'മാണിക്യ മലരായ പൂവി'; ഗാനത്തിനെതിരെ ഫത്വ

Friday 16 February 2018 2:51 am IST

തൃശൂര്‍: 'ഒരു അഡാര്‍ ലവ്' ചിത്രത്തിലെ വിവാദമായ 'മാണിക്യ മലരായ പൂവി' എന്ന പാട്ടിനെതിരായ നീക്കങ്ങളോട് പ്രതികരിക്കാതെ പ്രിയ പ്രകാശ് വാര്യരും ഒമര്‍ ലുലുവും.

ഗാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഹൈദരാബാദ് സ്വദേശിയും എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് അബ്ദുള്‍ ഉള്‍പ്പെടെയുള്ള സംഘം പരാതി നല്‍കിയിരുന്നു.

മതവികാരം വ്രണപ്പെടുത്തിയെന്നു കാട്ടി, ഐപിസി സെക്ഷന്‍ 255എ വകുപ്പ് പ്രകാരം ഹൈദരാബാദ് പോലീസ് ഒമര്‍ ലുലുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.അതിനിടെ ഹൈദരാബാദിലെ ജാമിയ നിസാമിയ എന്ന ഇസ്ലാം മതപഠന കേന്ദ്രം ഗാനത്തിനെതിരെ ഫത്വ പുറപ്പെടുവിച്ചു.

 മുഹമ്മദ് നബിയെയും  ഭാര്യ ഖദീജ ബീവിയെയും അപകീര്‍ത്തിപ്പെടുത്തുന്ന ഗാനം കാണുകയോ, കേള്‍ക്കുകയോ ചെയ്യരുതെന്നാണ് ഫത്വ.

ഗാനം പരിഭാഷപ്പെടുത്തിയപ്പോള്‍ മുഹമ്മദ് നബിയും ഖദീജ ബീവിയും തമ്മിലുള്ള വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നും ഇത് നബിയെ അപമാനിക്കുന്നതുമാണെന്നുമാണ് പരാതി. 

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പി.എം.എ. ജബ്ബാര്‍ കരൂപ്പടന്ന രചിച്ച് തലശ്ശേരി റഫീക്ക് ഈണമിട്ട ഗാനം 'ഒരു അഡാറ് ലവി'നായി പുനരാവിഷ്‌ക്കരിച്ചത് യുവസംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനും യുവഗായകന്‍ വിനീത് ശ്രീനിവാസനും ചേര്‍ന്ന കൂട്ടുകെട്ടാണ്. ഗാനത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടപ്പോള്‍ ലഭിച്ചത് ആരാധകരുടെ വന്‍ സ്വീകരണം. 

പ്രിയയ്ക്ക് വിലക്ക്, ഉരിയാടാതെ ഒമര്‍

ഗാനരംഗത്തില്‍ അഭിനയിച്ച യുവനടി പ്രിയയ്ക്ക് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ മാധ്യമ വിലക്കേര്‍പ്പെടുത്തി. ഗാനരംഗത്തെ കുറിച്ച് നടിയുടെ പ്രതികരണത്തിനായി നിരന്തരം ബന്ധപ്പെട്ടെങ്കിലും ഇവരുടെ കുടുംബം തയാറായില്ല.  നടിയെ  കാണാനോ, സംസാരിക്കാനോ വീട്ടുകാര്‍ അനുവദിച്ചില്ല.  ഇനി  മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് ചിത്രത്തിന്റെ സംവിധായകന്‍ നടിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കുടുംബാംഗം അറിയിച്ചു. മാധ്യമങ്ങള്‍ക്ക് നടിയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കരുതെന്ന് വീട്ടുകാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് കോളേജധികൃതരും പറഞ്ഞു.

സംവിധായകന്‍ ഒമര്‍ ലുലുവും പ്രതികരിക്കാന്‍ തയാറായില്ല. പലപ്രാവശ്യം ബന്ധപ്പെട്ടെങ്കിലും ഫോണെടുക്കാതെ ഒഴിഞ്ഞു മാറി. തൃശൂര്‍ മുണ്ടൂര്‍ സ്വദേശിയായ ഒമര്‍ ലുലു, നേരത്തെ ഹാപ്പി വെഡിങ്, ചങ്ക്‌സ് എന്നിവ സംവിധാനം ചെയ്തിട്ടുണ്ട്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് പ്രസിദ്ധമായ മാപ്പിളപ്പാട്ട് ചിത്രത്തില്‍ റീമേക്ക് ചെയ്ത് അവതരിപ്പിച്ചിട്ടേയുള്ളൂവെന്നും ഈ ഗാനം ഇപ്പോഴും വിവാഹങ്ങള്‍ക്കും മറ്റു പരിപാടികള്‍ക്കും അവതരിപ്പിക്കുന്നുണ്ടെന്നുമാണ് ഒമറിന്റെ നിലപാട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.