പാപ്പിനിശ്ശേരിയില്‍ സിപിഎമ്മില്‍ പൊട്ടിത്തെറി: ഒരുവിഭാഗം പാര്‍ട്ടിവിടുന്നു

Thursday 15 February 2018 9:33 pm IST

 

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി വെസ്റ്റിലെ സിപിഎം ലോക്കല്‍ കമ്മറ്റിയിലുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഒരുവിഭാഗം പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നു.  പാപ്പിനിശ്ശേരിയില്‍ ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കേസില്‍ പ്രതികളായവരെ സിപിഎം നേതൃത്വം സഹായിച്ചില്ലെന്ന പരാതിയെ തുടര്‍ന്നാണ് ഒരുവിഭാഗം പാര്‍ട്ടിവിടുന്നത്. 

സിപിഎം സംഘത്തിലെ ചിലര്‍ തന്നെ സിപിഎം നേതാവിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറും ബൈക്കും തീവെച്ച് നശിപ്പിച്ചിരുന്നു. ഇതേ സംഘം ബിജെപി പ്രവര്‍ത്തകന്റെ ബൈക്കും കത്തിച്ചിരുന്നു. ഈ മേഖലയില്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച് പാര്‍ട്ടിയിലെ ചിലരെ ജയിലിലാക്കാനുഉള്ള ശ്രമമാണ് സിപിഎമ്മിലെ ചിലര്‍ പദ്ധതിയിട്ടിരുന്നത്. ഇതിന്റെ പേരില്‍ നിരപരാധിയായ യുവാവ് ജയിലില്‍ കിടക്കേണ്ടിയും വന്നിരുന്നു. സംഭവത്തിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തി ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന് പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടെങ്കിലും നേതൃത്വം ഇത് തള്ളിക്കളഞ്ഞതില്‍ പ്രതിഷേധിച്ചാണ് ഒരുവിഭാഗം പാര്‍ട്ടി പരിപാടികളില്‍ നിന്നും മാറിനിന്നിരുന്നത്.

  ഇത്തരത്തില്‍ മാറിനിന്ന ഏതാനും പേരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതാണ് ഇപ്പോള്‍ ഉള്‍പ്പോര് രൂക്ഷമാകാന്‍ കാരണമാക്കിയത്. പാപ്പിനിശ്ശേരി പോസ്റ്റ് ഓഫീസ് ബ്രാഞ്ചിലെ  പ്രവര്‍ത്തകരാണ് അച്ചടക്ക നടപടിക്ക് വിധേയരായത്. പി.പ്രശാന്തന്‍, കെ.സുമേഷ് എന്നിവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും സിപിഎം നേതാവുമായിരുന്ന പി.പി.ബാലകൃഷ്ണന്റെ മകനും സിപിഎം നേതൃത്വത്തിലുള്ള സാംസ്‌കാരിക സംഘടനയുടെ സെക്രട്ടറിയും ഇടത് അധ്യാപക സംഘടനാ നേതാവുമായ പി.സുധീര്‍ ബാബു, കണ്ണൂര്‍ ഏരിയാ കമ്മറ്റി മെമ്പര്‍ സി.എച്ച്. ബാലകൃഷ്ണന്റെ മകന്‍ ശ്രീജിത്ത്, മുന്‍ ലോക്കല്‍ സെക്രട്ടറി കെ.വി.രമേശന്റെ സഹോദരന്‍ രതീശന്‍ എന്നിവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഏതാനും ചിലര്‍ക്കെതിരെ താക്കീതും നല്‍കിയിട്ടുണ്ട്.  

സിഎച്ച് ബാലകൃഷ്ണന്റെ വീട്ടില്‍ നിര്‍ത്തിയിട്ട മകന്‍ ശ്രീജിത്തിന്റെ വാഹനങ്ങളാണ് സിപിഎം സംഘം തന്നെ തീയിട്ടത്. ഇതേ തുടര്‍ന്ന് ഈ മേഖലയില്‍ പാര്‍ട്ടി അണികള്‍ക്കിടയില്‍ ഉണ്ടായിട്ടുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഏതാനും മാസം മുമ്പ് മറനീക്കി പുറത്തുവന്നിരുന്നു. കഴിഞ്ഞ ബ്രഞ്ച് സമ്മേളനത്തില്‍ ചിലര്‍ പങ്കെടുക്കാതിരിക്കുകയും ചെയ്തത് ഏറെ ചര്‍ച്ചയായിരുന്നു. ഒരു വിഭാഗം മാറിനില്‍ക്കുന്നു എന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് നേതൃത്വം ഇവരുമായി സംസാരിച്ചിരുന്നുവെങ്കിലും  ഇവര്‍വിട്ടുവീഴ്ചക്ക് തയ്യാറായിട്ടില്ല.

പാര്‍ട്ടി ശക്തികേന്ദ്രമായ പാപ്പിനിശ്ശേരിയില്‍ ഇതൊടെ ഒരുവിഭാഗം പാര്‍ട്ടി വിടാനൊരുങ്ങുകയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.