സ്വയംസേവകര്‍ രക്തം നല്‍കുമ്പോള്‍ ജിഹാദികള്‍ രക്തം ഊറ്റിക്കുടിക്കുന്നു: തിമിളിസെ സൗന്ദരരാജന്‍

Friday 16 February 2018 2:30 am IST

കണ്ണൂര്‍: സ്വയംസേവകര്‍ മറ്റുള്ളവന്റെ ജീവന്‍ രക്ഷിക്കാന്‍ രക്തം നല്‍കുമ്പോള്‍ ജിഹാദി ഭീകരര്‍ മനുഷ്യ രക്തം ഊറ്റിക്കുടിക്കുകയാണെന്ന് ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷ തമിളിസെ സൗന്ദരരാജന്‍. പോപ്പുലര്‍ ഫ്രണ്ട് സംഘം വെട്ടിക്കൊലപ്പെടുത്തിയ കണ്ണവത്തെ എബിവിപി പ്രവര്‍ത്തകന്‍ ശ്യാംപ്രസാദ് വധക്കേസ് എന്‍ഐഎ അന്വേഷിക്കുക, പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മഹിളാമോര്‍ച്ച കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. 

ഭീകരവാദത്തിനെതിരെ എല്ലാവരും ഒന്നിച്ച് നില്‍ക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. ധര്‍മ്മത്തിന്റെ ഭാഗത്ത് നിന്ന് പ്രവര്‍ത്തിച്ചതിനാണ് ശ്യാംപ്രസാദിനെ മതഭീകരവാദികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. ഹിന്ദു ഐക്യവേദി നേതാവ് അശ്വിനികുമാര്‍, എബിവിപി പ്രവര്‍ത്തകന്‍ സച്ചിന്‍ ഗോപാല്‍ എന്നിവരെ കൊലപ്പെടുത്തിയതും ഇതേ മതഭീകരവാദികളാണ്. ഇനി ഇത്തരം കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതോടൊപ്പം ഇവരുടെ കുടുംബങ്ങള്‍ക്ക് നീതി ലഭിക്കുകയും വേണം. 

കനകമലയില്‍ തീവ്രവാദികളെ അറസ്റ്റ് ചെയ്തത് കേന്ദ്ര ഏജന്‍സിയാണ്. ഈ സമയത്ത് കേരളാ പോലീസ് ഇവിടെ എന്തായിരുന്നു ചെയ്തത്. പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടനയില്‍ പോപ്പുലറായോ ഫ്രണ്ടായോ ഒന്നുമില്ല. കേരളം ഭരിക്കുന്ന ഇടതുസര്‍ക്കാര്‍ സ്വീകരിക്കുന്ന ഇരട്ടത്താപ്പാണ് ഇത്തരം ജിഹാദി കൊലകള്‍ ആവര്‍ത്തിക്കാന്‍ കാരണം. 

തമിഴ്‌നാട്ടില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും ഒന്നിച്ചാണ് നില്‍ക്കുന്നത്. എന്നാല്‍ കേരളത്തില്‍ അവര്‍ പരസ്പരം പോരടിക്കുന്നു. കേരളത്തില്‍ ജിഹാദി ഭീകരതപോലെ തന്നെ ഗൗരവമുള്ളതാണ് ചുവപ്പ് ഭീകരതയും. കതിരു കൊയ്യേണ്ട അരിവാള്‍ കൊണ്ട് കഴുത്തറുക്കുകയാണ് കേരളത്തില്‍ സിപിഎം ചെയ്യുന്നത്. കേരളത്തിലെ വികസനപിന്നോക്കാവസ്ഥയ്ക്ക് കാരണം സിപിഎം ഭരണമാണ്. കേരളം മുഴുവന്‍ കാവിക്കൊടി പാറുന്ന കാലം വിദൂരമല്ലെന്നും ചുവപ്പന്‍ ജിഹാദി ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ബിജെപി ഒറ്റക്കെട്ടായി പിന്‍തുണ നല്‍കുമെന്നും തമിളിസെ സൗന്ദരരാജന്‍ പറഞ്ഞു. 

മഹിളാ മോര്‍ച്ച ജില്ലാ അധ്യക്ഷ എന്‍.രതി അധ്യക്ഷത വഹിച്ചു. മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ രേണു സുരേഷ്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ടി.ജ്യോതി സ്വാഗതവും സ്മിത ചന്ദ്രബാബു നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.