രാജശ്രീ മുത്തശ്ശിയായി, മകന്‍ മരിച്ച് രണ്ട് വര്‍ഷത്തിനു ശേഷം

Friday 16 February 2018 2:50 am IST

പൂനെ: അവിവാഹിതനായ മകന്‍ മരിച്ച് രണ്ടുവര്‍ഷത്തിനു ശേഷം ഇരട്ടക്കുട്ടികളുടെ മുത്തശ്ശിയായിരിക്കുകയാണ് പൂനെ സ്വദേശി രാജശ്രീ പാട്ടീല്‍. ഇവര്‍ക്കായി വാടകഗര്‍ഭപാത്രം നല്‍കിയതോ സ്വന്തം ആന്റിയും. 2016ലാണ് രാജശ്രീ പാട്ടീലിന്റെ മകന്‍ പ്രതമേഷ് ബ്രെയിന്‍ ട്യൂമര്‍ വന്ന് മരിച്ചത്.

ജര്‍മനിയില്‍ ഉന്നതപഠനത്തിനായി പോയ മകന് 2013ല്‍ ബ്രെയിന്‍ ട്യൂമറാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് ജര്‍മനിയില്‍ ചികിത്സ നടത്തുന്നതിനിടെ കീമോ തെറാപ്പിക്കുവേണ്ടി തയ്യാറെടുക്കുമ്പോഴാണ് ഡോക്ടര്‍മാര്‍ ബീജം സൂക്ഷിച്ചുവയ്ക്കുന്നതിനെ കുറിച്ച് പറയുന്നത്. തുടര്‍ന്ന് ഇതിനെ കുറിച്ച് മനസിലാക്കിയ പ്രതമേഷ് ബീജം സൂക്ഷിച്ചുവയ്ക്കുവാന്‍ സമ്മതം നല്‍കി. തുടര്‍ന്ന് നാട്ടിലെത്തിയ പ്രതമേഷ് 2016ല്‍ മരിച്ചു. 

മകന്‍ എന്താണ് ചെയ്തതെന്ന ദീര്‍ഘവീക്ഷണം അദ്ധ്യാപിക കൂടിയായ രാജശ്രീ പാട്ടിലിന് ബോധ്യമുണ്ടായിരുന്നു. അക്കാദമിക കാര്യങ്ങളിലും മറ്റുള്ളവയിലും മികച്ച വിദ്യാര്‍ത്ഥിയായിരുന്നു മകനെന്ന് രാജശ്രീ പറയുന്നു. അതുകൊണ്ടു തന്നെ രാജശ്രീയെന്ന അമ്മ മകനെ ആദര്‍ശയോഗ്യനായ മകനെന്ന് വിലയിരുത്തുന്നുണ്ട്. രോഗം പിടിപെട്ട ശേഷവും ഏറ്റവും ഉത്സാഹത്തോടെയാണ് പ്രതമേഷ് അവസാന നിമിഷം വരെയും കഴിഞ്ഞിരുന്നതെന്ന് ഈ അമ്മ ഓര്‍ക്കുന്നു. അതുകൊണ്ടുതന്നെ ജര്‍മ്മനിയില്‍ വച്ച് ബീജം ശീതികരിച്ച് സൂക്ഷിച്ചതും ഏറ്റവും നല്ല കാര്യമായാണ് രാജശ്രീ പറയുന്നത്. 

മകന്റെ മരണശേഷം ജര്‍മനിയില്‍ നിന്നും ബീജം ഇന്ത്യയിലേക്കെത്തിക്കാന്‍ വേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. ശേഷം പൂനെ അഹമ്മദാബാദിലെ സഹ്യാദ്രി ആശുപത്രിയിലെത്തി ഡോക്ടറെ കണ്ട് തന്റെ ആവശ്യമറിയിച്ചു. ഡോ. സുപ്രിയ പൗരാണികാണ് ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ സഹായിച്ചതെന്ന് രാജശ്രീ പറയുന്നു. ബീജത്തിന് യോജിച്ച ഗര്‍ഭപാത്ര ദാതാവിനെ കണ്ടെത്താന്‍ അവര്‍ കാത്തിരുന്നു. ദാതാവ് കുടുംബത്തില്‍ നിന്നു തന്നെയാകാണമെന്നതായിരുന്നു വെല്ലുവിളി.

ദാതാവാകാന്‍ തയ്യാറായിരുന്നെങ്കിലും 49 കാരിയായ രാജശ്രീ ഇതിനായി ഫിറ്റായിരുന്നില്ല. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതമേഷിന്റെ ആന്റിയെ യോജിച്ച ദാതാവായി കണ്ടെത്തുന്നത്. നിറം, ശരീരപ്രകൃതി, മുഖം തുടങ്ങി ഒരുപാട് കാര്യങ്ങള്‍ ഇതിനായി യോജിച്ച് വരേണ്ടിയിരുന്നു. ആന്റിയും ദാതാവാകാന്‍ തയ്യാറായതോടെ നടപടിക്രമങ്ങള്‍ ആരംഭിച്ചു. അണ്ഡവുമായി യോജിപ്പിച്ച് നാല് ഭ്രൂണങ്ങളാണ് ഉണ്ടാക്കിയത്. പൂര്‍ണമായും ആരോഗ്യവതിയായിരുന്ന ആന്റിയുടെ ഗര്‍ഭപാത്രത്തിലേക്ക് കുത്തിവച്ചു. കഴിഞ്ഞ വര്‍ഷം മേയിലാണ് ഇത് നടത്തിയത്. ജൂണില്‍ ഇവര്‍ ഗര്‍ഭിണിയായെന്ന് സ്ഥിരീകരിച്ചു. തുടന്ന സാധാരണ ഗതിയിലുള്ള ചെക്കപ്പുകളും കാര്യങ്ങളും നടത്തി. 12ന് ഇവര്‍ ഇരട്ടക്കുട്ടികള്‍ ജന്മം നല്‍കി. അമ്മയും കുട്ടികളും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.