തൂങ്ങി മരിച്ച അദ്ധ്യാപികയുടെ സ്വകാര്യ ഡയറി പോലീസ് കസ്റ്റഡിയില്‍ പ്രതിശ്രുത വധുവിന്റെ ആത്മഹത്യയറിഞ്ഞ് കടലില്‍ ചാടിയ നാവികനെ കണ്ടെത്തിയില്ല

Thursday 15 February 2018 9:34 pm IST

 

തലശ്ശേരി: മാസങ്ങള്‍ക്ക് മുന്‍പ് വിവാഹ മുറപ്പിച്ച പ്രതിശ്രുത വധുവായ അധ്യാപിക സ്വന്തം വീട്ടിനകത്ത് കെട്ടിത്തൂങ്ങി ജീവനൊടുക്കിയ വിവരമറിഞ്ഞ് ജോലി സ്ഥലത്ത് നിന്നും കടലില്‍ ചാടിയ നാവികനെ കണ്ടെത്തിയില്ല. മുഴപ്പിലങ്ങാട് സ്വദേശിയായ യുവാവിനെ കണ്ടെത്താനുള്ള തിരച്ചില്‍ അവസാനിപ്പിച്ചതായാണ് സൂചനകള്‍. 

ഇതിനിടെ ദുരൂഹ സാഹചര്യത്തില്‍ ജീവനൊടുക്കിയ അധ്യാപികയുടെ സ്വകാര്യ ഡയറി ധര്‍മ്മടം പോലീസ് കസ്റ്റഡിയിലെടുത്തു. ധര്‍മ്മടം പോലീസ് സ്റ്റേഷന് സമീപത്തെ സ്‌നേഹ ഗാഥയില്‍ സ്‌നേഹ മാധവന്റെ ഡയറിയാണ് കേസന്വേഷണത്തിന്റെ ഭാഗമായി പോലീസ് കസ്റ്റഡിയിലെടുത്തത്. എന്റെ മരണത്തിന് മറ്റാരും ഉത്തരവാദിയല്ല. ഏട്ടനെ ഉപദ്രവിക്കരുത്. അമ്മയോടും അച്ചനോടും മാപ്പ് ചോദിക്കുന്നു എന്നെഴുതിയ ഏതാനും വരികള്‍ മാത്രമാണ് ഡയറിലുള്ളതെന്നറിയുന്നു. 

ഒരു വര്‍ഷം മുന്‍പെ മുഴപ്പിലങ്ങാട് സ്വദേശിയുമായി സ്‌നേഹയുടെ വിവാഹമുറപ്പിച്ച് മോതിരം കൈമായിയിരുന്നു. ഇതില്‍ പിന്നീട് ഇരുവരും പതിവായി ഫോണില്‍ ബന്ധപ്പെടാറുമുണ്ട്. സ്‌നേഹ വീടിന് പുറത്തെ സൗഹൃദ സല്‍ക്കാരങ്ങളില്‍ പങ്കെടുക്കുന്നത് പ്രതിശ്രുത വരന്‍ വിലക്കിയിരുന്നതായി സൂചനയുണ്ട്. ഇതേത്തുടര്‍ന്ന് ഇരുവരും തമ്മില്‍ ഇടക്കിടെ സൗന്ദര്യപ്പിണക്കങ്ങളുമുണ്ടാവാറുണ്ടത്രെ. 

കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് ധര്‍മ്മടം ഹോളി എയ്ഞ്ചല്‍ സ്‌കൂള്‍ അദ്ധ്യാപികയായ 23 കാരി വീട്ടിലെ കിടപ്പുമുറിയില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കിയത്. രാവിലെ സ്‌കൂള്‍ പ്രധാനാധ്യാപികയെ ഫോണില്‍ വിളിച്ച് ഉച്ചവരെ അവധി വേണമെന്ന് അപേക്ഷിച്ചിരുന്നു. രാവിലെ പതിവ് മൊബൈല്‍ സംസാരത്തിനിടയില്‍ വീണ്ടും വാക്കുകളാല്‍ ഇരുവരും കൊമ്പുകോര്‍ത്തതായി വിവരമുണ്ട്. സ്‌കൂളില്‍ പോവാതിരുന്നതിനാല്‍ പിതാവ് അന്വേഷിച്ചിരുന്നു. താന്‍ സ്‌കൂട്ടറില്‍ കൊണ്ടുവിടാമെന്നു പറഞ്ഞെങ്കിലും സ്‌നേഹ നിരസിച്ചു. ഇതില്‍ പിന്നീടാണ് ആത്മഹത്യ ചെയ്തത്. ജീവനൊടുക്കിയ യുവതിയുടെ ജഡം സംസ്‌കരിക്കാന്‍ കൊണ്ടു പോകുന്ന വഴിയില്‍ പ്രതിശ്രുതവരന്റെ വീട്ടിലും അന്ത്യദര്‍ശനത്തിന് കൊണ്ടുപോയിരുന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.