ദേശീയപാത വികസനം: കുടിയാറക്കലിനെതിരെ കുടില്‍കെട്ടി സമരവുമായി സ്ഥലമുടമകള്‍

Thursday 15 February 2018 9:32 pm IST

 

കണ്ണൂര്‍: ദേശീയ പാത വികസനത്തിന്റ ഭാഗമായി നിര്‍ദ്ദിഷ്ട വളപട്ടണം ചാല ബൈപ്പാസ് ജനവാസകേന്ദ്രമായ അത്താഴക്കുന്ന്, ചിറക്കല്‍ തുരുത്തി പ്രദേശത്തുകൂടി കടന്നുപോകുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാരുടെ നേതൃത്വത്തില്‍ കുടില്‍കെട്ടി സമരം. സ്ഥലം ഏറ്റെടുക്കുന്നുതുമായി ബന്ധപ്പെട്ട് നോട്ടിഫിക്കേഷന്‍ ഇറങ്ങിക്കഴിഞ്ഞു. നിര്‍ദ്ദിഷ്ട പാത യാഥാര്‍ത്ഥ്യമായാല്‍ 35 വീടുകളും ഇരുന്നോറോളം കുടുംബങ്ങളും ഈ മേഖലയില്‍ നിന്നും കുടിയിറക്കപ്പെടേണ്ടിവരും. 

ഇതുകൂടാതെ കുന്ന് ഇടിച്ച് നിരത്തുന്നതുവഴി കടുത്ത പാരിസ്ഥിതിക നാശവും ഉണ്ടാകും. എന്നാല്‍ ഇത്തരം അനിഷ്ട സംഭവങ്ങളൊന്നും ഇല്ലാതെ ദേശീയ പാത ബൈപ്പാസ് റോഡ് നിര്‍മ്മിക്കാന്‍ കഴിയുമെങ്കിലും അധികൃതര്‍ ചില തല്‍പര കക്ഷികളുടെ താല്‍പര്യങ്ങള്‍ക്കു വഴങ്ങി ഒരു ഗ്രാമത്തെ തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

നിര്‍ദ്ദിഷ്ട അലൈന്‍മെന്റ് മാറ്റിയാല്‍ വലിയൊരു വളവ് ഒഴിവാക്കുന്നതോടൊപ്പം പാതയുടെ ദൈര്‍ഘ്യം കുറക്കുവാനും കഴിയും. എന്നാല്‍ ഈ ബദല്‍ അലൈന്‍മെന്റ് സ്വീകരിക്കാന്‍ അധികാരികള്‍ തയ്യാറായിട്ടില്ല. നിലവിലുള്ള ദേശീയ പാത പരമാവധി ഉപയോഗിച്ചുകൊണ്ടും ആവശ്യം വെണ്ടയിടങ്ങളില്‍ എലിവേറ്റഡ് റോഡുകളും ജനവാസം പരമാവധി കുറഞ്ഞിയിടങ്ങളിലൂടെയുള്ള ബൈപ്പാസുകളും നിര്‍മ്മിച്ചുകൊണ്ട് 30 മീറ്റര്‍ വീതിയില്‍ ദേശീയ പാത വികസിപ്പിച്ചാല്‍ ഒട്ടേറെ കുടിയൊഴിപ്പിക്കല്‍ ഒഴിവാക്കാന്‍ കഴിയും. 

ഭൂമി ഏറ്റെടുക്കലിനെതിരെ നാട്ടുകാരുടെ സമരം നിരന്തരമായി തുടര്‍ന്നുവന്നിട്ടും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് കുടില്‍കെട്ടല്‍ സമരവുമായി നാട്ടുകാര്‍ രംഗത്തിറങ്ങിയത്. എന്‍.എച്ച്.ആക്ഷന്‍ കൗണ്‍സിലിന്റെ അത്താഴക്കുന്ന് ചിറക്കല്‍ യൂണിന്റെ ആഭിമുഖ്യത്തിലാണ് സമരം നടക്കുന്നത്. 

വികസനത്തിന്റെ പേരിലുള്ള അന്യായമായ കുടിയൊഴിപ്പിക്കല്‍ അവസാനിപ്പിക്കുക, നിര്‍ദ്ദിഷ്ട അത്താഴക്കുന്ന്-ചിറക്കല്‍തുരുത്തി അലൈന്‍മെന്റ് ഒഴിവാക്കുക, ഒരു വീട് പോലും പോകാത്ത സമീപത്തുള്ള അലൈന്‍മെന്റ് സ്വീകരിക്കുക, 30 മീറ്റര്‍ വീതിയില്‍ സര്‍ക്കാര്‍തന്നെ റോഡ് നിര്‍മ്മിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ ചെയര്‍മാന്‍ ഡോ.ഡി.സുരേന്ദ്രനാഥ് സമരം ഉദ്ഘാടനം ചെയ്തു. കെ.പി.നൗഷാദ് അധ്യക്ഷത വഹിച്ചു. നൗഷാദ് അത്താഴക്കുന്ന്, അനൂപ് ജോണ്‍ എരിമറ്റം, അബുലെയിസ് തേഞ്ഞിപ്പാലം, അഡ്വ.ടി.പി.വി.കാസീം, കെ.കെ.സുരേന്ദ്രന്‍, ടി.ഹംസ, ബി.അബ്ദുള്‍ കരീം തുടങ്ങിയവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.