റൊണാള്‍ഡോ മിന്നി; റയലിന് ജയം

Friday 16 February 2018 2:45 am IST

മാഡിഡ്: സ്റ്റാര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോളിന്റെ മികവില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് വിജയം. ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യ പാദ പ്രീക്വാര്‍ട്ടറില്‍ ബ്രസീലിയന്‍ സ്‌ട്രൈക്കര്‍  നെയ്്മറുടെ നേതൃത്വത്തിലിറങ്ങിയ പാരീസ് സെന്റ് ജെര്‍മെയിന്‍സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് റയല്‍ മാഡ്രിഡ് മുക്കി.

തുടക്കത്തില്‍ ഗോള്‍ വഴങ്ങി പിന്നാക്കം പോയ റയല്‍ ശക്തമായ പോരാട്ടത്തിലാണ് വിജയം പിടിച്ചത്. 45, 83 മിനറ്റുകളിലാണ് റൊണാള്‍ഡോ ഗോള്‍ നേടിയത്. ഇതോടെ ചാമ്പ്യന്‍സ് ലീഗില്‍ ഒരു ടീമിനായി നൂറ് ഗോള്‍ നേടുന്ന ആദ്യ കളിക്കാരനെന്ന റെക്കോഡ് റൊണാള്‍ഡോയ്ക്ക് സ്വന്തമായി.

മാഴ്‌സെലോയാണ് റയലിന്റെ മൂന്നാം ഗോള്‍ കുറിച്ചത്.

കഴിഞ്ഞ നാലുവര്‍ഷത്തില്‍ മൂന്ന് തവണയും ചാമ്പ്യന്‍സ് ലീഗ് കിരീടം ശിരസിലേറ്റിയ റയലാണ് തുടക്കത്തില്‍ തകര്‍ത്തുകളിച്ചത്. പക്ഷെ മത്സരഗതിക്കെതിരെ റയലിന്റെ വലയില്‍ പന്തു കുരുങ്ങി. 33-ാം മിനിറ്റില്‍ റാബിയോറ്റാണ് പിഎസ്ജിയെ മുന്നിലെത്തിച്ചത്്.

ഗോള്‍ വീണതോടെ പോരാട്ടം മുറുക്കിയ റയല്‍ ഇടവേളയ്ക്ക് ഒരുമിനിറ്റ് ശേഷിക്കെ ഗോള്‍ മടക്കി സമനില പിടിച്ചു. ബോക്‌സിനകത്ത് ടോണി ക്രൂസിനെ പിഎസ്ജി താരം ജിയോവനി ലോ സെല്‍സോ വീഴ്ത്തിയതിന് റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത റൊണാള്‍ഡോ ഗോളിയെ കീഴടക്കി- ചാമ്പ്യന്‍ ലീഗില്‍ റൊണാള്‍ഡോയുടെ നൂറാം ഗോള്‍ പിറന്നു്.

രണ്ടാം പകുതിയില്‍ ലീഡ് നേടാന്‍ പിഎസ്ജിക്ക് അവസരം കൈവന്നതാണ് .പക്ഷെ അവരുടെ മധ്യനിരതാരം ഡാനി അല്‍വെസിന് അവസരം മുതലാക്കാനായില്ല. യൂറി അളന്ന് മുറിച്ചു നല്‍കിയ ക്രോസ് ഗോളിലേക്ക് തിരിച്ചുവിടുന്നതില്‍ ഡാനി പരാജയപ്പെട്ടു.

അവസാന നിമിഷങ്ങളില്‍ പിഎസ്ജിയുടെ പ്രതിരോധം പാടെ തകര്‍ന്നു. അവസരം മുതലാക്കിയ റെണാള്‍ഡോ 83-ാം മിനിറ്റില്‍ രണ്ടാം ഗോളിലൂടെ റയലിന്റെ ലീഡ് 2-1 ആക്കി. മൂന്ന്് മിനിറ്റിനുള്ളില്‍ മാഴ്‌സലോയും ലക്ഷ്യം കണ്ടതോടെ റയലിന് വിജയം ഉറപ്പായി. 

റയല്‍ മാഡ്രിഡ് - പിഎസ്ജി രണ്ടാം പാദ മത്സരം മാര്‍ച്ച് ആറിന് പാരീസില്‍ അരങ്ങേറും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.