കടല്‍പ്പായലില്‍ നിന്ന് തൈറോയിഡിനുള്ള മരുന്ന് ഉടന്‍

Friday 16 February 2018 2:19 am IST

കൊച്ചി: കടല്‍പ്പായലില്‍ നിന്ന് നിര്‍മ്മിച്ച തൈറോയിഡിനുള്ള പ്രകൃതിദത്ത ഉല്‍പ്പന്നം കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) ഉടന്‍ പുറത്തിറക്കുമെന്ന് ഡയറക്ടര്‍ ഡോ എ. ഗോപാലകൃഷ്ണന്‍. കടലില്‍ നിന്നുള്ള ഔഷധനിര്‍മാണ പഠനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് സിഎംഎഫ്ആര്‍ഐ നടത്തിയ 21-ദിവസത്തെ വിന്റര്‍ സ്‌കൂള്‍ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കടല്‍പ്പായലില്‍ നിന്ന് യോജിച്ച ബയോആക്ടീവ് സംയുക്തങ്ങള്‍ വേര്‍തിരിച്ചെടുത്ത് നിര്‍മ്മിച്ച ഉല്‍പ്പന്നം ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ അന്തിമഘട്ടത്തിലാണ്. പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതിന് ശേഷം ഉല്‍പ്പന്നം പുറത്തിറക്കുമെന്ന് ഡോ ഗോപാലകൃഷ്ണന്‍ പറഞ്ഞു. നേരത്തെ, കടല്‍പ്പായല്‍, കല്ലുമക്കായ എന്നിവയില്‍ നിന്ന് പ്രമേഹം, സന്ധിവേദന, കൊളസ്ട്രോള്‍ എന്നിവയ്ക്ക് പ്രകൃതിദത്ത ഉല്‍പ്പന്നങ്ങള്‍ സിഎംഎഫ്ആര്‍ഐ വികസിപ്പിച്ചിരുന്നു.  

കടല്‍ ജീവികളില്‍ നിന്ന് കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ സിഎംഎഫ്ആര്‍ഐ പുറത്തിറക്കും. ഭക്ഷ്യപൂരകങ്ങളായി ഉപയോഗിക്കുന്ന ന്യൂട്രാസ്യൂട്ടിക്കലുകള്‍ക്ക് പുറമെ സൗന്ദര്യവര്‍ധക വസ്തുക്കളടക്കമുള്ള പ്രകൃതിദത്ത ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള പഠന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. സിഎംഎഫ്ആര്‍ഐ ഇതിനകം വികസിപ്പിച്ച ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ ആവശ്യക്കാരേറെയാണ്. രാജ്യത്തെ വിവിധ ഗവേഷണ സ്ഥാപനങ്ങളിലെയും സര്‍വകലാശാലകളിലെയും 23 ഗവേഷകര്‍ക്കാണ് സിഎംഎഫ്ആര്‍ഐയുടെ വിന്റര്‍ സ്‌കൂളില്‍ പരിശീലനം നല്‍കിയത്. 

സമാപന സംഗമത്തില്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഫ്റ്റ്) മുന്‍ ഡയറക്ടര്‍ ഡോ ടി.കെ. ശ്രീനിവാസ ഗോപാല്‍ മുഖ്യാതിഥിയായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.