ചിറക്കടവ് ഗ്രാമപഞ്ചായത്ത് ഓഫീസിലും ബിവറേജ് ഔട്ട്‌ലെറ്റിലും നടന്ന മോഷണം അന്വേഷണം എങ്ങുമെത്തിയില്ല

Friday 16 February 2018 2:00 am IST
പൊന്‍കുന്നം: 2016 സപ്തംബറിലാണ് പൊന്‍കുന്നത്തെ കണ്‍സ്യൂമര്‍ഫെഡ് ഔട്‌ലെറ്റില്‍ നിന്നും മദ്യം വിറ്റ വകയില്‍ ലഭിച്ച 23 ലക്ഷത്തോളം രൂപ മോഷണം പോയത്. ഒന്നര വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ല.

 

പൊന്‍കുന്നം: 2016 സപ്തംബറിലാണ് പൊന്‍കുന്നത്തെ കണ്‍സ്യൂമര്‍ഫെഡ് ഔട്‌ലെറ്റില്‍ നിന്നും മദ്യം വിറ്റ വകയില്‍ ലഭിച്ച 23 ലക്ഷത്തോളം രൂപ മോഷണം പോയത്. ഒന്നര വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. സമാന കാലയളവില്‍ തന്നെ ചിറക്കടവ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും ഫയലുകള്‍ മോഷണം പോയെന്ന് പ്രസിഡന്റും സെക്രട്ടറിയും പൊലീസില്‍ പരാതി നല്‍കിയിരുന്നു. 

ബീവറേജസിലെ മോഷണം അന്വേഷിച്ച് കൊണ്ടിരിക്കുകയാണെന്നും തുമ്പൊന്നും കിട്ടിയില്ലെന്നും പൊലീസ് പറയുന്നു. പഞ്ചായത്തോഫീസില്‍ നടന്ന മോഷണത്തിന്റെ പരാതിയുടെ വിശദ വിവരങ്ങള്‍  അടുത്ത കാലത്ത് വന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അറിയില്ലെന്നാണ് മറുപടി.

ബീവറേജിന്റെ പുറകുവശത്തെ പൂട്ട് പൊളിച്ച് അകത്തു കടന്ന് സേഫ് തകര്‍ത്ത് പണം മോഷ്ടിക്കുകയായിരുന്നു. ഓണക്കാലത്ത് നടന്ന വിറ്റുവരവില്‍ വന്‍തുകയാണ് അന്ന് ലഭിച്ചിരുന്നത്.  ഓണം പ്രമാണിച്ച് തുടര്‍ച്ചയായ ദിവസങ്ങളില്‍ ബാങ്ക് അവധിയായതിനാല്‍ ഔട്ട്‌ലെറ്റിലെ പണം സൂക്ഷിക്കുന്നത് സംബന്ധിച്ച് പോലീസ് രണ്ടു തവണ ഇവര്‍ക്ക് നോട്ടീസ് നല്‍കിയെങ്കിലും ഇവിടെ സെക്യൂരിറ്റി ജീവനക്കാരനെ നിയമിക്കാനോ പണം പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുവാനോ പകരം സംവിധാനം ഏര്‍പ്പെടുത്തുവാനോ ജീവനക്കാര്‍ തയാറായിരുന്നില്ല. ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ ഫോണ്‍ കോളുകളുടെ അടിസ്ഥാനത്തിലും അന്വേഷണം നടത്തിയിരുന്നു. പ്രതികള്‍ തമിഴ് നാട്ടിലേക്കു കടന്നുവെന്ന സൂചനയിലും അന്വേഷണം നടത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അന്ന് ഒന്‍പതു ജീവനക്കാരെ കണ്‍സ്യൂമര്‍ഫെഡ് സസ്പെന്‍ഡ് ചെയ്തു. ജീവനക്കാര്‍ സുരക്ഷയില്‍ വീഴ്ചവരുത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. 

ഫയലുകള്‍ കളവു പോയെന്ന പരാതിയില്‍ ദുരൂഹതയുണ്ടെന്ന് അന്നേ ആക്ഷേപമുണ്ടായിരുന്നു. തുടര്‍ന്ന് പഞ്ചായത്തില്‍ ആവശ്യമായ ഫയലുകളിലെ വിവരങ്ങള്‍ തിരക്കിയാല്‍ അത് കളവുപോയ ഫയലുകളിലാണെന്ന് പറഞ്ഞ് തടിതപ്പുകയാണ് അധികൃതര്‍. പ്രധാനപ്പെട്ട ഫയലുകളാണ് മോഷണം പോയതെങ്കില്‍ പരാതി പൊടി തട്ടിയെടുത്ത് മാറി വരുന്ന പോലീസ് ഉദ്യോഗസ്ഥരെക്കൊണ്ട് തുടരന്വേഷണം നടത്താന്‍ ആവശ്യപ്പെടാത്തതിലും ദുരൂഹതയുണ്ടെന്ന് ആരോപണമുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.