ഒരു അഡാര്‍ ലവ്/ പ്രതികരണങ്ങള്‍

Friday 16 February 2018 2:30 am IST

പ്രദീപ് നായര്‍ 

(ചലച്ചിത്ര സംവിധായകന്‍)

ഗാനം സംബന്ധിച്ച് ഉണ്ടായിരിക്കുന്നത് അനാവശ്യ വിവാദങ്ങളാണ്. വര്‍ഷങ്ങളായി മലബാറിലെ ആളുകള്‍ പാടുന്നതാണെന്ന് സംവിധായകനൊപ്പം ആസ്വാദകരും സാക്ഷ്യപ്പെടുത്തുന്നുണ്ട്. മോശമായ രംഗങ്ങളുമില്ല. പഴയ ഒരു ഗാനത്തെ സിനിമയില്‍ ഉള്‍പ്പെടുത്തുമ്പോള്‍ എങ്ങനെ ചിത്രീകരിക്കണമെന്നുള്ള സ്വാതന്ത്ര്യം സംവിധായകനുണ്ട്. പുതിയ വിവാദങ്ങള്‍ രാജ്യത്തിന്റെ ബഹുസ്വരത നഷ്ടപ്പെടുന്ന രീതിയിലേക്കാണ് നീങ്ങുന്നത്. 

ആവിഷ്‌ക്കാര സ്വാതന്ത്ര്യം നിഷേധിക്കാന്‍ അവകാശമില്ല

രാജീവ് ആലുങ്കല്‍( ഗാനരചയിതാവ്, കവി)

കലാകാരന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യം നിഷേധിക്കുവാന്‍ ആര്‍ക്കും അവകാശമില്ല. യുക്തിഭദ്രമല്ലാതെ അതിനെ തടയാന്‍ ശ്രമിക്കുന്നവര്‍ ആരായാലും അവര്‍ സത്യത്തിന്റെയും ധര്‍മത്തിന്റെയും പക്ഷത്തല്ല. ഒരു വ്യക്തിക്ക് മറ്റ് വ്യക്തികളെയോ മതങ്ങളെയോ വ്രണപ്പെടുത്താനുള്ള അവകാശമില്ലെന്നിരിക്കെ ആശയ പ്രകടനങ്ങള്‍ക്കുള്ള സാധ്യത കൂടി അനുവദിച്ചു കൊടുക്കുന്നതാകണം ജനാധിപധ്യം. ഇതിന് ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോ ഉള്ള വേര്‍തിരിവ് പാടില്ല..

എവിടെ സാംസ്‌കാരിക നായകന്മാര്‍ 

(കെ. ജാമിദബീവി)

ഹിന്ദു പെണ്‍കുട്ടി മാപ്പിളപ്പാട്ടു പാടി സിനിമയില്‍ കണ്ണിറുക്കി കാണിച്ചതിനെതിരെ ഫത്വയും കേസും വധഭീഷണികളും വന്നിരിക്കുന്നു. ആവിഷ്‌കാര-അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി കാഹളം മുഴക്കുന്ന പുരോഗമന രാഷ്ട്രീയ സാഹിത്യകാരന്മാര്‍ വായില്‍ പഴം തിരുകിയിരിക്കുകയാണോ? 1978-ല്‍ ജബ്ബാറിക്ക എഴുതിയ മലബാറിന്റെ മാപ്പിളപ്പാട്ടാണിത്. കേട്ടപാതി കേള്‍ക്കാത്ത പാതി ഐപിസി 295 ചുമത്തി സംവിധായകനും നടിക്കുമെതിരെ കേസ്സെടുത്തിരിക്കുന്നു. പത്മാവതി നിരോധനത്തിനെതിരെ ശബ്ദമുയര്‍ത്തിയ രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും സാഹിത്യകാരന്മാരും ബുദ്ധിജീവികളും എന്തുകൊണ്ടോ ഇപ്പോള്‍ നിശ്ശബ്ദരാണ്. ഇത് അവസരവാദവും ന്യൂനപക്ഷ പ്രീണനവും, മതമൗലികവാദികളുടെ ഭീഷണിക്കു മുമ്പില്‍ മുട്ടു മടക്കുന്നതോ ആണ്.

എതിര്‍ക്കപ്പെടേണ്ടതായി ഒന്നുമില്ല 

(ഹമീദ് ചേന്ദമംഗലൂര്‍)

പാട്ടില്‍ എതിര്‍ക്കപ്പെടേണ്ടതായി ഒന്നുമില്ല. നബിയുടെ ആദ്യഭാര്യ ഖദീജയെ അപമാനിച്ചുവെന്നും  പാട്ട് ഇസ്ലാം മതത്തിനെതിരാണെന്നുമാണ് ചിലരുടെ വാദം. ആദ്യമായി ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട സ്ത്രീയാണ് ഖദീജ. പരിഭ്രാന്തനായ നബിക്ക് ധൈര്യം പകരുന്നത് ഖദീജയാണ്.ഹൈദരബാദിലെ മലയാളമറിയാത്തവരാണ് പാട്ട് നിരോധിക്കണമെന്ന ആവശ്യമുന്നയിച്ചത്. മതം സംയമനമാണ് പകരേണ്ടത്. എടുത്തുചാട്ടമല്ല. ഭരണഘടനയുടെ നാലാം ഭാഗത്ത് 51 എ വകുപ്പ് പൗരന്മാരുടെ കര്‍ത്തവ്യമാണ് ശാസ്ത്രീയ ബോധം വളര്‍ത്തുക എന്ന് വ്യക്തമാക്കുന്നു. എന്നാല്‍ ഐപിസി 295 എ വകുപ്പ് ഇതിനെ ഇല്ലാതാക്കുന്നു.  ഇത് പരസ്പര വിരുദ്ധമാണ്. മതവിശ്വാസത്തിന്റെ മറവില്‍ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നതിനെ എതിര്‍ത്താല്‍ മതവികാരം വ്രണപ്പെടുത്തിയെന്ന് പറഞ്ഞു കേസ്സെടുക്കുകയാണ്. 

ജനാധിപത്യ വിരുദ്ധം

(എംഎന്‍ കാരശ്ശേരി)

ഈ പാട്ടിന് ഏറ്റവും ചുരുങ്ങിയത് 20 കൊല്ലത്തെ പഴക്കമുണ്ട്. പി.എം.എ. ജബ്ബാര്‍ എന്നയാള്‍ എഴുതിയ ഈ പാട്ട് ഉത്തര മലബാറിലെ ഒപ്പനപ്പാട്ടുകളില്‍ ഏറെ പ്രശസ്തിയുള്ളതാണ്. എരഞ്ഞോളി മൂസയെപ്പോലുള്ളവര്‍ പാടി പോപ്പുലറാക്കി. മുഹമ്മദ് നബിയും ഖദീജയും തമ്മിലുള്ള സ്‌നേഹമാണ് ഇതില്‍ പ്രതിപാദിച്ചിരിക്കുന്നത്. ഇസ്ലാമിക ചരിത്രമറിയാവുന്നവരാരും നിഷേധിക്കാത്തതാണിത്. 

ഇതിന്റെ ചിത്രീകരണ രീതിയാണ് വിവാദമായിരിക്കുന്നത്. ചിത്രീകരിച്ച രീതിയെ വിമര്‍ശിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ നീക്കം ചെയ്യണമെന്ന് പറയുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരാണ്. ജനാധിപത്യവിരുദ്ധമാണ്. ഞാന്‍ പറയുന്നത് തെറ്റാണെന്ന് പറയാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ എന്റെ വായ പൊത്തിപ്പിടിക്കാന്‍ ആര്‍ക്കും അധികാരമില്ല. ഹിന്ദുത്വ വാദികളിലും കമ്യൂണിസ്റ്റുകാരിലും ഇസ്ലാമിസ്റ്റുകളിലും ഇത്തരം സമീപനമുണ്ട്. ജനാധിപത്യ വാദികള്‍ക്ക് പറയാനുള്ളത് ഇത്തരം നീക്കങ്ങള്‍ ജനാധിപത്യത്തെ ദുര്‍ബലമാക്കുമെന്നാണ്.

അസഹിഷ്ണുത അനുവദിക്കില്ല  

(മുഖ്യമന്ത്രി പിണറായി വിജയന്‍)

തിരുവനന്തപുരം: അഡാര്‍ ലൗ എന്ന സിനിമയിലെ പാട്ട് വിവാദമായതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ചലച്ചിത്രത്തിലെ 'മാണിക്യ മലരായ പൂവി' എന്ന പാട്ടിനെതിരെയുള്ള ഹൈദരാബാദ് മുസ്ലിം മത മൗലികവാദികളുടെ നടപടി യാദൃച്ഛികമായി കാണാനാകില്ല. സ്വതന്ത്രമായ കലാവിഷ്‌കാരത്തോടും ചിന്തയോടുമുളള അസഹിഷ്ണുതയാണിത്. അസഹിഷ്ണുത ഏതു ഭാഗത്തുനിന്നായാലും അംഗീകരിക്കാന്‍ പറ്റില്ലെന്നും പിണറായി ഫേസ്ബുക് പോസ്റ്റിലൂടെ പ്രതികരിച്ചു.

ഇക്കാര്യത്തില്‍ ഹിന്ദുവര്‍ഗീയവാദികളും മുസ്ലിം വര്‍ഗീയവാദികളും തമ്മില്‍ ഒത്തുകളിക്കുന്നുണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും പിണറായി പറഞ്ഞു.

വിമര്‍ശനം ദൗര്‍ഭാഗ്യകരം 

(കമല്‍, സംവിധായകന്‍)

ഗാനത്തിനെതിരെയുള്ള വിമര്‍ശനം ദൗര്‍ഭാഗ്യകരമെന്ന്  സംവിധായകനും ചലച്ചിത്ര അക്കാഡമി ചെയര്‍മാനുമായ കമല്‍ . കേരളത്തിലെ ഒരു ചിത്രത്തിനെതിരെ ഹൈദരാബാദില്‍ പരാതി ഉണ്ടായത് പ്രശ്‌നത്തിന്റെ വ്യാപ്തി വര്‍ധിക്കുന്നു

ഹൈന്ദവതയുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് സാധാരണ ഇത്തരം അസഹിഷ്ണുത ഉണ്ടായിരുന്നത്.  അങ്ങനെയാണ് ഞാനും ചിന്തിച്ചിരുന്നത്. മറുഭാഗത്തും അതേ സ്ഥിതിയുണ്ടാകുന്നത് ഗൗരവം വര്‍ധിപ്പിക്കുന്നു. സിനിമയ്‌ക്കെതിരെ മാത്രമല്ല സ്വകാര്യ ജീവിതത്തിലേക്കുമുള്ള കൈയേറ്റമായി പാട്ടിനെതിരെയുള്ള അസഹിഷ്ണുതയെ കാണണമെന്നും കമല്‍ വ്യക്തമാക്കി.

ഗാനം കണ്ടിട്ടും കേട്ടിട്ടുമില്ല

(ബാലചന്ദ്രന്‍ വടക്കേടത്ത്)

 'മാണിക്യ മലരായ പൂവി' എന്ന ഗാനം കേട്ടിട്ടും കണ്ടിട്ടുമില്ലെന്ന് സാഹിത്യ നിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത്. താന്‍ കുറച്ചു ദിവസങ്ങളായി കേരളത്തിലുണ്ടായിരുന്നില്ല. അതിനാല്‍, ഗാനം കാണാനോ, കേള്‍ക്കാനോ കഴിഞ്ഞിട്ടില്ല. വിവാദത്തെക്കുറിച്ച് അറിയില്ല. ഗാനത്തിലെ രംഗങ്ങള്‍ മതവികാരത്തെ വ്രണപ്പെടുത്തിയോ എന്നതിനെക്കുറിച്ച് കൂടുതലൊന്നും പറയാനാകില്ലെന്നും വടക്കേടത്ത് വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.