നവരാണെന്നുള്ളത് അഭിമാനകരമല്ല. മൂന്നിലൊന്ന് പേര്‍ക്ക് രക്തസമ്മര്‍ദ്ദവും അഞ്ചില്‍ ഒരാള്‍ക്ക് പ്രമേഹവും ഉണ്ടെന്നാണ് കണക്ക്. പ്രതിവര്‍ഷം ഒരുലക്ഷം മലയാളികളാണ് ക്യാന്‍സറിന് ചികില്‍സ തേടുന്നത്. ക്യാന്‍സര്‍ മരണത്തിന്റെ കാര്യത്തിലും ദേശീയ ശരാശരിയെക്കാള്‍ ഏറെ മുന്നിലാണ് കേരളം. 

ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ പണം നീക്കിവയ്ക്കുന്നു എന്നൊക്കെ പറയുമ്പോഴും അത് കാര്യക്ഷമമായി വിനിയോഗിക്കപ്പെടുന്നുണ്ടോയെന്നതും സംശയമാണ്. ഡയാലിസിസ് സെന്ററുകളുടെ ദുരവസ്ഥതന്നെ ഉദാഹരണം. പതിനെട്ട് ജനറലാശുപത്രികളിലും 81 താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് സെന്ററുകള്‍ തുറന്നത് വലിയ നേട്ടമായാണ് സര്‍ക്കാര്‍ അവതരിപ്പിച്ചത്. ഓരോ സെന്ററിനും രണ്ട് കോടിചെലവിടുകയും ചെയ്യുന്നു. എന്നാല്‍ പ്രവര്‍ത്തനമൂലധനമില്ലാത്തതിന്റെപേരില്‍ അവ അടച്ചുപൂട്ടലിന്റെ വക്കിലാണ്.  ഡയാലിസിസ് സെന്റര്‍ മാത്രമല്ല, കോടികള്‍ മുടക്കി മെഡിക്കല്‍ കോളേജ് ആശുപത്രി ഉള്‍പ്പെടെ വാങ്ങിയ അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിക്കാതെ നശിച്ചതിന്റെ വാര്‍ത്തകളും വരുന്നു. 

താഴെത്തട്ടില്‍ ആരോഗ്യപ്രവര്‍ത്തനം നടത്തേണ്ട പ്രാഥിമിക ആരോഗ്യകേന്ദ്രങ്ങളുടെ സ്ഥിതിയും വളരെ മോശമാണ്. സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലായി പ്രതിദിനം അറുപതിനായിരത്തോളം രോഗികള്‍ ചികില്‍സ തേടിയെത്തുന്നുവെന്നാണ് കണക്ക്. ഒരു കേന്ദ്രത്തില്‍ കുറഞ്ഞത് അഞ്ച് ഡോക്ടര്‍മാരെങ്കിലും വേണം. എന്നാല്‍ പകുതിയിലധികം കേന്ദ്രങ്ങളിലും ഒരു ഡോക്ടറാണ് ഇപ്പോള്‍ ഉള്ളത്. രാവിലെ 10 മുതല്‍ വൈകിട്ട് ആറു വരെയാണ് ഒപി സമയം. പ്രാഥമിക പരിശോധനപോലും വേണ്ടവിധം നടത്താന്‍ ഡോക്ടര്‍മാര്‍ക്ക് സമയം കിട്ടാറില്ല. ആരോഗ്യവുമായി ബന്ധപ്പെട്ട സമ്പര്‍ക്കത്തിനും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കേണ്ടതും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെ ഡോക്ടര്‍മാരാണ്. അവര്‍ ഇതിനായി പുറത്തിറങ്ങുമ്പോള്‍ ഡോക്ടറില്ലാത്ത ആരോഗ്യകേന്ദ്രമായിരിക്കും പലയിടത്തും തുറന്നിരിക്കുക. അവകാശവാദങ്ങളല്ല വേണ്ടത്. രോഗമില്ലാത്ത ജനതയെ എങ്ങനെ നിലനിര്‍ത്താം എന്നതിനുള്ള പദ്ധതികളും പ്രവര്‍ത്തനങ്ങളുമാണ് ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.