മാനെയുടെ ഹാട്രിക്കില്‍ ലിവര്‍പൂള്‍ ക്വാര്‍ട്ടറിനരികില്‍

Friday 16 February 2018 2:35 am IST

പോര്‍ട്ടോ: സാദിയോ മാനെയുടെ ഹാട്രിക്കല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ടീമായ ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലിനരികില്‍. ആദ്യ പാദ പ്രീക്വാര്‍ട്ടറില്‍ ലിവര്‍പൂള്‍ ഏകപക്ഷീയമായ അഞ്ചുഗോളുകള്‍ക്ക് പോര്‍ട്ടോയെ തോല്‍പ്പിച്ചു.

ഇരുപത്തിയഞ്ചാം മിനിറ്റില്‍ സാദിയോ മാനെയാണ് ലിവര്‍പൂളിന്റെ സ്‌കോറിങ്ങിന് തുടക്കമിട്ടത്. 85-ാം മിനിറ്റില്‍ തന്റെ മൂന്നാം ഗോളും കുറിച്ച് ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ചാമ്പ്യന്‍സ് ലീഗില്‍ ഹാട്രിക്ക് കുറിക്കുന്ന നാലാമത്തെ ലിവര്‍പൂള്‍ താരമാണ് മാനെ.

മാനെ, മുഹമ്മദ് സലാഹ് , റോബര്‍ട്ടോ ഫിര്‍മിനോ എന്നിവരടങ്ങുന്ന ലിവര്‍പൂളിന്റെ മുന്നേറ്റനിര തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. തുടക്കം മുതല്‍ അവര്‍ പോര്‍ട്ടോയുടെ ഗോള്‍ മുഖം വിറപ്പിച്ചു. 25-ാം മിനിറ്റില്‍ മാനെ ആദ്യ ഗോള്‍ കുറിച്ചു. ആദ്യ പകുതിയവസാനിക്കും മുമ്പ് സലാഹും സ്‌കോര്‍ ചെയ്തതോടെ ലിവര്‍പൂള്‍ 2-0 ന് മുന്നിലായി.

ആക്രമണം തുടര്‍ന്ന ലിവര്‍പൂള്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ മാനെയുടെ രണ്ടാം ഗോളില്‍ ലീഡുയര്‍ത്തി. കളിയവസാനിക്കാന്‍ 21 മിനിറ്റ് ശേഷിക്കെ ഫിര്‍മിനോ നാലാം ഗോളും നേടി. 85-ാം മിനിറ്റില്‍ മാനെ ഗോള്‍ നേടിയതോടെ ലിവര്‍പൂള്‍ 5-0 ന് ജയിച്ചുകയറി.

ഒമ്പതു വര്‍ഷത്തിനുശേഷം ഇതാദ്യമായി പ്രീക്വാര്‍ട്ടറില്‍ മത്സരിക്കുന്ന ലിവര്‍പൂള്‍ ക്വാര്‍ട്ടറില്‍ കടക്കുമെന്ന് ഏതാണ്ടുറപ്പായി. രണ്ടാം പാദത്തില്‍ ആറു ഗോള്‍ വ്യത്യാസത്തില്‍ തോറ്റാലെ അവര്‍ പുറത്താകൂ.

 രണ്ടാം പാദ മത്സരം മാര്‍ച്ച് ആറിന് അന്‍ഫീല്‍ഡില്‍ അരങ്ങേറും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.