കരിക്കോട്ടക്കരി ടൗണില്‍ വ്യാപാരികളുടെ നേതൃത്വത്തില്‍ സിസിടിവി

Thursday 15 February 2018 9:28 pm IST

 

ഇരിട്ടി: കരിക്കോട്ടക്കരി ടൗണും സിസിടിവി നിരീക്ഷണത്തിലായി. വ്യാപാരി വ്യവസായി ഏകോപന സമിതി കരിക്കോട്ടക്കരി യൂണിറ്റിന്റെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയ സിസിടിവി ക്യാമറ സംവാധാനം ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍ ഉദ്ഘാടനം ചെയ്തു. ടൗണുകളിലും പരിസരങ്ങളിലുമായി എട്ടു കാമറകള്‍ സ്ഥാപിച്ചാണ് കരിക്കോട്ടക്കരി പൊലിസ് സ്റ്റേഷനുമായി ബന്ധിപ്പിച്ചിട്ടുള്ളത്. 

ഇതോടെ ടൗണില്‍ നിന്നുള്ള തത്സമയ ദൃശ്യങ്ങള്‍ സ്‌റ്റേഷനിലെ മോണിറ്ററില്‍ കാണാനും ഗതാഗത നിയമലംഘനം, സാമുഹ്യവിരുദ്ധ ശല്യം, മോഷണം എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളില്‍ തത്സമയം നടപടി സ്വീകരിക്കാനും കഴിയും. 

വ്യാപാരി വ്യവസായി ഏകോപന സമിതി കരിക്കോട്ടക്കരി യൂണിറ്റ് പ്രസിഡന്റ് ജോര്‍ജ് ചേന്നാട്ട് അധ്യക്ഷത വഹിച്ചു. അയ്യന്‍കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷീജ സെബാസ്റ്റ്യന്‍, കരിക്കോട്ടക്കരി സെന്റ് തോമസ് പള്ളി വികാരി ഫാ.ഡോ.തോമസ് ചിറ്റിലപ്പള്ളി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി, അയ്യന്‍കുന്ന് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബീന റോജസ്, പഞ്ചായത്ത് അംഗം എന്‍.പി.ജോസഫ്, കരിക്കോട്ടക്കരി എസ്‌ഐ ടോണി.ജെ.മറ്റം, വി.കെ.സതീശന്‍, ബിജു എളപ്പുങ്കല്‍, ജോളി പന്നിപ്പള്ളില്‍, എന്‍.പി.തോമസ് എന്നിവര്‍ പ്രസംഗിച്ചു.

കരിക്കോട്ടക്കരി പോലീസിന്റെ നേതൃത്വത്തില്‍ അയ്യന്‍കുന്ന് പഞ്ചായത്തിലെ പ്രധാന ടൗണുകള്‍ സുരക്ഷിതമാക്കാന്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് വ്യാപാരികളുടെ സഹകരണത്തോടെ നിരീക്ഷണ ക്യാാമറ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. അങ്ങാടിക്കടവ്, ചരള്‍ ടൗണുകളിലും ഈ സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. വാണിയപ്പാറയില്‍ സ്ഥാപിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന് പുറമെ പോലീസിന്റെ നേതൃത്വത്തില്‍ ശുഭയാത്ര എന്ന പേരില്‍ ഓട്ടോറിക്ഷകള്‍ക്ക് നമ്പറിട്ട് സ്റ്റിക്കര്‍ ഒട്ടിക്കുന്ന സംവിധാനവും നടപ്പില്‍ വരുത്തിയിരുന്നു. ഓട്ടോറിക്ഷ യാത്ര സുരക്ഷിതവും ഭയരഹിതവുമാക്കാന്‍ ലക്ഷ്യമിട്ടുള്ള ശുഭയാത്ര പദ്ധതിയില്‍ കരിക്കോട്ടക്കരി, അങ്ങാടിക്കടവ്, വാണിയപ്പാറ, ചരള്‍, ആനപ്പന്തി എന്നിവിടങ്ങളിലായി ഇരുന്നൂറോളം ഓട്ടോറിക്ഷകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.